- Trending Now:
വിനോദസഞ്ചാരികളുടെ മനം കവർന്ന കാന്തല്ലൂരിന് ഇനി ഗോൾഡൻ കാലം. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ നേട്ടം കാന്തല്ലൂരിനെ തേടിയെത്തുമ്പോൾ ഈ മണ്ണിലുള്ളത് ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്. തെക്കിന്റെ കാശ്മീരായ മൂന്നാറിൽ നിന്ന് തേയിലക്കാടുകളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് കരിമ്പിന്റെയും ശർക്കരയുടെയും മുനിയറകളുടെയും നാടായ മറയൂരും താണ്ടി കാന്തല്ലൂരിലെത്താം. അവിടെ ശീതകാല പച്ചക്കറിയും പഴങ്ങൾക്കുമൊപ്പം സാംസ്കാരിക ചരിത്രത്തിന്റെ പ്രൗഢ കാഴ്ചകൾ നിങ്ങളെ വരവേൽക്കും . ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തെ മനസിലേറ്റിയ ഒരു നാടും അവിടുത്തെ കർഷകരുമാണ് കാന്തല്ലൂരിന്റെ ഈ അഭിമാനനേട്ടത്തിന് പിന്നിൽ. സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ആസൂത്രണവും കേന്ദ്ര സർക്കാർ നടത്തിയ മികച്ച ടൂറിസം വില്ലേജ് മത്സരത്തിൽ കാന്തല്ലൂരിലെ മുൻപന്തിയിലെത്തിച്ചു .
ശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പും നിറഞ്ഞ കാന്തല്ലൂരിലെ അഞ്ച് സ്ഥലങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പെരുമല, പുത്തൂര്, ഗുഹനാഥപുരം, കീഴാന്തൂര്, കുളച്ചുവയൽ എന്നിവിടങ്ങളിലാണ് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നത്. ആപ്പിൾ, ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോർട്ട, ഗ്രീൻ സപ്പോർട്ട, സ്ട്രോബറി, ബട്ടർഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങി വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും കാന്തല്ലൂരിൽ കൃഷി ചെയ്യുന്നു. കാന്തല്ലൂരിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന ഈ പ്രദേശങ്ങൾ പൊതുവെ തണുപ്പ് കൂടിയ പ്രദേശങ്ങളാണ്. സ്ട്രോബറി കൃഷി കൂടുതലായി നടക്കുന്ന പെരുമല ഒരു സ്ട്രീറ്റും കീഴാന്തൂരും പുത്തൂരം പച്ചക്കറികളുടെ സ്ട്രീറ്റായും ഗുഹനാഥപുരം പൂക്കളുടെയും കുളച്ചുവയലിനെ പഴങ്ങളുടെ സ്ട്രീറ്റായിട്ടുമാണ് തിരിച്ചിരിക്കുന്നത്.
കാന്തല്ലൂരിലെത്തുന്നവർക്ക് ചരിത്ര കാഴ്കൾ കാണാൻ ഏറെയുണ്ട്. നിത്യ ഹരിത വനങ്ങളും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിന്റെ തീരങ്ങളും പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമേ ആറായിരത്തോളം വർഷം പഴക്കമുള്ള മുനിയറകളും ഗുഹാക്ഷേത്രങ്ങളും ഉള്ള പ്രദേശമാണ് കാന്തല്ലൂർ. കൂടാതെ കച്ചാരം വെള്ളച്ചാട്ടം, എർച്ചിപ്പാറ വെള്ളച്ചാട്ടം, ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം, ചിന്നാർ, കൂട്ടാർ നദികൾ, ഒരുമല വ്യൂ പോയിന്റ് എന്നിയെല്ലാം സഞ്ചാരികളുടെ മനം കവരുന്ന ഇടങ്ങളാണ്.
