- Trending Now:
ക്രിപ്റ്റോ കറന്‍സികള്‍ക്ക് ശരിക്കും കുതിപ്പിന്റെ വര്‍ഷമായിരുന്നു 2021. ഉയര്‍ച്ച താഴ്ചകള്‍ ഏറെ ഉണ്ടായെങ്കിലും കറന്‍സികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ മുന്നോട്ട് കുതിച്ചു. ബിറ്റ് കോയിനും എഥീരിയവും അടക്കം നൂറുകണക്കിന് ക്രിപ്റ്റോ കറന്‍സികള്‍, എന്‍എഫ്ടി, ആള്‍ട്ട് കോയിന്‍ എന്നിവയൊക്കെ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. മിക്കതും നല്ല രീതിയില്‍ മുന്നേറിയിട്ടുണ്ട്.സുരക്ഷ, സുതാര്യത, എളുപ്പത്തിലുള്ള ലഭ്യത, വേഗത്തിലുള്ള ഇടപാടുകള്‍ ഒക്കെ ക്രിപ്റ്റോ കറന്‍സികളെ നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപമാക്കി മാറ്റിത്തീര്‍ത്തിരിക്കുകയാണ്.
നിലവിലുള്ള സൂചനകള്‍ പ്രകാരം 2022ലും ക്രിപ്റ്റോ കറന്‍സികള്‍ മികച്ച നേട്ടം തന്നെ നല്‍കുമെന്നാണ് വിലയിരുത്തുന്നത്. ഉല്‍പാദനച്ചെലവ്, ഇടപാടിനുള്ള ചെലവ്, നിയന്ത്രണങ്ങളും നിയമങ്ങളും, ഒക്കെ അടിസ്ഥാനപ്പെടുത്തിയാകും ക്രിപ്റ്റോകറന്‍സി വില രൂപാന്തരപ്പെടുക. ഒമിക്രോണ്‍ സംബന്ധിച്ച ആശങ്കകളും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. നിരവധി രാജ്യങ്ങള്‍ ഇതിനോടകം ക്രിപ്റ്റോ കറന്‍സികളെ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയും ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട നിയമം രൂപീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്.
ക്രിപ്‌റ്റോ കൂട്ടത്തിലെ ആദ്യ താരമാണ് ബിറ്റ് കോയിന്‍.ബിറ്റ് കോയിന്‍ സര്‍വ്വകാല റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച വര്‍ഷമാണ് 2021. പ്രതിമാസ കണക്കില്‍ ഫെബ്രുവരി, ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് ബിറ്റ്കോയിന്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. എലോണ്‍ മാസ്‌കിന്റെ ടെസ്ല ഇടപാടുകള്‍ക്കായി അംഗീകരിച്ചതും മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോര്‍, ബിറ്റ് കോയിനെ നിയമ വിധേയ കറന്‍സിയായി അംഗീകരിച്ചതും മൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമായി. എന്നാല്‍ ചൈന ബിറ്റ് കോയിനെ നിരോധിച്ചത് പ്രതികൂലമായി ബാധിച്ചു. നവംബറില്‍ 68,000 ഡോളര്‍ വരെ എത്തിയതിനു ശേഷം 47,000 നിലവാരത്തിലാണ് നിലവില്‍ ബിറ്റ്കോയിന്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 2022 വര്‍ഷത്തിലും ബിറ്റ്കോയിന്‍ പുതിയ ഉയരങ്ങള്‍ താണ്ടുമെന്നാണ് വിദഗ്ധരുടെയും പ്രവചനം. 70,000 മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ റേഞ്ചില്‍ വ്യാപാരം ചെയ്യപ്പെടാമെന്നാണ് നിഗമനം.
ബിറ്റ്കോയിന് ശേഷം ഏറ്റവുമധികം പ്രാധാന്യമുള്ളതും പ്രചാരത്തിലുള്ളതുമായ ക്രിപ്റ്റോ കറന്‍സിയാണ് എഥീരിയം (ETH). 2021-ല്‍ എഥീരിയവും ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഡിഫൈ (DeFi), എന്‍എഫ്ടി, എഥീരിയം 2.0, സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍, മെറ്റാവേഴ്സിലെ പങ്കാളിത്തവുമൊക്കെ എഥീരിയത്തിന്റെ മൂല്യവും വര്‍ദ്ധിപ്പിച്ചു.നിലവില്‍ 3,700 ഡോളര്‍ നിലവാരത്തിലാണ് എഥീരിയം വ്യാപാരം ചെയ്യപ്പെടുന്നത്. ക്രിപ്റ്റോ രംഗത്തെ മിക്ക വിദഗ്ധരും എഥീരിയം 2022 അവസാനത്തോടെ 6,000 ഡോളര്‍ മറികടക്കുമെന്നാണ് പ്രവചനം.
ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി നിരോധിക്കുന്നതിനു പകരം ആസ്തിയായി പരിഗണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍ദിഷ്ട നിയമ പ്രകാരം ക്രിപ്റ്റോ കറന്‍സിയെ, ക്രിപ്റ്റോ ആസ്തി ആയി പുനര്‍നാമകരണം ചെയ്ത് സെബിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.