Sections

കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകാന്‍ എന്തൊക്കെ ചെയ്യണം?

Tuesday, Jan 25, 2022
Reported By Admin
cattle

ഇലക്ട്രിക് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യക്തിഗത നിരക്കില്‍ എന്നിവയ്ക്ക് യൂണിറ്റിന് 2.80 നിരക്കില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നു


നമ്മുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വൈദ്യുതി കണക്ഷന്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഭക്ഷ്യവിളകള്‍, പഴം, പച്ചക്കറി എന്നിവ നനയ്ക്കുന്നതിന് പമ്പിങ് വെള്ളം പുറത്തേക്ക് ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുറഞ്ഞനിരക്കില്‍ വൈദ്യുതി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.

LT-V(A), LT-V(B) താരിഫ് നിരക്ക് പ്രകാരമാണ് വൈദ്യുതി കൃഷിക്കും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്നത്. തെങ്ങ്, കവുങ്ങ്,കുരുമുളക്, ജാതി, ഗ്രാമ്പു, കൊക്കോ, ഏലം, കാപ്പി തുടങ്ങിയവയ്ക്ക് തനിവിളയായോ ഇടവിളയായോ ഉള്ള കൃഷിക്ക് കണക്ഷന്‍ ലഭ്യമാക്കുന്നുണ്ട്.

കൂടാതെ കന്നുകാലി, പൗള്‍ട്ടറി, മുയല്‍ വളര്‍ത്തല്‍,പന്നി വളര്‍ത്തല്‍,പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ ഹാച്ചറി, പുഷ്പകൃഷി, ടിഷ്യുകള്‍ച്ചര്‍ യൂണിറ്റ്,നഴ്‌സറി, അക്വാകള്‍ച്ചര്‍ അലങ്കാര മത്സ്യ ഫാമുകള്‍ ഉള്‍പ്പെടെ ഉള്ള ഫിഷ് ഫാം, ചെമ്മീന്‍ ഫാം,എഗ്ഗര്‍ നഴ്‌സറി, റബര്‍ കര്‍ഷകര്‍ക്ക് ഷീറ്റ് നിര്‍മ്മാണത്തിന് ഇലക്ട്രിക് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യക്തിഗത നിരക്കില്‍ എന്നിവയ്ക്ക് യൂണിറ്റിന് 2.80 നിരക്കില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നു.

ഡയറി ഫാം ഉടമകള്‍ക്കും പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ക്കും പാല്‍ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതുവരെ ശേഖരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കും ഈ താരിഫ് നിരക്ക് ബാധകമാണ്. തോട്ട വിളകളുടെ ഉണക്കല്‍,സംസ്‌കരണം, മൂല്യവര്‍ധന എന്നിവയ്ക്കുള്ള വൈദ്യുതി കണക്ഷന്‍ LT V(A) വ്യവസായ വിഭാഗത്തില്‍ നല്‍കുന്നു.

കാര്‍ഷിക കണക്ഷന്‍ എടുക്കാന്‍

കാര്‍ഷിക കണക്ഷന്‍ കുറഞ്ഞനിരക്കില്‍ ലഭ്യമാകാന്‍ ഉടമസ്ഥത തെളിക്കുന്നതിനും, തിരിച്ചറിയലും ഉള്ള രേഖകള്‍ സഹിതം വൈദ്യുതി സെക്ഷന്‍ ഓഫീസറെ സമീപിച്ചാല്‍ മതി. പാട്ട അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന വ്യക്തിയാണെങ്കില്‍, തിരിച്ചറിയല്‍ കാര്‍ഡ് കൂടാതെ പാട്ടക്കരാറോ ഉടമസ്ഥന്റെ സമ്മതപത്രമോ സമര്‍പ്പിക്കണം. താരിഫ് ഉത്തരവിലെ പട്ടികയില്‍ ഉള്ള രീതിയില്‍ ഉപയോഗം ആയാല്‍ കാര്‍ഷിക താരിഫ് അനുവദിക്കും. മട്ടുപ്പാവിലും തുണ്ടു ഭൂമികളില്‍ കൃഷി ചെയ്യുന്നവര്‍ക്കും സഹായകമാണ്.

നേരിട്ട് കണക്ഷന്‍ എടുക്കുന്നവര്‍ സര്‍ക്കാരിന്റെ സബ്‌സിഡി ആയ 85 പൈസ / യൂണിറ്റ് അവകാശപ്പെട്ടില്ലെന്ന് വെള്ളപേപ്പറില്‍ എഴുതി നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ സബ്‌സിഡിയായ 85 പൈസ കിഴിച്ച് 1.45 താരിഫ് നിരക്ക് ലഭ്യമാകണമെങ്കില്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും നിശ്ചിത ഭൂവിസ്തൃതിക്ക് മുകളില്‍ കൃഷിയും നിര്‍ബന്ധം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.