- Trending Now:
കോവിഡും ലോക്ക്ഡൗണും എല്ലാം കൂടി പ്രതിസന്ധിയിലാക്കിയ ഒരു വലിയ മേഖലയാണ് സിനിമ വ്യവസായം. ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും എല്ലാം കഴിഞ്ഞു റിലീസിന് തയ്യാറായിരിക്കുന്നു പല സിനിമകളും പെട്ടിയില്‍ തന്നെ ഇരിപ്പാണ്. അങ്ങനെ ഇരുന്നു മടുത്ത പ്രതീക്ഷ നഷ്ടപ്പെട്ട പല സിനിമയും ഒടിടി പ്ലാറ്റുഫോമുകള്‍ വഴി റിലീസ് ചെയ്തു, പലതും റിലീസിന് ഒരുങ്ങി നില്‍ക്കുന്നു. ഈ വഴി കേരളത്തിലെ തിയേറ്റര്‍ മേഖലയ്ക്ക് നഷ്ടം കോടികളാണ്. തിയേറ്റര്‍ മേഖലയുമായി ബന്ധപ്പെട്ടു താരതമ്യേന വളരെ കുറഞ്ഞ ജീവനക്കാര്‍ മാത്രമേ ഉള്ളെങ്കിലും സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം വെച്ച് നോക്കുമ്പോള്‍ അവരുടെ മൂല്യം വലുതാണ്.
തിയേറ്റര്‍ മേഖലയുമായി ബന്ധപ്പെട്ടു 12,000 ജീവനക്കാരാണുള്ളതെന്നാണ് കണക്ക്. മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെ മുന്നൂറ്റന്‍പതോളം തിയറ്ററുകളാണ് കേരളത്തില്‍ ഉള്ളത്. ഇവയിലായി 7000 തൊഴിലാളികള്‍. വിതരണ മേഖലയിലായി സംസ്ഥാനത്തെ 7 നഗരങ്ങളിലായി അഞ്ഞൂറോളം ചലച്ചിത്ര വിതരണ കമ്പനികളുടെ ഓഫിസുകള്‍. ഇവിടങ്ങളില്‍ മാനേജര്‍, അസി.മാനേജര്‍, പ്യൂണ്‍ എന്നിങ്ങനെ 1200 തൊഴിലാളികള്‍, ദിവസ വേതനക്കാരായ ഫിലിം റപ്രസന്ററ്റീവുമാരായി 600 പേര്‍, തിയറ്ററുകളിലെ കന്റീന്‍ നടത്തിപ്പുകാരും അവരുടെ തൊഴിലാളികളുമായി 2700 പേര്‍, പോസ്റ്ററുകള്‍ പതിക്കുന്ന 500 പേര്‍- ഇങ്ങനെ പോകുന്നു കണക്ക്.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് തിയറ്ററുകളിലെ തൊഴിലാളികള്‍ക്ക് തിയറ്റര്‍ ഉടമകളും വിതരണ കമ്പനികളുടെ ജീവനക്കാര്‍ക്ക് വിതരണക്കാരും അവര്‍ക്കാകുന്ന വിധത്തില്‍ ധനസഹായം നല്‍കിയെങ്കിലും സ്വന്തമായി സിനിമ വിതരണം ചെയ്യുകയും തിയറ്ററുകളില്‍ ഡേറ്റ് എടുത്തു നല്‍കുകയും ചെയ്തിരുന്ന ഭൂരിപക്ഷം വരുന്ന ചെറുകിട വിതരണക്കാരും ഫിലിം റപ്രസന്ററ്റീവുകളും പോസ്റ്റര്‍ പതിക്കുന്നവരും കന്റീന്‍ നടത്തിപ്പുകാരുമെല്ലാം വരുമാനമില്ലാതെ ദുരിതക്കയത്തിലായി. വീണ്ടും തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചത് പലര്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും അതെല്ലാം പെട്ടന്ന് അസ്തമിച്ചു. എല്ലാം മാറുമ്പോള്‍ തിരികെ പിടിക്കാമെന്ന മോഹവും ഇപ്പോള്‍ ആസ്ഥാനത്താണെന്നാണ് ഒടിടി പ്ലാറ്റുഫോമുകളുടെ വളര്‍ച്ച സൂചിപ്പിക്കുന്നത്. ഒടിടി പ്ലാറ്റുഫോമുകള്‍ തിയറ്ററുകള്‍ക്ക് അന്ത്യം കുറിക്കുമോ?
