Sections

വമ്പൻ മാറ്റങ്ങളുമായി യൂട്യൂബ്; സബ്‌സ്‌ക്രൈബർ എണ്ണവും വാച്ച് അവേഴ്‌സും കുറച്ചു

Wednesday, Jun 14, 2023
Reported By admin
youtube

യൂട്യൂബ് ഷോപ്പിങ് മുഖേന സ്വന്തം ഉത്പന്നങ്ങൾ വിപണനം ചെയ്യാനും കഴിയും


ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൗജന്യ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്, കണ്ടന്റ് ക്രിയേറ്റർസിനുള്ള പോളിസിയിൽ വമ്പൻ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചാനലിൽ നിന്നും വരുമാനം നേടുന്നതിനുള്ള മൊണറ്റൈസേഷൻ യോഗത്യാ മാനദണ്ഡങ്ങളിലാണ് പ്രധാന മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്. യൂട്യൂബ് പാർട്ട്‌നർ പ്രോഗ്രാമിന്റെ (YPP) ഭാഗമായി പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ കണ്ടന്റ് ക്രിയേറ്റർസിനോട് സൗഹാർദ സമീപനം പുലർത്തുന്നതാണ്. നിബന്ധനകളിൽ ഇളവ് അനുവദിച്ചതോടെ, പുതിയ കണ്ടന്റ് ക്രിയേറ്റർസിനും യൂട്യൂബിൽ നിന്നും വേഗത്തിൽ വരുമാനം കണ്ടെത്താൻ കഴിയും.

പാർട്ട്‌നർ പ്രോഗ്രാമിലേക്ക് യോഗ്യത നേടുന്നതിനുള്ള പുതിയ നിബന്ധനകൾ

ചുരുങ്ങിയ സബ്‌സ്‌ക്രൈബർ എണ്ണം 500
അവസാന 90 ദിവസത്തിൽ 3 വീഡിയോ അപ്ലോഡ് ഉണ്ടായിരിക്കണം
3,000 വാച്ച് അവേഴ്‌സ് (കാണുന്ന വീഡിയോയുടെ മൊത്തം ദൈർഘ്യം) അല്ലെങ്കിൽ 90 ദിവസത്തിനുള്ളിലെ 30 ലക്ഷം ഷോർട്ട് വീഡിയോ വ്യൂസ്

നിലവിലുണ്ടായിരു്ന്ന പാർട്ട്‌നർ പ്രോഗ്രാം നിബന്ധനകൾ

ചുരുങ്ങിയ സബ്‌സ്‌ക്രൈബർ എണ്ണം 1,000.
4,000 വാച്ച് അവേഴ്‌സ് അല്ലെങ്കിൽ 90 ദിവസത്തിനുള്ളിലെ 100 ലക്ഷം ഷോർട്ട് വ്യൂസ്

ഒരിക്കൽ പാർട്ട്‌നർ പ്രോഗ്രാം നിബന്ധകൾ നേടിക്കഴിഞ്ഞാൽ, കണ്ടന്റ് ക്രിയേറ്റർസിന് റീച്ച് കൂട്ടുന്നതിന് ഉപയോഗപ്രദമായ വിവരങ്ങൾ ലഭിക്കുന്ന യൂട്യൂബിന്റെ ടൂളുകളായ സൂപ്പർ താങ്ക്‌സ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കേഴ്‌സ് എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. കൂടാതെ വരിക്കാരെ ആകർഷിക്കുന്നതിന് സഹായിക്കുന്ന സബ്‌സ്‌ക്രിപ്ഷൻ ടൂളുകളായ ചാനൽ മെമ്പർഷിപ്പ് പ്രവേശനവും കിട്ടും. ഇതിനു പുറമെ, യൂട്യൂബ് ഷോപ്പിങ് മുഖേന സ്വന്തം ഉത്പന്നങ്ങൾ വിപണനം ചെയ്യാനും കഴിയും.

അതേസമയം പാർട്ട്‌നർ പ്രോഗ്രാം നിബന്ധനകളിൽ വരുത്തിയ ഇളവുകൾ ജൂലൈ മുതൽ പ്രാബല്യത്തിലാകുമെന്ന് ഗൂഗിൾ അറിയിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ഇളവുകൾ തുടക്കത്തിൽ അമേരിക്ക, കാനഡ, ബ്രിട്ടൺ, ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്റർസിന് മാത്രമാണ് ബാധകം. താമസിയാതെ തന്നെ കൂടുതൽ മേഖലകളിലെ കണ്ടന്റ് ക്രിയേറ്റർസിനും ഇളവ് അനുവദിക്കുമെന്നതിന്റെ സൂചനയും ഗൂഗിൾ നൽകിയിട്ടുണ്ട്.

പാർട്ട്‌നർ പ്രോഗ്രാമിൽ 'സൈൻ-അപ്പ്' ചെയ്യണമെങ്കിൽ, യോഗ്യരായ ക്രിയേറ്റർമാർ യൂട്യൂബ് സ്റ്റുഡിയോയിൽ എത്തണം. തുടർന്ന് താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ പിന്തുടരാം.

ഇടതു വശത്തെ മെനുവിൽ നിന്നും 'ഏൺ' (Earn) തിരഞ്ഞെടുക്കുക
റിവ്യൂ ചെയ്യുന്നതിനായി 'അപ്ലൈ നൗ' തിരഞ്ഞെടുത്ത ശേഷം, അവിടെ നൽകിയിരിക്കുന്ന അടിസ്ഥാന നിബന്ധനകൾ 'അക്‌സപ്റ്റ്' ചെയ്യുക.
ആഡ്‌സെൻസ് അക്കൗണ്ട് രൂപീകരിക്കാൻ 'സ്റ്റാർട്ട്' തിരഞ്ഞെടുക്കുക. ഇതിനകം ആഡ്‌സെൻസ് അക്കൗണ്ട് ഉണ്ടെങ്കിൽ ഇതിലേക്ക് ലിങ്ക് ചെയ്യാനുമാകും.
ജൂൺ മാസം തുടക്കത്തിൽ യൂട്യൂബിന്റെ എതിരാളികളായ ടിക്ടോക്, 1000 ഫോളോവർ ഉള്ളവർക്ക് മറ്റ് അധിക നിബന്ധനകൾ കൂടി പാലിച്ചാൽ, പ്രീമിയം കണ്ടന്റിലേക്ക് പ്രവേശനം നേടുന്നതിന് ഫോളോവർസിൽ നിന്നും ഫീസ് ഈടാക്കുന്നതിനായി ക്രീയേറ്റർമാർക്ക് അനുവദിച്ച സൗകര്യമായ 'സീരീസ്' അനുവദിച്ചു. നേരത്തെ 10,000 അധികം ഫോളോവർസ് ഉള്ളവർക്ക് മാത്രമാണ് സീരീസിലേക്ക് പ്രവേശനം നൽകിയിരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.