ജൈവവൈവിധ്യങ്ങളുടെ കലവറയൊരുക്കി കാന്തല്ലൂർ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഗ്രീൻ കാന്തല്ലൂർ എന്ന പ്രവേശന കവാടത്തിലൂടെയാണ് . ഈ കവാടം പിന്നിട്ടാൽ വിനോദസഞ്ചാരികൾ കൃത്യമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമായി നടത്തുന്നതിനും ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ അനാവശ്യമായി മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനുള്ള സംവിധാനങ്ങളും പഞ്ചായത്ത് ഭരണസമതി ഒരുക്കിയിട്ടുണ്ട്. ദിനംപ്രതി പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനവും പ്രത്യേക വാഹനത്തിന്റെ സൗകര്യത്തോടുകൂടി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും മുടങ്ങാതെ നടക്കുന്നതിനാൽ കാന്തല്ലൂരിന്റെ വിനോദസഞ്ചാരയിടങ്ങൾ സുന്ദരമായി തന്നെ നിലനിർത്താനും സഹായിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് മത്സരത്തിൽ ഗോൾഡ് അവാർഡിന്റെ നേട്ടത്തിൽ കാന്തല്ലൂർ എത്തുമ്പോൾ ഇതിന് ഏറെ സഹായകരമായതും വഴിത്തിരിവായതും കഴിഞ്ഞ വർഷം ഏപ്രിൽ മാസം നടത്തിയ കാന്തല്ലൂർ ടൂറിസം ഫെസ്റ്റാണ്. ആദ്യമായി പഞ്ചായത്ത് സംഘടിപ്പിച്ച ഫെസ്റ്റിൽ കാന്തല്ലൂരിന്റെ സവിശേഷ കാഴ്ചകളും കലയും സംസ്കാരവും എല്ലാം കോർത്തിണക്കിയിരുന്നു. ഫെസ്റ്റിന് മാത്രം 15 മാർക്ക് ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.ടി മോഹൻദാസ് പറഞ്ഞു. പത്ത് ദിവസങ്ങളിലായി നടത്തിയ പരിപാടിയിൽ കാന്തല്ലൂരിലെ കൃഷിയുൽപന്നങ്ങളുടെ പ്രദർശനം, ആദിവാസി വിഭാഗങ്ങളുടെ നാടൻ കലാരൂപങ്ങളായ കൂത്ത്, കുളവിയാട്ടം,കുമ്മിയാട്ട് വാദ്യമേളങ്ങൾ തുടങ്ങി വിവധ കലാപരിപാടികളും സെമിനാറുകളും ഭക്ഷ്യ വസ്തുക്കളുടെയും പഴങ്ങളുടെയും പ്രദർശനങ്ങൾ എന്നിവ ശ്രദ്ധേയമായി . ഇതരസംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി ആളുകളാണ് ഈ ഫെസ്റ്റിൽ പങ്കെടുക്കാനായി എത്തിയത്.
പദ്ധതിയുടെ ഭാഗമായി പ്രത്യേക ടൂറിസം ഗ്രാമസഭകൾ, ടൂറിസം റിസോഴ്സ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കൽ, വിവിധ പരിശീലനങ്ങൾ, ചെറുകിട ഇടത്തരം സംരഭങ്ങൾ രൂപീകരണം രജിസ്ട്രേഷൻ എന്നിവ വിജയകരമായി നടപ്പാക്കി. കൃത്യമായ ആസൂത്രണത്തോടെ ഗ്രാമപഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് പദ്ധതി പ്രവർത്തനം നടത്തിയിരുന്നു. രാജ്യത്ത് തന്നെ ആദ്യമായി പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തിയ പഞ്ചായത്താണ് കാന്തല്ലൂർ. ഉത്തരവാദിത്ത ടൂറിസം പ്രോട്ടോക്കോൾ അനുസരിച്ച് ടൂറിസം സംരംഭങ്ങൾക്കും ടൂറിസം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പഞ്ചായത്ത് തല രജിസ്ട്രേഷൻ ഏർപ്പെടുത്തുകയും ഗ്രാമീണ ടൂറിസം കാർഷിക ടൂറിസം പ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കി പാക്കേജുകൾ നടപ്പാക്കി. ടൂർ പാക്കേജുകൾക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചും വിനോദസഞ്ചാര മേഖലക്ക് കരുത്തേകുന്ന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കി. കേരളടൂറിസം ഡയറക്ടർ പി.ബി. നൂഹ്, സംസ്ഥാന റൂറൽ ടൂറിസം നോഡൽ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററുമായ കെ. രൂപേഷ് കുമാർ ,കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് എന്നിവർ ചേർന്നാണ് കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ 8 മാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകൾക്ക് ഒടുവിലാണ് പുരസ്കാരം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.