Sections

കയർ വ്യവസായം സംരക്ഷിക്കാൻ സമഗ്രമായി ഇടപെടും: മുഖ്യമന്ത്രി പിണറായി വിജയൻ

Saturday, Dec 16, 2023
Reported By Admin
Coir Industry

ഉത്പ്പന്ന വൈവിധ്യവത്കരണം കയർമേഖലയ്ക്ക് ആവശ്യം


ആലപ്പുഴയിലെ കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനോടുബന്ധിച്ച് കലവൂർ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ആലപ്പുഴ ജില്ലയിലെ ആദ്യ പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കയർ വ്യവസായവുമായി ബന്ധപ്പെട്ട് യോഗത്തിലുയർന്ന ആശങ്കകളോട് മുഖ്യമന്ത്രി പ്രതികരിച്ചു.

ഉത്പന്ന വൈവിധ്യവത്കരണമാണ് കയർ മേഖലയ്ക്കാവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ച നടത്തി ആവശ്യമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് കയർ മേഖലയിലെ 50 തൊഴിലാളികൾക്ക് പരിശീലനം നൽകി. ഇവർക്ക് 600 രൂപ സ്റ്റൈൻഡും നൽകിയിരുന്നു. കെട്ടിക്കിടന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞു. കയർ ഫെഡിന്റെ 22 ഗോഡൗണുകളിൽ 11 ഗോഡൗണുകളിലെ ഉത്പന്നങ്ങൾ വിറ്റഴിച്ചു. ചകിരിയുടെയും കയറിന്റെയും ഗുണമേന്മ വർധിപ്പിക്കാനുതകുന്ന പദ്ധതിയും നടപ്പാക്കി വരികയാണ്. ഇതിനായി തൊഴിലാളികളുമായി ചർച്ച നടത്താനും മാറ്റങ്ങൾ കൊണ്ടുവരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾക്ക് കയർ മേഖലയിലും എല്ലാ തൊഴിൽ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ കഴിയണമെന്നാണ് സർക്കാർ നിലപാട്. കയർ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും.

കയർ വ്യവസായത്തെ സംരക്ഷിക്കാൻ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു. അതിന്റെ മാറ്റവും ഈ മേഖലയിൽ പ്രകടമായി. കയർ തൊഴിലുമായി ബന്ധപ്പെട്ട് വല്ലാതെ അസ്വസ്ഥമായ അന്തരീക്ഷമായിരുന്നു 2016 ന് മുൻപുണ്ടായിരുന്നത്. പ്രക്ഷോഭങ്ങളും അതിന്റെ ഭാഗമായി ഉണ്ടായി. ഇവ പരിഹരിക്കാനുള്ള സർക്കാർ ഇടപെടൽ വലിയ മാറ്റങ്ങളുണ്ടാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.