Sections

ഓണത്തിന് കയര്‍മേഖലയില്‍ 52.86 കോടി രൂപ  സര്‍ക്കാര്‍ ചെലവഴിക്കുന്നു

Saturday, Aug 07, 2021
Reported By Admin
coir


 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഭൂവസ്ത്രങ്ങള്‍ വില്‍ക്കാന്‍ 120 കോടി രൂപയുടെ കരാര്‍ ഏറ്റെടുത്തു
 • കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുവഴി 2 മാസത്തെ ക്ഷേമപെന്‍ഷന്‍
 


ആലപ്പുഴ: കയര്‍ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച രണ്ടാം പുനഃസംഘടന വലിയ ഉണര്‍വാണ് ഉണ്ടാക്കിയതെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് അത് പൂര്‍ത്തിയാക്കുമെന്നും വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കയര്‍ മേഖലയിലെ വികസന ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം ചുങ്കം കയര്‍മെഷീനറി ഫാക്ടറി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


കേരളത്തില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന തൊണ്ടിന്റെ ഉപയോഗം  18ശതമാനമായി ഉയര്‍ന്നു. നമുക്കാവശ്യമുള്ള ചകിരിയുടെ 35% ഇപ്പോള്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നു. ഇത് 45% ആക്കി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-16 ല്‍ 7000 ടണ്‍ മാത്രമായിരുന്നു കയര്‍ ഉല്‍പ്പാദനം. ഇപ്പോള്‍ 25,000 ടണ്ണിലേക്ക് അത് വര്‍ധിച്ചു. ഇത് 30,000 ടണ്ണിലേക്ക് എത്തിക്കും. 2015-16 കാലത്ത് 11 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കയര്‍മേഖലയില്‍ 53.91 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നുണ്ട്. ഉല്‍പ്പാദന മേഖലയില്‍ 83 ശതമാനത്തിന്റെ  വര്‍ധനവ് നേടാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 


ഭൂവസ്ത്ര വില്‍പ്പനയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി 120 കോടി രൂപയുടെ കരാര്‍ ഏറ്റെടുത്തു കഴിഞ്ഞു. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളുമായി  ബന്ധിപ്പിച്ചാണ് ഇത് മുന്നോട്ടുപോകുക. കയര്‍ഫെഡ് സംഭരണത്തിന് കയറു വില മുഴുവന്‍ ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീര്‍ക്കാന്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തെ അഞ്ചു കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഉല്‍പ്പന്ന സംഭരണത്തിന് കയര്‍ കോര്‍പ്പറേഷന് 15 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കയറുപിരി സംഘങ്ങള്‍ക്ക് പ്രൊഡക്ഷന്‍ ഇന്‍ സെന്റീവ് ആയി നാലു കോടി രൂപ അനുവദിച്ചു. ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ 25 കോടി രൂപ വകയിരുത്തി. അടിയന്തിരമായി 5 കോടി നല്‍കും. ഇത്തരത്തില്‍ ഓണ സന്ദര്‍ഭത്തില്‍ മാത്രം കയര്‍മേഖലയില്‍  52.86 കോടി രൂപ ചെലവഴിക്കുന്നതായി മന്ത്രി പറഞ്ഞു. കയര്‍ ഗുണമേന്മയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.  ഇന്നവേഷന്‍ കൗണ്‍സിലുമായി സഹകരിച്ച് കയര്‍മേഖലയുടെ പുനരുദ്ധാരണത്തിന് പുതിയ ആശയങ്ങള്‍ രൂപവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. 


കൂടാതെ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുവഴി സര്‍ക്കാര്‍ നല്‍കുന്ന 2 മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇതിനായി 24.48 കോടി രൂപ  അനുവദിച്ചു. 2021 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ തുകയായ 3200/- രൂപ പ്രകാരമാണ് ഇത്തരത്തില്‍ നല്‍കുന്നത്. 76500 തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാകും രണ്ടാംഘട്ട കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതമുള്ള ധനസഹായ വിതരണവും നടന്നുവരുകയാണെന്നും  40000 ത്തോളം തൊഴിലാളികള്‍ക്ക് തുക ഇതിനകം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ പി.പി.എസ്.എസ് പദ്ധതിപ്രകാരം ഉല്‍പ്പന്ന സംഭരണം ആരംഭിക്കല്‍, കയര്‍ഫെഡ്  വഴിയുള്ള കയര്‍ വില സംഘങ്ങള്‍ക്ക് നല്‍കല്‍ എന്നിവയും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. കയര്‍ ഫെഡ് പ്രസിഡന്റ് അഡ്വ.എന്‍.സായികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി.ചിത്തരഞ്ജന്‍, മുന്‍ മന്ത്രി പി.തിലോത്തമന്‍, കയര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍മാരായ ആര്‍.നാസര്‍, ടി.കെ.ദേവകുമാര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍,കയര്‍ വികസന ഡയറക്ടര്‍ ആര്‍.വിനോദ്, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍, കയര്‍സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കയര്‍ ഫെഡിന്റെ ഓണം പ്രത്യേക വില്‍പ്പന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. ഓഗസ്റ്റ് രണ്ടുമുതല്‍ സെപ്റ്റംബര്‍ 30 വരെ കയര്‍ഫെഡ് മെത്തകള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ ഡിസ് കൗണ്ടും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പലിശ രഹീത തവണവ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും സൗകര്യമുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.