തിയേറ്റര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി സിനിമയെടുക്കാനാകുന്നതിന്റെ സാധ്യതകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തുറക്കുന്നത്. തിയേറ്ററുകള്‍ ലഭിക്കാത്തത് കൊണ്ട് പുറത്തിറങ്ങാതെ പോയ നൂറുകണക്കിന് ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ സിനിമ പുറംലോകത്ത് എത്തിക്കാന്‍ തിയറ്ററുകളെ ആശ്രയിക്കേണ്ടിയിരുന്ന കാലം കഴിയുന്നു. എന്നാല്‍ ഓടിടി പ്ലാറ്റുഫോമുകളും പലപ്പോഴും കുത്തകകളെ പോലെ പെരുമാറുന്നത് പ്രകടമാണ്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' പോലെ ജനപ്രീതി നേടിയ ഒരു ചിത്രം ആദ്യം എടുക്കാന്‍ ആമസോണ്‍ പ്രൈം പോലെ വലിയൊരു ഓടിടി തയ്യാറായിരുന്നില്ല. എന്നാല്‍ നീംസ്ട്രീം എന്ന ഓടിടിയില്‍ റിലീസ് ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയപ്പോഴാണ് ആമസോണ്‍ ആ ചിത്രം ഏറ്റെടുത്തത്. പല നല്ല സിനിമകളും തിയേറ്റര്‍ കിട്ടാതെ പോയത് പോലെ ഒടിടികള്‍ എടുക്കാന്‍ തയ്യാറാകാത്ത ചിത്രങ്ങളും ഒരുപക്ഷേ ഭാവിയില്‍ ഉണ്ടായേക്കാം. എന്നാല്‍ പ്രേക്ഷകന്റെ ആസ്വാദന രീതിക്കും സ്വന്തം സൗകര്യത്തിന് എവിടെ നിന്ന് വേണമെങ്കിലും കാണാമെന്ന നിലയിലും ഓടിടി വിനോദ മേഖലയില്‍ ഒരു വിപ്ലവം തന്നെയാണ്.
പല മാധ്യമങ്ങള്‍ക്കായി പലതരം സിനിമകള്‍ ഉണ്ടാക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് 'സീ യു സൂണ്‍' എന്ന മെഗാ ഹിറ്റ് ഒടിടി ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ അടുത്തിടെ ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സിനിമ കാണുന്ന പ്രേക്ഷകരുടെ അഭിരുചി വ്യത്യസ്തമായേക്കാം. അപ്പോള്‍ അവര്‍ക്കു വേണ്ടി നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കു മറ്റൊരു ഗ്രാമര്‍ ഉണ്ടായേ പറ്റൂ. തിയറ്ററുകളില്‍ റിലീസാകുന്ന ചിത്രങ്ങള്‍ക്കു മറ്റൊരു കഥ പറയല്‍ രീതി ഉപയോഗിക്കാനും കഴിയും. മൊബൈലുകളിലും മറ്റും അനായാസം കാണാന്‍ കഴിയുന്ന വെര്‍ട്ടിക്കല്‍ സിനിമയും ഇന്ററാക്ടീവ് സിനിമകളും ഭാവിയില്‍ വന്നേക്കാം.
സാങ്കേതിക വിദ്യയെ തടഞ്ഞുവയ്ക്കുന്നതില്‍ കാര്യമില്ല. ഫിലിമില്‍ നിന്നു ഡിജിറ്റലിലേക്കുള്ള മാറ്റം അംഗീകരിക്കാന്‍ വിഷമിച്ചവരുണ്ട്. ആ തലമുറ അസ്തമിച്ചുപോയി. ഇന്ത്യയില്‍ നൂറുകണക്കിനു ഫിലിം പ്രിന്റിങ് യൂണിറ്റുകളാണ് പൂട്ടിപ്പോയത്. പക്ഷേ, സിനിമ പുതിയ രൂപങ്ങളില്‍ പ്രേക്ഷകനിലേക്ക് എത്തിക്കൊണ്ടേയിരുന്നു. ആഗോള തലത്തിലുള്ള അവസരങ്ങളാണ് ഒടിടികള്‍ നല്‍കുന്നതെന്നും മഹേഷ് നാരായണന്‍ പറയുന്നു. ഒടിടികളുടെ വളര്‍ച്ച തിയറ്ററുകളെ ഇല്ലാതാക്കില്ല. രണ്ടും പരസ്പര സഹകരണത്തോടെ നിലനില്‍ക്കുമെന്ന പക്ഷക്കാരനാണ് മഹേഷ്.
