Sections

ചൈനീസ് കമ്പനികള്‍ക്കെതിരെ വീണ്ടും സര്‍ക്കാര്‍ നീക്കം; 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ നിരോധിക്കും

Tuesday, Aug 09, 2022
Reported By admin
Chinese phone

ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയില്‍ ചൈനീസ് വമ്പന്മാരുടെ കുത്തക തകര്‍ക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം

 
ന്യൂഡല്‍ഹി:  ചൈനീസ് കമ്പനികള്‍ക്കെതിരെ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. ആഭ്യന്തര വിപണിയെ രക്ഷിക്കാന്‍ ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകളുടെ വില്‍പ്പന നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായാണ് സൂചന. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചൈനയിലെ ഷവോമി കമ്പനിയെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയില്‍ ചൈനീസ് വമ്പന്മാരുടെ കുത്തക തകര്‍ക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം. എന്‍ട്രിലെവല്‍ വിപണി തകരുന്നതു ഷവോമിക്കും അനുബന്ധ മൊബൈല്‍ കമ്പനികള്‍ക്കും വലിയ രീതിയില്‍ ദോഷം ചെയ്യും. കോവിഡിനെത്തുടര്‍ന്നു ചൈനയിലെ ആഭ്യന്തര വിപണിയില്‍ മാന്ദ്യമുണ്ടായതോടെ അടുത്തിടെയായി ഇന്ത്യയെയാണ് ഈ കമ്പനി മുഖ്യമായി ആശ്രയിക്കുന്നത്. 2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പനയുടെ മൂന്നിലൊന്നും 12,000 രൂപയില്‍ താഴെയുള്ള വിഭാഗത്തിലായിരുന്നു. ഇതില്‍ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണെന്നാണ് കൗണ്ടര്‍പോയിന്റ് എന്ന മാര്‍ക്കറ്റ് ട്രാക്കറിന്റെ കണക്ക് വ്യക്തമാക്കുന്നത്.

ചൈനീസ് കമ്പനികള്‍ വരുന്നതിന് മുന്‍പ് ഇന്ത്യന്‍ കമ്പനികളായ ലാവയ്ക്കും മൈക്രോമാക്സിനും ഒരുമിച്ച് 50 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന രംഗത്തെ വിപണിവിഹിതം. ചൈനീസ് കമ്പനികള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഫീച്ചറുകളുമായി രംഗത്ത് വന്നത് ആഭ്യന്തര വിപണിയെ ബാധിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അതിര്‍ത്തിയില്‍  ചൈനീസ് കടന്നുകയറ്റത്തിന് പിന്നാലെ ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കടുപ്പിച്ചിരിക്കുകയാണ്. 

അതേസമയം, ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ ഹോങ്കോങ്ങില്‍ തിങ്കളാഴ്ച ഷവോമിയുടെ ഓഹരികള്‍ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ടോ അനൗദ്യോഗിക ചാനല്‍ വഴിയോ നിരോധന നിര്‍ദേശം നല്‍കിയതായി അറിവില്ലെന്നാണു ചൈനീസ് കമ്പനികളുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരും വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായില്ല.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.