Sections

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്; പണം സമാഹരിക്കുന്നത് ഈ ലക്ഷ്യം കൈവരിക്കാന്‍

Sunday, Sep 18, 2022
Reported By admin
pm

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഈ ഓണ്‍ലൈന്‍ ലേലത്തിന്റെ നടത്തിപ്പുകാര്‍


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വച്ച് പണം സമാഹരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ലേലം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഈ ഓണ്‍ലൈന്‍ ലേലത്തിന്റെ നടത്തിപ്പുകാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ 1200 ഓളം മെമെന്റോകളും സമ്മാനങ്ങളുമാണ് ലേലത്തില്‍ ഉണ്ടാവുകയെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷന്‍ റെഡി പറഞ്ഞു. സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഇ-ലേലത്തിന്റെ നാലാമത്തെ പതിപ്പാണിത്, നേരത്തെ ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്നു ഇവയെല്ലാം.

പെയിന്റിംഗ്, ശില്‍പം, കരകൗശല വസ്തുക്കള്‍, നാടന്‍ കലാ നിര്‍മ്മിതികള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് ഇക്കൂട്ടത്തില്‍ ഉള്ളത്. കൂടാതെ  പരമ്പരാഗത അംഗവസ്ത്രങ്ങള്‍, ഷാളുകള്‍, ശിരോവസ്ത്രങ്ങള്‍, ആചാരപരമായ വാളുകള്‍ എന്നിവ പോലെയുള്ള പരമ്പരാഗതമായി നല്‍കി വരുന്ന സമ്മാന ഇനങ്ങളും ലേലത്തിനുണ്ടാകും.

വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തിന്റെയും അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമ ക്ഷേത്രത്തിന്റെയും രൂപങ്ങളും ലേലത്തില്‍ വയ്ക്കുന്നുണ്ട്. ജനങ്ങളോട് സജീവമായി ലേലത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു. 

പ്രദര്‍ശനത്തില്‍, കേള്‍വിക്കുറവുള്ള സന്ദര്‍ശകര്‍ക്കായി ആംഗ്യഭാഷയില്‍ ഗൈഡഡ് ടൂറുകളും ക്രമീകരിച്ചിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവര്‍ക്കായി ബ്രെയിലിയിലുള്ള കാറ്റലോഗുകളും ലഭ്യമാക്കും. ലേലത്തിലൂടെ സമാഹരിക്കുന്ന തുക ഗംഗാ നദിയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്ന പ്രധാന പദ്ധതിയായ നമാമി ഗംഗെ പ്രോഗ്രാമിലേക്ക് സംഭാവന ചെയ്യും. 

2019-ല്‍, 1,805 സമ്മാനങ്ങള്‍ ലേലം ചെയ്തു. രണ്ടാം റൗണ്ടില്‍ 2,772 ഇനങ്ങളാണ് ലേലത്തില്‍ വെച്ചത്. 2021-ല്‍, സെപ്തംബറില്‍ ഒരു ഇ-ലേലം നടന്നു, അതില്‍ 1,348 ഇനങ്ങള്‍ ലേലം ചെയ്തു. ഈ വര്‍ഷം ഏകദേശം 1200 മെമന്റോകളും സമ്മാന ഇനങ്ങളും ഇ-ലേലത്തിന് വെച്ചിട്ടുണ്ട്. ഇനങ്ങളുടെ പ്രദര്‍ശനം ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്, അതേസമയം ഇനങ്ങള്‍ https://pmmementos.gov.in എന്ന വെബ്സൈറ്റിലും കാണാന്‍ കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.