എങ്കിലും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ദൃശ്യം 2ന് ആമസോണ്‍ പ്രൈം നല്‍കിയത് 30 കോടി രൂപയാണ്. അന്തരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ച ചെയ്ത ചിത്രം തിയറ്റര്‍ റിലീസ് ആയിരുന്നെകില്‍ 150 കോടിയെങ്കിലും കളക്ട് ചെയ്യേണ്ട ചിത്രമായിരുന്നു. കോവിഡില്‍ മലയാള സിനിമയ്ക്ക് ഏറ്റവും വലിയ പ്രഹരമായിരുന്നു ദൃശ്യം 2. വലിയ താരങ്ങളുടെ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റുഫോമുകളിലേക്ക് പോകുന്നത് തിയേറ്റര്‍ സംഘടനയെ നല്ല രീതിയില്‍ അസ്വസ്ഥരാക്കുന്നുണ്ട്. 2019ല്‍ 182 ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കൊറോണയുടെ പിടിയില്‍പെട്ട് 2020ല്‍ ഇറങ്ങിയത് വെറും 46 ചിത്രങ്ങള്‍. അതില്‍ നല്ലൊരു ശതമാനം റിലീസ് ചെയ്തത് ഒടിടിയിലും. 2021 ആയപ്പോള്‍ ഇത് വരെ 42 ചിത്രങ്ങള്‍ പുറത്തിറങ്ങി. ബഹുഭൂരിപക്ഷവും നോണ്‍-എക്സ്‌ക്ലൂസീവായി ഒടിടി റിലീസ് ചെയ്തു.
തിയറ്ററുകളുടെ യുഗം അവസാനിച്ചുവെന്ന് നമുക് പറയാന്‍ കഴിയില്ല. പ്രേക്ഷകനു തിയറ്റര്‍ നല്‍കുന്ന അനുഭവം മറ്റൊരു സാങ്കേതിക സംവിധാനത്തിനും പുനരാവിഷ്‌കരിക്കാന്‍ കഴിയില്ല. ശബ്ദവും വെളിച്ചവും സ്ഥലവും ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരു മാസ് അനുഭവമാണ് തിയേറ്റര്‍. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അതു നിരന്തരമായി പുതുക്കപ്പെടുന്നുമുണ്ട്.
സ്‌ക്രീനുകളുടെ വലുപ്പത്തിലും പ്രൊജക്ടറുകളുടെ മിഴിവിലും ശബ്ദത്തിന്റെ സൂക്ഷ്മതയിലും കാഴ്ചയുടെ അനുഭവം മാറുന്നുണ്ട്. വൃത്തിയും വെടിപ്പും കൂടുതല്‍ സൗകര്യങ്ങളുമുള്ള സിനിമാ ഹാളുകള്‍ എമ്പാടും ഉയര്‍ന്നു വരികയുമാണ്. ഈ വിധമൊക്കയാകും ഒടിടി പ്ലാറ്റ്‌ഫോമുകളെ പ്രദര്‍ശനശാലകള്‍ അതിജീവിക്കാന്‍ പോകുന്നത്. ഒടിടിയില്‍ കണ്ട പല ചിത്രങ്ങളും പ്രേക്ഷകര്‍ 'തിയേറ്റര്‍ എക്‌സ്പീരിയന്‍സ്' ആയിരുന്നു, തിയേറ്ററില്‍ കാണേണ്ട പടമായിരുന്നു എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അതാണ് തിയേറ്ററിന്റെ പ്രാധാന്യം.
സിനിമയുടെ ഉദയം നാടക കലയെ ഇല്ലാതാക്കുമെന്നു ചിലര്‍ കരുതിയിരുന്നു. എന്നാല്‍ നാടകം അതിന്റെ വഴിയില്‍ മുന്നേറി ഇന്നും നിലനില്‍ക്കുന്നു.
ടെലിവിഷന്‍ വന്നപ്പോഴും പലരും പറഞ്ഞു, ഇനി തിയറ്ററുകളെല്ലാം പൂട്ടിപ്പോകുമെന്ന്. കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ തിയറ്ററുകള്‍ വരികയാണുണ്ടായത്. ഇതിനു സമാനമാണ് ഇപ്പോഴത്തെ ആശങ്കകള്‍. മനുഷ്യര്‍ വീടുകളില്‍ കെട്ടിയിടപ്പെടാന്‍ ആഗ്രഹിക്കുന്നവരല്ല, അതിനാല്‍ നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ തിയറ്ററുകള്‍ വീണ്ടും സജീവമാകുമെന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ, ഒടിടി സിനിമകളെ ഇനി നമുക്കു നിഷേധിക്കാന്‍ കഴിഞ്ഞേക്കില്ല. സിനിമാ വ്യവസായത്തിന്റെ പുതിയൊരു വരുമാന സ്രോതസ്സായി അതിവിടെ ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.