- Trending Now:
തന്റെ സാമ്രാജ്യത്തെ വൈവിധ്യവത്കരിക്കുകയാണ് അദാനി
ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി, കമ്പനിയിലെ നിര്‍ണായക പദവി വഹിക്കാന്‍ പുതിയ നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അദാനി എന്റര്‍പ്രൈസസിന്റെ ലയന, ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ക്ക് പുതിയ തന്ത്രം മെനഞ്ഞ് ചുക്കാന്‍ പിടിക്കാന്‍ കഴിവുള്ള മേധാവിയെയാണ് അദാനി അന്വേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ നിലവില്‍ ലയന, ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വിനോദ് ബഹേറ്റി മറ്റൊരു സ്ഥാനത്തേക്ക് മാറുന്നതോടെയാണ് പുതിയ നേതാവിന്റെ ആവശ്യം കമ്പനിക്ക് ഉണ്ടാകുക. എന്നാല്‍ റിപ്പോര്‍ട്ടുകളോട് അദാനി എന്റര്‍പ്രൈസസ് പ്രതികരിച്ചിട്ടില്ല.
ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം ഇലോണ്‍ മസ്‌കിനെയും ജെഫ് ബെസോസിനെയും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കോടീശ്വരനാണ് ഗൗതം അദാനി. 60 കാരനായ അദാനി കഴിഞ്ഞ മാസം ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് മൂന്നാം സ്ഥാനം ഉറപ്പാക്കിയത്. ആദ്യമായാണ് ഒരു ഏഷ്യന്‍ വ്യക്തി സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടുന്നത്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ബില്‍ ഗേറ്റ്സിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ സമ്പന്നനായ വ്യക്തിയായി. 2022ല്‍ മാത്രം ഗൗതം അദാനി തന്റെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു.
കല്‍ക്കരി വ്യവസായത്തിനപ്പുറം ഡാറ്റാ സെന്ററുകള്‍, വിമാനത്താവളങ്ങള്‍, ഡിജിറ്റല്‍ സേവനങ്ങള്‍, മാധ്യമങ്ങള്‍, ആരോഗ്യ പരിപാലനം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലേയ്ക്ക് അദാനി എന്റര്‍പ്രൈസസ് പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. തന്റെ സാമ്രാജ്യത്തെ വൈവിധ്യവത്കരിക്കുകയാണ് അദാനി. ഗ്രീന്‍ എനര്‍ജിയില്‍ 70 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും അദാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ-മേഖല തുറമുഖം, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍, സിറ്റി-ഗ്യാസ് ഡിസ്ട്രിബ്യൂട്ടര്‍, കല്‍ക്കരി ഖനനം തുടങ്ങി അദാനി ചുവടുറപ്പിച്ച മേഖലകള്‍ ഒരുപാടാണ്. 10.5 ബില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ഹോള്‍സിം എജിയുടെ ഇന്ത്യയിലെ സിമന്റ് ബിസിനസ്സ് വാങ്ങാനും അദാനി കരുക്കള്‍ നീക്കുന്നു. എന്‍ഡിടിവി ഓഹരികള്‍ വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കിയത് അദാനിയെ അടുത്തിടെ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.