Sections

ഭക്ഷ്യ എണ്ണയ്ക്ക് ഒരാഴ്ചയ്ക്കകം വില കുറയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം | Edible oil price will decrease

Thursday, Jul 07, 2022
Reported By admin
oil

ആഗോള തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷ്യ എണ്ണയുടെ വിലയില്‍ ഗണ്യമായ തോതില്‍ കുറവുണ്ട്


ഭക്ഷ്യ എണ്ണകളുടെ വില കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വില ഒരാഴ്ച്ചയ്ക്കകം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ നിന്നും ഒരു പരിധി വരെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഭക്ഷ്യ എണ്ണകളുടെ വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ എണ്ണ ഉല്പാദക കമ്പനികള്‍ക്കും, മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകള്‍ക്ക് ഒരു ലിറ്ററിന് 10 രൂപ വരെ കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഒരാഴ്ച്ചയ്ക്കകം ഇത് നടപ്പില്‍ വരുത്തണം.

ആഗോള തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷ്യ എണ്ണയുടെ വിലയില്‍ ഗണ്യമായ തോതില്‍ കുറവുണ്ട്. ഒരു വര്‍ഷത്തിലെ കണക്കു പ്രകാരം ഇന്ത്യ ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 56 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ത്തന്നെ അന്താരാഷ്ട്ര വിപണികളിലെ ചെറിയ ഒരു കുറവു പോലും പ്രാദേശിക മാര്‍ക്കറ്റില്‍ പ്രതിഫലിക്കേണ്ടതാണ്.

ഭക്ഷ്യ എണ്ണക്കമ്പനികളുടെ അസോസിയേഷനുമായും, രാജ്യത്തെ പ്രധാന നിര്‍മാതാക്കളുമായും കേന്ദ്ര ഫുഡ് സെക്രട്ടറി യോഗം ചേര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അവതരണം തന്നെ നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ നിര്‍ദേശം. കഴിഞ്ഞ ഒരാഴ്ച കൊണ്ടു മാത്രം ആഗോള വിപണിയില്‍ 10 ശതമാനത്തിന്റെ കുറവാണ് ഭക്ഷ്യ എണ്ണയിലുണ്ടായത്. ഇതിന്റെ ഗുണഫലം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഇപ്പോഴത്തെ എംആര്‍പി കുറയ്ക്കാനുള്ള നിര്‍ദേശം.

ഭക്ഷ്യ എണ്ണകളുടെ പ്രധാന ഉല്പാദകരായ അദാനി വില്‍മര്‍, രുചി സോയ എന്നീ കമ്പനികള്‍ വില നിലവാരം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അടുത്ത 7 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ പുനര്‍ നിര്‍ണയിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒരേ ബ്രാന്‍ഡിലുള്ള ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ക്ക് രാജ്യമെങ്ങും ഒരേ വിലയായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.