- Trending Now:
2030 ഓടേ ഇന്ത്യയുടെ കയറ്റുമതി രണ്ടുലക്ഷം കോടി ഡോളറായി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിദേശ വ്യാപാര നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇൻസെന്റീവുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഇളവുകളും അർഹതയെ അടിസ്ഥാനമാക്കി മറ്റു ആനുകൂല്യങ്ങളും നൽകി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും എന്നതാണ് പുതിയ നയം പറഞ്ഞുവെയ്ക്കുന്നത്.
2030 ഓടേ, ഇ- കോമേഴ്സ് കയറ്റുമതി വർധിപ്പിക്കാനും പദ്ധതിയുണ്ട്. ഏഴുവർഷം കൊണ്ട് 30,000 കോടി ഡോളറായി ഇ-കോമേഴ്സ് കയറ്റുമതി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.അഞ്ചുവർഷം കൂടുമ്പോൾ വിദേശ വ്യാപാര നയം പ്രഖ്യാപിക്കുന്നതാണ് പതിവ്. ഇതിൽ നിന്ന് വ്യത്യസ്തമായി ആവശ്യം വരുന്ന ഘട്ടത്തിലെല്ലാം പുതിയ പരിഷ്കാരം കൊണ്ടുവരാൻ കഴിയുന്ന തരത്തിലാണ് വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ആണ് ഇത് പ്രകാശനം ചെയ്തത്. ഏപ്രിൽ ഒന്നിന് പുതിയ നയം പ്രാബല്യത്തിൽ വരും.
ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ കയറ്റുമതി 76000- 77000 കോടി ഡോളറിൽ എത്തുമെന്ന് ഫോറിൻ ട്രേഡ് ഡയറക്ടർ ജനറൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 67600 കോടി ഡോളറായിരുന്നു. കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച നാലു നഗരങ്ങളെ കൂടി കണ്ടെത്തി. ഫരീദാബാദ്, മൊറാദാബാദ്, മിർസാപൂർ, വാരാണസി എന്നിവയാണ് നാലുനഗരങ്ങൾ. നിലവിലെ ടൗൺ ഓഫ് എക്സ്പോർട്ട് എക്സലൻസ് പട്ടികയിലുള്ള 39 നഗരങ്ങൾക്ക് പുറമേയാണ് ഈ നഗരങ്ങൾ കൂടി ഇടംപിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.