- Trending Now:
കൊച്ചി: വളർന്നു വരുന്ന മുൻനിര മാർക്കറ്റ് എഫ്എംസിജി കമ്പനിയായ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ട് ജില്ലയിൽ ആരംഭിച്ച കമ്പനിയുടെ ആദ്യത്തെ സമഗ്ര ഗ്രീൻഫീൽഡ് പ്ലാൻറ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർപേഴ്സൺ നാദിർ ഗോദ്റെജ്, ജിസിപിഎൽ എംഡിയും സിഇഒയുമായ സുധീർ സിതാപതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സിന്തോൾ ഒറിജിനൽ സോപ്പിൻറെ നിർമാണത്തിനും മുഖ്യമന്ത്രി ഔദ്യോഗികമായി തുടക്കമിട്ടു.
2024-ൽ ജിസിപിഎൽ തമിഴ്നാട്ടിൽ അത്യാധുനിക നിർമ്മാണ കേന്ദ്രത്തിനായി ഭൂമിപൂജ നടത്തുകയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 515 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സിൻറെ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി നടത്തിയ ഏറ്റവും വലിയ ഒറ്റതവണത്തെ നിക്ഷേപമാണിത്. 27 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഈ പ്ലാൻറ് 13 മാസം എന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് പ്രവർത്തനം ആരംഭിച്ചത്.
നവീകരണം, സുസ്ഥിരത, ഉൾക്കൊള്ളൽ എന്നിവ ഒത്തുചേർന്ന് നിർമ്മാണ രംഗത്തിൻറെ ഭാവി രൂപപ്പെടുത്താനുള്ള ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സിൻറെ പ്രതിബദ്ധതയെയാണ് ചെങ്കൽപ്പെട്ട് പ്ലാൻറെന്ന് ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർപേഴ്സൺ നാദിർ ഗോദ്റെജ് പറഞ്ഞു. ഈ അത്യാധുനിക ഉൽപാദന കേന്ദ്രം ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക മാത്രമല്ല അതിന് പുറമെ തൊഴിലാളികളുടെ ക്ഷേമത്തിനും വൈവിധ്യത്തിനും വലിയ ഊന്നൽ നൽകുകയും ചെയ്യും. സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിധ്യവും വൈകല്യമുള്ളവർക്കും എൽജിബിടിക്യുഐഎ+ സമൂഹത്തിൽ നിന്നുള്ളവർക്കും 5 ശതമാനം പ്രാതിനിധ്യവുമാണ് ഉള്ളത്. ഉൾക്കൊള്ളലും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ തുടർച്ചയായ പ്രതിബദ്ധതയാണിത് കാണിക്കുന്നത്. ആളുകളെ ശക്തിപ്പെടുത്തുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും എല്ലാവർക്കുമായി സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് നിർമ്മാണ മേഖലയുടെ ഭാവിന്നെും അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാനമായ നിക്ഷേപങ്ങൾ, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ സൃഷ്ടി, സ്ത്രീ ശാക്തീകരണം എന്നിവയിലൂടെയുള്ള പുരോഗതിതിയിലാണ് തമിഴ്നാട് എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ചെങ്കൽപ്പെട്ട് ജില്ലയിൽ ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സിൻറെ ആദ്യ സമഗ്ര ഫാക്ടറി സ്ഥാപിക്കുന്നത് ഒരു പ്രധാന നാഴികക്കല്ലാണ്. ഗോദ്റെജ് ഉൽപാദന കേന്ദ്രത്തിനായി തമിഴ്നാടിനെ തിരഞ്ഞെടുക്കുന്നതിലൂടെ സംസ്ഥാനത്തിൻറെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുന്നതിനൊപ്പം നൂതനത്വം പ്രോത്സാഹിപ്പിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും സമൂഹങ്ങളെ ഉയർത്തുകയും ചെയ്യുന്ന വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വളർച്ചയും ഉൾപ്പെടുത്തലും കൈകോർത്ത് മുന്നേറുന്ന ഭാവിയെ നാം ഒരുമിച്ച് രൂപപ്പെടുത്തുകയാണെന്നും അദ്ദേഹംപറഞ്ഞു.
