Sections

ഗൂഗിൾ പേയ്ക്ക് പറ്റിയ അബദ്ധം, ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിച്ചത് വൻതുക

Tuesday, Apr 11, 2023
Reported By admin
gpay

വാർത്ത വൈറലായതോടെ ഗൂഗിൾ പേ ഉപയോഗിച്ച് ഭാഗ്യ പരീക്ഷണം നടത്തുന്നവരുടെ എണ്ണം വർധിച്ചു


ജനപ്രിയമായ ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ക്യാഷ് ബാക്കുകളും, റിവാർഡുകളും ലഭിക്കാൻ നിരവധി ആളുകൾ ഗൂഗിൾ പേ ഉപയോഗിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കമ്പനിയുടെ സാങ്കേതിക തകരാർ മൂലം, നിരവധി ആളുകൾക്ക് ക്യാഷ് ബാക്കായി പണം ലഭിച്ചു.

ഗൂഗിൾ പേ സേവനത്തിലെ സാങ്കേതിക തകരാർ മൂലം അമേരിക്കയിലെ നിരവധി ആളുകൾക്ക് 'സൗജന്യമായി' ലഭിച്ചത് വലിയ തുകകൾ. ഗൂഗിൾ പേ വഴി ഇടപാടുകൾ നടത്തുമ്പോൾ ലഭിക്കുന്ന ക്യാഷ് ബാക്കിലൂടെയാണ് ഗൂഗിൾ പേ അക്കൗണ്ടിൽ പണമെത്തിയത്. ഇത്തരത്തിൽ 80,000 രൂപ വരെ ലഭിച്ചവരുണ്ട്.

കമ്പനി, പുതിയ ഫീച്ചർ പുറത്തിറക്കുന്നതിനു മുമ്പ് തങ്ങളുടെ ജീവനക്കാർക്കിടയിൽ പരീക്ഷിക്കുക പതിവാണ്. ഇത്തരമൊരു പരീക്ഷണത്തിനിടെയാണ് ജീവനക്കാർക്ക് പകരം ഉപഭോക്താക്കൾക്ക് തെറ്റി പണം അയച്ചത്. ഇത്തരത്തിൽ 10 രൂപ മുതൽ 87,000 രൂപ വരെ ലഭിച്ചവരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ പേയിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. യുഎസിലെ ചില പിക്സൽ ഫോൺ ഉപയോക്താക്കൾക്കാണ് ക്യാഷ് ബാക്ക് ലഭിച്ചത്. 10 ഡോളർ മുതൽ 1000 ഡോളർ വരെയാണ് പലർക്കും അക്കൗണ്ടുകളിൽ ലഭിച്ചത്.

ഇത്തരത്തിൽ ക്യാഷ് ബാക്ക് ലഭിച്ചവർ വിവരങ്ങൾ ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്. 16 തവണ ഇടപാട് നടത്തിയ ഒരാൾ, തനിക്ക് 10 തവണയും ക്യാഷ് ബാക്ക് ലഭിച്ചതായി വെളിപ്പെടുത്തി. 100 ഡോളർ (ഏകദേശം 8197 രൂപ) ലഭിച്ചതായി ട്വീറ്റ് ചെയ്തവരുമുണ്ട്. മറ്റൊരു ഉപയോക്താവ് തനിക്ക് 240 ഡോളർ (19,674 രൂപ) ലഭിച്ചതായി ട്വീറ്റ് ചെയ്തു. അതേ സമയം വലിയ തുകകൾ ലഭിച്ചവരുമുണ്ട്. ഇത്തരത്തിൽ ഒരു വ്യക്തിക്ക് 1,072 ഡോളർ (87,879 രൂപ) ലഭിച്ചെന്ന് അവകാശവാദമുണ്ട്. ഭൂരിഭാഗം ആളുകളും, ക്യാഷ് ബാക്ക് ലഭിച്ചതിന്റെ സ്ക്രീൻ ഷോട്ട് തെളിവായി ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാഷ് ബാക്ക് ലഭിക്കുന്ന വാർത്ത വൈറലായതോടെ ഗൂഗിൾ പേ ഉപയോഗിച്ച് ഭാഗ്യ പരീക്ഷണം നടത്തുന്നവരുടെ എണ്ണം വർധിച്ചു. സാങ്കേതിക പിഴവ് ശ്രദ്ധയിൽ പെട്ടതോടെ പണം തിരികെ പിടിക്കാനുള്ള ശ്രമവും കമ്പനി തുടങ്ങി. സാധ്യമായ രീതിയിൽ അവ തിരികെ എടുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ഇ-മെയിലും ലഭിച്ചു.

എന്നാൽ ചിലർ, തങ്ങൾക്ക് ലഭിച്ച ക്യാഷ് ബാക്ക് ചിലവഴിക്കുകയോ, മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തിരുന്നു. ഇത്തരം തുകകൾ, ഉപഭോക്താക്കളുടെ പണം എന്ന ഗണത്തിൽ ഉൾപ്പെടുത്തി കമ്പനി എഴുതിത്തള്ളി. തങ്ങൾക്ക് പണം തിരിച്ചെടുക്കാനായില്ലെങ്കിൽ ആ പണം നിങ്ങളുടേതാണെന്നും, അത് നിങ്ങൾക്ക് സൂക്ഷിക്കാമെന്നും തുടർ നടപടികളുടെ ആവശ്യമില്ല എന്നും പറഞ്ഞു കൊണ്ടാണ് ഗൂഗിൾ പേയുടെ മെയിൽ അവസാനിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.