Sections

മഹാമാരിക്കിടയിലും രാജ്യത്തേക്ക് 13424 കോടി രൂപയുടെ വിദേശ നിക്ഷേപം

Saturday, Jul 10, 2021
Reported By GOPIKA G.S.
foreign investment

മഹാമാരിക്കിടയിലും ഇന്ത്യയില്‍ കോടികളുടെ വിദേശ നിക്ഷേപം
 

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനിടയിലും രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് എത്തിയത് 13424 കോടി രൂപയുടെ വിദേശ നിക്ഷേപം. കോവിഡ് കേസുകള്‍ രാജ്യത്ത് കുറഞ്ഞു വരുന്നുവെന്ന പ്രതീക്ഷയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. ജൂണ്‍ 1 മുതല്‍ 11വരെയുള്ള കാലയളവില്‍ 15520 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിക്ഷേപമായിയെത്തിയത്. അതേസമയം 2098 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന്  പിന്‍വലിക്കുകയും ചെയ്തു. ഐറ്റി,സാമ്പത്തികം, ഊര്‍ജ്ജ മേഖലകളിലാണ് പ്രധാനമായും നിക്ഷേപം ഉണ്ടായിരിക്കുന്നത്.

രാജ്യം വളര്‍ച്ചയുടെ പാതയില്‍ ആണെന്നതു കൊണ്ടു തന്നെ കൂടുതല്‍ വിദേശ നിക്ഷേപം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കുറഞ്ഞ പലിശ നിരക്കും, മികച്ച കയറ്റുമതി നയങ്ങളുമെല്ലാം ഇതിന് ആക്കം കൂട്ടുമെന്നാണ് കണ്ടെത്തല്‍. ഇതിനു പുറമേ വാക്‌സിനേഷന്‍ പുരോഗതിയും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതും മികച്ച മണ്‍സൂണ്‍ ലഭ്യതയുമെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നത് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണമാകും.

വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തമിഴ്നാട് ഈ വര്‍ഷമാദ്യം വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവില്‍ ഇളവുകള്‍, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നല്‍കുമെന്നാണ് പ്രഖ്യാപനം.

തമിഴ്നാട്ടിലെ വ്യവസായ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലകളില്‍ 50ശതമാനം നിരക്ക് ഇളവ് നല്‍കി ഭൂമി കൈമാറും. അഞ്ചുവര്‍ഷത്തേയ്ക്ക് വൈദ്യുതി നികുതിയില്‍ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴില്‍വരും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.