Sections

കാലാനുഭവത്തിൽ മറഞ്ഞുപോയ ചില ഓണചരിതങ്ങൾ

Tuesday, Sep 10, 2024
Reported By Soumya
Forgotten Traditions and Modern Celebrations of Onam

ഓണത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം.

ഓണമെന്ന പേരു വന്ന വഴി കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ന്യൂജനറേഷൻ കാലത്തെ ഓണകാല കാഴ്ചകളിൽ പെട്ട് മലയാളിയുടെ മനസ്സിൽ നിന്നും മറഞ്ഞുപോയ ചില ഓണകാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  • ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു.
  • വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
  • വരുണനിൽ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്.
  • സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.
  • ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് നാട്ടിൽ ഓണം ആഘോഷിക്കുന്നത് ചേരമൻ പെരുമാൾ എന്ന നാട്ടു രാജാവിൻറെ ഓർമ്മയ്ക്ക് കൂടി വേണ്ടിയാണ്. ചേര രാജവംശത്തിലെ അവസാന പെരുമാളായ അദ്ദേഹം തന്റെ രാജഭരണം ഒഴിഞ്ഞ് നിസ്വനായി തീർത്ഥാടനത്തിനിറങ്ങി. ഒരു ഓണനാളിലാണ് അദ്ധേഹം രാജ്യത്തിന്റെ ഭരണം പ്രാദേശിക ഭരണാധികാരികളെ ഏൽപ്പിച്ചു പുറപ്പെടാൻ തീരുമാനിക്കുന്നത്. നല്ലവനായ പെരുമാളിന് ആളുകൾ ഗംഭീരമായ ഒരു യാത്രയയപ്പ് നൽകി. എല്ലാ വർഷത്തെയും ഓണനാൾ അദ്ദേഹത്തെ കൂടി ഓർമ്മപ്പെടുത്തുന്ന ഒരു ദിവസമാണ് എന്ന് ഒരു കാലം വരേയ്ക്കും വിശ്വസിക്കപ്പെട്ടിരുന്നു.

ഓണക്കാഴ്ച

ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന് ക്ഷേത്രങ്ങളിലേക്കാണ് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്.

ഉത്രാടപ്പാച്ചിൽ

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം.

തിരുവോണം നാൾ മാവേലിയെ (തൃക്കാക്കരയപ്പൻ, ഓണത്തപ്പൻ) നടുമുറ്റത്ത് കുടിയിരുത്തി, വീട്ടിലെ ആൺകുട്ടിയെകൊണ്ട് പൂജ ചെയ്യിച്ച്, പെൺകുട്ടികളുടെ കൈകൊട്ടിക്കളിയും, ആൺകുട്ടികളുടെ ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവർക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാൾ, മാവേലിയെ എടുത്തു മാറ്റുന്നതു വരെ, ഓണം പൊടിപൊടിക്കുമായിരുന്നു.

ഇന്ന് സൂപ്പർമാർക്കറ്റിൽ നിന്നും എല്ലാം റെഡിമേഡ് ആയി സുലഭം, മാവേലിമന്നനെ കാലാന്തരത്തിൽ, പ്രച്ഛന്നവേഷമിട്ട കോമാളിരൂപത്തിലുള്ള ഒരു കുടവയറനാക്കി മാറ്റി. എന്നാലും ഓണം, ഓണം തന്നെ. വള്ളംകളിയും, അത്തപ്പൂമത്സരങ്ങളും, പുലികളിയും, ഘോഷയാത്രയും ഒക്കെയായി, ജാതിമതഭേദങ്ങളെല്ലാം മറന്ന് 'നാമെല്ലാം ഒന്നാണ്' എന്ന അനന്തമായ സത്യം ഓർമപ്പെടുത്തുന്ന ഒത്തുചേരലിന്റെ ഒരുത്സവമായി അതു മാറി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും, മലയാളി ഏറ്റവും ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിച്ചിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.