Sections

യുവജനങ്ങൾക്കായി സൗജന്യ തൊഴിൽ-സംരംഭ പരിശീലനം

Saturday, Aug 12, 2023
Reported By Admin
Training Programs

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഉന്നതി പദ്ധതിയിലൂടെ യുവജനങ്ങൾക്കായി നൈപുണ്യ പരിശീലനത്തിന് അവസരം ഒരുക്കുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങളിലെ യുവജനങ്ങൾക്കാണ് സൗജന്യ തൊഴിൽ സംരംഭ പരിശീലനം നൽകുക. കുടുംബശ്രീ മിഷന്റെയും സംസ്ഥാന തൊഴിലുറപ്പ് മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ചെയ്യുന്ന കുടുംബങ്ങളെ വിദഗ്ധ തൊഴിൽ മേഖലകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2018- 19 മുതൽ 2022 -23 സാമ്പത്തിക വർഷം വരെ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളിക്കോ കുടുംബത്തിലെ മറ്റൊരാൾക്കോ ആണ് ഉന്നതി പദ്ധതിയിലൂടെ സൗജന്യ പരിശീലനം നൽകുക. റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ആർ. എസ്. ഇ. ടി. ഐ. ), ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി. ഡി. യു - ജി.കെ.വൈ.) എന്നീ സ്ഥാപനങ്ങളാണ് പരിശീലനം നൽകുന്നത്.

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ബ്യൂട്ടീഷൻ, സിസിടിവി ഇൻസ്റ്റലേഷൻ, ഫാസ്റ്റ് ഫുഡ് സ്റ്റാൾ, മൊബൈൽ ഫോൺ സർവീസിംഗ് , തുടങ്ങി 12 കോഴ്‌സുകളിൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ആർ. എസ്. ഇ. ടി. ഐ. പരിശീലനം നൽകുന്നു. ടൂറിസം, ഹോട്ടൽ മാനേജ്‌മെന്റ്, സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവ്, സോഫ്റ്റ്വെയർ ഡെവലപ്പർ മുതലായ ഒൻപത് തൊഴിൽ മേഖലകളിൽ 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഡി. ഡി. യു - ജി.കെ.വൈ. പരിശീലനം നൽകുക.

പരിശീലന കാലയളവിൽ സൗജന്യ താമസത്തിനും ഭക്ഷണത്തിനും പുറമേ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനവും ലഭിക്കും. പരിശീലനം ലഭിക്കുന്നതിലൂടെ സ്ഥിരമായ വരുമാനം മാർഗം കണ്ടെത്താനാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അൻവർ അലി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ബ്ലോക്കിൽ ക്യാമ്പുകൾ ആരംഭിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.