- Trending Now:
സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് ( ഫോർട്ടിഫൈഡ് റൈസ് കെർണൽസ് പൈലറ്റ് പ്ലാന്റ്) തിരുവനന്തപുരത്ത് CSIR-NIIST-ൽ പ്രവർത്തനം ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ ചെയർമാനും CSIR-NIIST ഗവേഷണ സമിതിയുടെ ചെയർമാനുമായ പത്മഭൂഷൺ ഡോ. കൃഷ്ണ എം.എല്ല പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രത്തെയും സാമൂഹിക ഉത്തരവാദിത്തത്തെയും സംയോജിപ്പിക്കുന്ന സുപ്രധാന നവീകരണമാണ് ഇതെന്ന് പ്ലാന്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള, പ്രത്യേകിച്ച് സേവന ആനുകൂല്യങ്ങൾ പരിമിതമായ പ്രദേശങ്ങളിൽ പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഉറപ്പ് ഇത് നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലളിതവും ശാസ്ത്രീയവുമായ രീതികളിലൂടെ പോഷകസുരക്ഷയെ ശക്തിപ്പെടുത്താനും സൂക്ഷ്മപോഷകഘടകങ്ങളുടെ അഭാവം ചെറുക്കാനും രൂപപ്പെടുത്തിയെടുത്ത അത്യാധുനിക പദ്ധതിയാണ് ഫോർട്ടിഫൈഡ് റൈസ് കെർണൽസ് (FRK) അഥവാ സമ്പുഷ്ടീകരിച്ച അരി-യുടെ പൈലറ്റ് പ്ലാന്റ്. പോഷകാഹാരക്കുറവ് നേരിടുന്ന ദുർബല വിഭാഗങ്ങൾക്കും പ്രത്യേകിച്ച് കുട്ടികൾക്കും ഗർഭിണികൾക്കും ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാനാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച്, CSIR-NIIST-ൽ വികസിപ്പിച്ചെടുത്ത പൈലറ്റ് പ്ലാന്റ് സുപ്രധാന വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെ അവശ്യ സൂക്ഷ്മ പോഷകങ്ങളാൽ സമ്പുഷ്ടമായ ഫോർട്ടിഫൈഡ് റൈസ് കേർണലുകളുടെ തുടർച്ചയായ ഉത്പാദനം സാധ്യമാക്കുന്നു.
എഫ്ആർകെ ഉൽപ്പാദന പ്രക്രിയയിൽ സൂക്ഷ്മ പോഷണങ്ങൾ അരിപ്പൊടിയുമായി കലർത്തി, പ്രസ്തുത മിശ്രിതം സ്വാഭാവിക അരിയിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അരിയുടെ ആകൃതിയിലുള്ള കേർണലുകളാക്കി മാറ്റുന്നു. വിപുലമായ ഉണക്കൽ, തണുപ്പിക്കൽ കൺവെയർ സംവിധാനങ്ങൾ വഴി ഇവയുടെ ഈർപ്പം നീക്കം ചെയ്ത് ഉടനടി ഉപയോഗിക്കാനും വിതരണം ചെയ്യാനും സജ്ജമാക്കുന്നു. മണിക്കൂറിൽ 30 മുതൽ 50 കിലോഗ്രാം വരെ ഉൽപ്പാദന ശേഷിയുള്ളതാണ് ഈ സൗകര്യം. ഇത്തരത്തിൽ ഉത്പാദിപ്പിച്ച സമ്പുഷ്ടീകരിച്ച അരി പൊതുവിതരണത്തിനായുള്ള പോളിഷ് ചെയ്ത അരിയുമായി കലർത്തി വലിയ തോതിൽ പൊതുവിതരണ പരിപാടികളെ പിന്തുണയ്ക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതിയ പൈലറ്റ് പ്ലാന്റ് ഒരു ഉൽപാദന യൂണിറ്റായി മാത്രമല്ല, സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ സുരക്ഷാ പ്രൊഫഷണലുകൾ, പൊതുജനാരോഗ്യ വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവർക്കുള്ള പരിശീലന, നവീകരണ കേന്ദ്രമായും പ്രവർത്തിക്കുമെന്ന് CSIR-NIIST ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. സാമൂഹികമായി സ്വാധീനം ചെലുത്തുന്നതും പ്രാപ്യവുമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇത് തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (CSIR) കീഴിലുള്ള ഒരു ഘടക ലബോറട്ടറിയായ CSIR-NIIST, ദേശീയ വികസനത്തെ പിന്തുണയ്ക്കുന്ന സുസ്ഥിര സാങ്കേതികവിദ്യകളിലേക്ക് വിവിധ പഠന മേഖലകൾ തമ്മിലുള്ള ശാസ്ത്രീയ ഗവേഷണം പരിവർത്തനം ചെയ്യുന്നതിൽ നേതൃത്വം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.