- Trending Now:
ചെറുകിട ബിസിനസുകള്‍ ക്രിപ്റ്റോ കറന്‍സികളെ ഓദ്യോഗിക ഇടപാട് മാര്‍ഗമാക്കി മാറ്റാന്‍ താല്‍പര്യപ്പെടുന്നു.
ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സികളുടെ സ്വീകാര്യത വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പേമെന്റ് ഗേറ്റ്വേ ആയ വിസ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ക്രിപ്റ്റോ മേഖലയില്‍ അനശ്ചിതത്വങ്ങള്‍ വര്‍ധിക്കുമ്പോഴും ചുരുങ്ങിയത് ഒന്‍പതിലധികം രാജ്യങ്ങളിലെ ചെറുകിട ബിസിനസുകള്‍ ഈ വര്‍ഷം തന്നെ ക്രിപ്റ്റോ കറന്‍സികളെ ഓദ്യോഗിക ഇടപാട് മാര്‍ഗമാക്കി മാറ്റാന്‍ താല്‍പര്യപ്പെടുന്നു. കഴിഞ്ഞയാഴ്ചയാണ് വിസ ഡിജിറ്റല്‍ പണമിടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഇടത്തരം ചെറുകിട ബിസിനസുകള്‍ക്കിടയില്‍ വിസ നടത്തിയ ആറാമത് ഗ്ലോബല്‍ ബാക്ക് ടു ബിസിനസ് സ്റ്റഡിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. സര്‍വേയില്‍ പങ്കെടുത്ത ചെറുകിട ബിസിനസുകളില്‍ നാലിലൊന്ന് പേരും ഈ വര്‍ഷം തന്നെ ക്രിപ്‌റ്റോകറന്‍സി പേമെന്റുകള്‍ സ്വീകരിക്കാന്‍ തയാറാണ്. 2021 ഡിസംബറില്‍ വേക്ക്ഫീല്‍ഡ് റിസര്‍ച്ചാണു വിസയ്ക്കു വേണ്ടി സര്‍വേ നടത്തിയത്. ബ്രസീല്‍, കാനഡ, ജര്‍മ്മനി, ഹോങ്കോങ്, അയര്‍ലന്‍ഡ്, റഷ്യ, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യു.എസ്. എന്നീ ഒന്‍പത് രാജ്യങ്ങളിലെ 100 ജീവനക്കാരോ അതില്‍ കുറവോ ഉള്ള 2,250 ചെറുകിട ബിസിനസ് ഉടമകളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
സര്‍വേയിലെ മറ്റു പ്രധാന കണ്ടെത്തലുകള്‍
സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം ചെറുകിട ബിസിനസുകളും 2022 ലെ വളര്‍ച്ചയുടെ അടിസ്ഥാനമായി ഡിജിറ്റല്‍ പേമെന്റുകളെ കാണുന്നു.
സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം ചെറുകിട ബിസിനസുകാരും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പേമെന്റുകളിലേക്കു മാത്രമായി മാറാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ നിലവില്‍ ഡിജിറ്റല്‍ പേമെന്റുകള്‍ വാഗ്ദാനം ചെയ്യുന്നു
ഒന്‍പത് രാജ്യങ്ങളിലെയും 1500 മുതിര്‍ന്നവര്‍ പങ്കെടുത്ത ഒരു ഉപഭോക്തൃ വിഭാഗവും സര്‍വേയില്‍ ഉള്‍പ്പെടുന്നു;
41 ശതമാനം ഉപഭോക്താക്കളും ഡിജിറ്റല്‍ പേമെന്റിനുള്ള ഓപ്ഷനുകള്‍ ലഭ്യമല്ലാത്ത ഫിസിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങലുകള്‍ ഉപേക്ഷിച്ചതായി കണ്ടെത്തി.
പ്രതികരിച്ചവരില്‍ 50 ശതമാനത്തിലധികം പേരും 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പണരഹിതമാക്കാന്‍ ഉദ്ദേശിക്കുന്നവരാണ്.
ക്രിപ്‌റ്റോ സേവനങ്ങള്‍ക്കായുള്ള നിക്ഷേപകരുടെ ആവശ്യം വര്‍ധിച്ചതോടെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കുമായി വിസ ഒരു ആഗോള ക്രിപ്‌റ്റോ ഉപദേശക സേവനം ഡിസംബര്‍ എട്ടിന് ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 80 ദശലക്ഷം വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ കറന്‍സികള്‍ ചെലവഴിക്കാന്‍ 60 ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ്‌ഫോമുമായും വിസ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
ഓണ്‍ലൈന്‍ സാന്നിധ്യമാണ് കോവിഡ്കാലത്ത് പിടിച്ചുനില്‍ക്കാന്‍ തങ്ങളെ പ്രാപ്തമാക്കിയതെന്ന് 90 ശതമാനം ചെറുകിട ബിസിനസുകളും വ്യക്തമാക്കിയെന്ന് വിസയുടെ ആഗോള വില്‍പ്പന മേധാവി ജെനി മുണ്ട് പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ സ്വീകരിക്കാന്‍ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്നും ജെനി മുണ്ട് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.