Sections

മലബാറിലെ ടൂറിസം സാധ്യത: ബിടുബി ചർച്ചയുമായി ടൂറിസം വകുപ്പ്

Tuesday, Dec 10, 2024
Reported By Admin
Gateway to Malabar: Kerala Tourism Hosts B2B Meet to Showcase Malabar’s Tourism Potential

കോഴിക്കോട്: സവിശേഷതയാർന്ന മലബാറിൻറെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഡിസംബർ 27 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ് സംഘടിപ്പിക്കും. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

മെട്രോ എക്സ്പെഡീഷൻ, ബേപ്പൂർ ഇൻറർനാഷണൽ വാട്ടർ ഫെസ്റ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് 'ഗേറ്റ് വേ ടു മലബാർ: എ ടൂറിസം ബി2ബി മീറ്റ്' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സാഹതികത, സ്വാദൂറുന്ന ഭക്ഷണം, കലകൾ, പാരമ്പര്യം, ഐതിഹ്യം തുടങ്ങി പ്രാദേശികമായ തനത് മനോഹാരിതകൾ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. കോഴിക്കോട് റാവിസ് കടവിൽ രാവിലെ 10 മുതൽ രാത്രി 8 വരെയാണ് ബിസിനസ് മീറ്റ് നടക്കുക.

മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായാണ് ബിടുബി മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രാദേശിക സേവന ദാതാക്കൾ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, ടൂറിസം മേഖലയിലെ വിദഗ്ധർ എന്നിവർ തമ്മിലുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ഇത് വഴിയൊരുക്കുമെന്നും ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസത്തിൽ മികച്ച സാധ്യതകളാണ് മലബാറിനുള്ളത്. സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേയ്ക്ക് മലബാറിനെയും ചേർക്കേണ്ടതായുണ്ട്. പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ-അന്തർദേശീയ ടൂറിസം ഭൂപടത്തിൽ മലബാറിൻറെ സ്ഥാനം അടയാളപ്പെടുത്തുന്നതിനും ബിടുബി മീറ്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 27 മുതൽ 29 വരെ കോഴിക്കോട് നടക്കുന്ന ബേപ്പൂർ ഇൻറർനാഷണൽ വാട്ടർ ഫെസ്റ്റിൻറെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ബിടുബി മീറ്റിൽ ഉന്നത ഉദ്യോഗസ്ഥരും ടൂറിസം രംഗത്തെ വിദഗ്ധരുമായി നെറ്റ് വർക്കിംഗ് സാധ്യതകൾ സൃഷ്ടിക്കുന്നതിന് സാധിക്കും. നിക്ഷേപ സാധ്യതകളെ സംബന്ധിച്ചും അവസരങ്ങളെ പറ്റിയും വ്യക്തമായ ധാരണ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതിനും ഇത് വേദിയാകും.

ടൂറിസം മേഖലയിലെ പ്രമുഖർക്ക് മലബാറിൻറെ സാഹസിക വിനോദ സഞ്ചാര സാധ്യതകൾ നേരിട്ട് അനുഭവിക്കാനും പ്രദേശത്തിൻറെ തനത് രുചികൾ, കലകൾ, ഐതിഹ്യങ്ങൾ എന്നിവ പരിചയപ്പെടുന്നതിനും ആസ്വദിക്കുന്നതിനും അവസരമുണ്ടാകും. ബേപ്പൂർ, ചാലിയം, നല്ലൂർ എന്നിവിടങ്ങളിലെ മനോഹരമായ വേദികളിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലോത്സവമായ ബേപ്പൂർ വാട്ടർ ഫെസ്റ്റിലേക്കുള്ള പ്രവേശനവും ഇത് സുഗമമാക്കും. കൂടാതെ സാഹസിക കായികയിനങ്ങൾ, സാംസ്കാരിക ആഘോഷങ്ങൾ, രുചിവൈവിധ്യങ്ങൾ എന്നിവയുടെ സമ്മേളനത്തിനും വാട്ടർ ഫെസ്റ്റ് വേദിയാകും.

കേരളത്തിന് പുറത്തുള്ള ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജൻറുമാരും പരിപാടിയുടെ ഭാഗമാണ്. രണ്ട് രാത്രികളിലെ താമസവും ഭക്ഷണവും അവർക്ക് സൗജന്യമായിരിക്കും. എല്ലാ അപേക്ഷകളും ബിടുബി കമ്മിറ്റി പരിശോധിക്കുകയും യോഗ്യതയുടെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ നൽകുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് 9947733339, 99951 39933 എന്ന നമ്പരിൽ ബന്ധപ്പെടുക.

https://www.keralatourism.org/gateway-to-malabar-tourism-b2b-meet-2024/page/58 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.