Sections

ത്രിദിന ഗൂഗിൾ ബൂട്ട് ക്യാമ്പ് കേരള സ്റ്റാർട്ടപ്പ് മിഷനിൽ

Saturday, Nov 09, 2024
Reported By Admin
Google for Startups AI Academy India 2024 Bootcamp at Kerala Startup Mission

കൊച്ചി: ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ്സ് എഐ അക്കാദമി ഇന്ത്യ 2024 ന്റെത്രിദിന ബൂട്ട് ക്യാമ്പ് കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ നടന്നു. കേന്ദ്ര ഇലക്ട്രോണക്സ് ഐടി വകുപ്പിന്റെ മൈറ്റി സ്റ്റാർട്ടപ്പ് ഹബ്, കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങി ഏഴോളം സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബൂട്ട് ക്യാമ്പ് നടന്നത്.

ആരോഗ്യം, കാലാവസ്ഥ, കൃഷി, വിദ്യാഭ്യാസം, സാമ്പത്തിക ഉൾക്കൊള്ളൽ, സൈബർ സെക്യൂരിറ്റി, പൊതു അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രശ്നപരിഹാരമാണ് ബൂട്ട് ക്യാമ്പിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകൾക്ക് നൽകിയ വിഷയങ്ങൾ. മാനവികതയിലൂന്നിയ നിർമ്മിതബുദ്ധി പരിഹാരങ്ങൾക്കായിരുന്നു മുൻഗണന. ആകെ 24 സ്റ്റാർട്ടപ്പുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നര ലക്ഷം ഡോളർ മൂല്യം വരെയുള്ള ക്ലൗഡ് സേവനം ഉപയോഗിക്കാനുള്ള അവസരം,

സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ വിഭവശേഷി, വിദഗ്ധോപദേശം, പരിശീലനം, വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം തുടങ്ങിയവ നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇത്തരം പദ്ധതികൾക്കുള്ള വേദിയായി കേരളത്തെ തെരഞ്ഞെടുത്തത് അഭിമാനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രീസീരീസ് എ വരെയുള്ള, പ്രവർത്തന മാതൃകയുള്ള, ഇന്ത്യയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്കാണ് ബൂട്ട് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്.
നിർമ്മിത ബുദ്ധി രംഗത്തെ വിദഗ്ധർ നയിക്കുന്ന പരിശീലന പരിപാടികൾ, വ്യക്തിഗതമായ വിദഗ്ധോപദേശം, ഗൂഗിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുളള അവസരം,ലോകോത്തര കമ്പനികളുമായുള്ള സഹകരണം തുടങ്ങിയവ ലഭിച്ചു. സ്റ്റാർട്ട്, ബിൽഡ്, ഗ്രോ എന്നതായിരുന്നു ബൂട്ട് ക്യാമ്പിന്റെ പ്രമേയം.
പീപ്പിൾ എഐ പ്ലസ്, റെസ്പോൺസിബിൾ എഐ തുടങ്ങിയ ആശയങ്ങളിൽ ഊന്നിനിന്നു കൊണ്ട് എങ്ങിനെ മാനവികതയിലൂന്നിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാമെന്നതാണ് ത്രിദിന ക്യാമ്പിൽ ചർച്ചയായത്. ഗൂഗിൾ സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങിനെ എഐ പരിഹാരമാർഗങ്ങൾ കണ്ടെത്താം എന്ന കാര്യവും ചർച്ച ചെയ്തു. ജെനറേറ്റീവ് എഐ, ആപ്പ് ഡെവലപ്മന്റ്, വെബ് എഐ, എഐ അധിഷ്ഠിത മാർക്കറ്റിംഗ് ഫണ്ട് കണ്ടെത്തൽ, കഥപറച്ചിൽ തുടങ്ങി വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നു.

കൊച്ചിയെ കൂടാതെ, ചെന്നൈ, അഹമ്മദാബാദ്, ന്യൂഡൽഹി, ഹൈദരാബാദ്, മുംബൈ, ബംഗളുരു തുടങ്ങി ഏഴ് സ്ഥലങ്ങളിലാണ് ബൂട്ട് ക്യാമ്പ് നടക്കുന്നത്. ടിഹബ് ആൻഡ് മാത്ത്, ഐഎച്എഫ്സി-ഐഐടി ഡൽഹി, ഐഐഎം ബംഗളുരു, ഐഐടി മുംബൈ, ഐഐടി മദ്രാസ്, ഐഐഎം അഹമ്മദാബാദ്, നാസ്കോം എഐ, പീപ്പിൾ എഐ, എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.