ഈ പുതിയ പദ്ധതിയിൽ അഭിമാനിക്കുന്നതായും അത് തമിഴ്നാട്ടിൽ സ്ഥാപിക്കാൻ തീരുമാനിച്ച ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സിനെ അഭിനന്ദിക്കുന്നതായും തമിഴ്നാട് തൊഴിലുത്പാദന, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ഡോ. ടി.ആർ.ബി. രാജാ പറഞ്ഞു. ഈ സംവിധാനം ഡ്രാവിഡിയൻ മോഡൽ വളർച്ചയുടെ എം.കെ. സ്റ്റാലിൻ കാലഘട്ടത്തിലെ പ്രധാന സംരംഭങ്ങളിൽ ഒന്നാണ്. തമിഴ്നാട്ടിൻറെ ഉയർന്ന തലത്തിലുള്ള ഉൽപാദന മേഖലാ മുന്നേറ്റവുമായി ഈ സ്മാർട്ട് മാനുഫാക്ചറിംഗ് യൂണിറ്റ് പൂർണ്ണമായും യോജിക്കുന്നു. ഈ പ്ലാൻറ് വൈവിധ്യം, സമത്വം, ഉൾപ്പെടുത്തൽ എന്നിവയക്ക് മുൻഗണന നൽകി സ്ത്രീകൾക്ക് 50 ശതമാനം തൊഴിലും എൽജിബിടിക്യുഐഎ+ സമൂഹങ്ങളിൽ നിന്നും വൈകല്യമുള്ളവരിൽ നിന്നും 5 ശതമാനം പേർക്ക് തൊഴിലും നൽകാനുള്ള തമിഴ്നാടിൻറെ ശ്രമങ്ങളുമായി യോജിക്കുന്നു. കൂടാതെ 13 മാസമെന്ന റെക്കോർഡ് സമയത്തിനുള്ളിൽ ഈ സംവിധാനം വേഗത്തിൽ പ്രവർത്തനക്ഷമമായി എന്നത് തങ്ങളുടെ ദ്രുതഗതിയിലുള്ള ഭരണ സംവിധാനത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കൽപ്പെട്ട് പ്ലാൻറ് തങ്ങളുടെ ഉൽപ്പാദന ശേഷിയിലെ ഒരു വിപ്ലവകരമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജിസിപിഎൽ എംഡിയും സിഇഒയുമായ സുധീർ സീതാപതി പറഞ്ഞു. ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സിൻറെ ആദ്യത്തെ പൂർണ്ണമായും സംയോജിത സംവിധാനമായി ഒരു കുടക്കീഴിനുള്ളിൽ ഇത് നിലകൊള്ളുന്നു. ഈ അത്യാധുനിക സംവിധാനത്തിൽ സിന്തോൾ, ഗോദ്റെജ് നമ്പർ 1, ഗുഡ്നൈറ്റ്, ഗോദ്റെജ് എയർ, ഗോദ്റെജ് എക്സ്പർട്ട് ഹെയർ കളർ തുടങ്ങി ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കും. ആസൂത്രണം ചെയ്ത എല്ലാ ഉത്പാദന ലൈനുകളും പൂർണ്ണമായും പ്രവർത്തനക്ഷമമായാൽ ഈ ഫാക്ടറിയിൽ നിന്ന് 1500 കോടി രൂപ വരുമാനം ഉണ്ടാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. നൂതനത്വം, ഉൽപാദനക്ഷമത, സുസ്ഥിരത എന്നിവയുടെ പ്രധാന പ്രേരകശക്തിയായി ഈ യൂണിറ്റ് മാറും. ഭാവിയിലും ജിസിപിഎല്ലിൻറെ തുടർച്ചയായ വളർച്ചയും വിജയവും ഉറപ്പാക്കുന്നതിൽ ഇത് നിർണായകമായ പങ്കുവഹിക്കും. ഈ സുപ്രധാന നേട്ടം കൈവരിക്കാൻ സഹായിച്ച തമിഴ്നാട് സർക്കാരിൻറെ പുരോഗമനപരമായ ദീർഘദർശിയായ കാഴ്ചപ്പാടിനെ തങ്ങൾ ഹൃദയപൂർവം പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക ഓട്ടോമേഷനും ഡിജിറ്റലൈസേഷനും ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഈ പ്ലാൻറ് തങ്ങളുടെ നിലവിലുള്ള ലൈനുകളേക്കാൾ 2 മുതൽ 4 മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുന്ന ഹൈലി ഓട്ടോമേറ്റഡ്, ഹൈ-സ്പീഡ് ഉത്പാദന ലൈനുകൾ ഉൾക്കൊള്ളുന്നതാണെന്ന് ജിസിപിഎൽ, ഇന്ത്യ സാർക്ക് ഉൽപ്പന്ന വിതരണ ഓർഗനൈസേഷൻ മേധാവി സൗരഭ് ജാവർ പറഞ്ഞു. ഇത് ഉത്പാദനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുന്നു. ഈ പ്ലാൻറ് ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും റിയൽ-ടൈം ഡാറ്റ അനലിറ്റിക്സിനായി ഇൻറർനെറ്റ് ഓഫ് തിങ്ങ്സ്, പ്രക്രിയകൾ മെച്ചപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്ലാൻറ് വിവിധ വിഭാഗങ്ങളിലായി 1000ലധികം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. ഇത് പ്രാദേശിക സമൂഹത്തിനും ബിസിനസിനും ഗുണകരമായി. എൽജിബിടിക്യുഐഎ+ സമൂഹത്തിൽ നിന്നുള്ള വ്യക്തികളും വൈകല്യമുള്ളവരും മെഷീൻ ഓപ്പറേറ്റർമാർ പോലുള്ള അത്യാവശ്യമായ ഷോപ്പ്-ഫ്ളോർ ഓപ്പറേഷണൽ റോളുകളും ഗുണനിലവാരം, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്കും നിയമിതരാകും. ഇതിലൂടെ അവർ നിർണ്ണായക പ്രവർത്തനങ്ങളിൽ സംയോജിതരാകുകയും പ്ലാൻറിൻറെ പ്രവർത്തനങ്ങൾക്ക് നേരിട്ട് സംഭാവന നൽകുകയും ചെയ്യും. ഭാവിയിലേക്കുള്ള കാഴ്ച്ചപാടിനെ പ്രതിഫലിപ്പിക്കുന്നതാണ് പ്ലാൻറിൻറെ രൂപകൽപ്പന. ഇതിൽ ജെൻഡർ-ന്യൂട്രൽ വാഷ്റൂമുകൾ, വൈകല്യമുള്ളവർക്കായി രൂപകൽപ്പന ചെയ്ത സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളും ആക്സസിബിലിറ്റി സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എല്ലാ തൊഴിലാളികൾക്കും സമതുലിതമായ ഒരു തൊഴിലിടവും ഉറപ്പാക്കുന്നു.
ജിസിപിഎല്ലിൻറെ സസ്റ്റൈനബിലിറ്റി ലക്ഷ്യങ്ങൾ അനുസരിച്ച് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി)യുടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് സ്ഥിരതയുള്ള വികസനത്തിന് മുൻതൂക്കം നൽകിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.