- Trending Now:
സംസ്ഥാന കോസ്റ്റൽ ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ(കെ.എസ്.ഐ.എൻ.സി) പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ഐ.എൻ.സി നിർമ്മിച്ച പൊസൈഡൺ ഓയിൽ ടാങ്കർ ബാർജിന്റെയും ലക്ഷ്മി ആസിഡ് ബാർജിന്റെയും പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകൾക്ക് ഇന്ധന വിതരണത്തിനും വ്യവസായ സ്ഥാപനങ്ങൾക്ക് ജലമാർഗം ഇന്ധനമെത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബാർജുകളാണ് ഇന്ന് പ്രവർത്തന സജ്ജമായിരിക്കുന്നത്. ഇവയുടെ നിർമാണ പ്രക്രിയയിൽ ഭാഗമായവർക്കും അതിന് വേണ്ടി പരിശ്രമിച്ചവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
12.32 കോടി രൂപ സർക്കാർ വിഹിതവും 3.02 കോടി രൂപ കമ്പനിയുടെ തനതു ഫണ്ടും ഉപയോഗിച്ച് ഗോവ വിജയ് മറൈൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച 1400 മെട്രിക് ടൺ ശേഷിയുള്ള ഓയിൽ ടാങ്കർ ബാർജാണ് പൊസൈഡൺ. നിശ്ചയിച്ച സമയത്തിൽ നിർമാണം പൂർത്തിയാക്കാനും പരിശോധനകൾ നടത്തി പ്രവർത്തന സജ്ജമാക്കാനും കഴിഞ്ഞത് അഭിനന്ദനാർഹമായ നേട്ടമാണ്.
വ്യവസായ ശാലകൾക്ക് ആസിഡ് സുരക്ഷിതമായി വിതരണം ചെയ്യാനായി മൂന്ന് കോടി രൂപ സർക്കാർ വിഹിതവും 1.50 കോടി രൂപ കമ്പനിയുടെ തനതു ഫണ്ടും ഉപയോഗിച്ച് കെ.എസ്.ഐ.എൻ.സി.യുടെ തോപ്പുംപടിയിലുള്ള സ്വന്തം യാർഡിൽ നിർമ്മിച്ച 300 മെട്രിക് ടൺ ശേഷിയുള്ള ആസിഡ് ബാർജാണ് ലക്ഷ്മി. ആദ്യ ഘട്ടത്തിൽ ഫാക്ടിലേക്കായിരിക്കും (എഫ്.എ.സി.ടി) ജലമാർഗം ആസിഡ് വിതരണം നടത്തുക. തുടർന്ന് മറ്റിടങ്ങളിലേക്ക് കൂടി വിതരണം വ്യാപിപ്പിക്കും.
കെ.എസ്.ഐ.എൻ.സി ആദ്യമായല്ല ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വിവിധ ബാർജുകൾ, സോളാർ ബോട്ടുകൾ തുടങ്ങിയവ നിർമിച്ച് മുൻ കാലങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് ഇന്ന് പ്രവർത്തന സജ്ജമായ രണ്ടു ബാർജുകൾ. കോർപ്പറേഷന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകി വരുന്നുണ്ട്. ഇനിയും അത് തുടരും. നഷ്ടത്തിൽ പോയി കൊണ്ടിരുന്ന കോർപറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച ലാഭമാണ് നേടിയത്. ഇനിയും മുന്നേറ്റങ്ങൾ നടത്താൻ കെ.എസ്.ഐ.എൻ.സിക്ക് സാധിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
പൊസൈഡൺ ബാർജ് നിർമാണത്തിൽ മുഖ്യ പങ്ക് വഹിച്ച ഗോവ ആസ്ഥാനമായുള്ള വിജയ് മറൈൻ സർവീസസ് ഷിപ്പ് യാർഡിന്റെ മാനേജിങ് ഡയറക്ടർ സൂരജ് ഖിലാനി, ലക്ഷ്മി ബാർജ് നിർമാണ നിർവഹണം നടത്തിയ കൃഷ്ണ മറൈൻ കമ്പനിയുടെ മാനേജിങ് പാർട്ണർ അനന്ത കൃഷ്ണൻ എന്നിവർക്ക് ചടങ്ങിൽ മുഖ്യമന്ത്രി പ്രത്യേക ഉപഹാരം കൈമാറി.
ബോൾഗാട്ടി ഐ.ഡബ്ല്യു.എ.ഐ റോറോ ജെട്ടിയിൽ നടന്ന ചടങ്ങിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ കെ. എൻ. ഉണ്ണികൃഷ്ണൻ, കെ. ജെ. മാക്സി, ടി.ജെ. വിനോദ്, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെൽമ ഹൈസന്റ്, വാർഡ് മെമ്പർ നിക്കോളാസ് ഡിക്കോത്ത്, കെ.എസ്.ഐ.എൻ.സി ചെയർമാൻ കെ. ടി. ചാക്കോ, മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജ, മറ്റു ജനപ്രതിനിധികൾ, തൊഴിലാളി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.