Sections

ഇന്ത്യ വിട്ട ഫോര്‍ഡ് അമേരിക്കയില്‍ 11.4 ബില്യണിന്റെ മെഗാ നിക്ഷേപത്തിന് ഒരുങ്ങുന്നു

Wednesday, Sep 29, 2021
Reported By admin
FORD


ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്‍വാങ്ങലിന് പിന്നാലെ അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. അമേരിക്കയിലെ ടെന്നസി, കെന്റക്കി എന്നിവിടങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ മൂന്ന് ബാറ്ററി നിര്‍മാണ ഫാക്ടറികളും അസംബ്ലി പ്ലാന്റും നിര്‍മിക്കുന്നതിനായി 11.4 ശതകോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ഫോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയയുടെ എസ് കെ ഇന്നവേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഫോര്‍ഡ് 7 ശതകോടി ഡോളറും എസ്‌കെ 4.4 ശതകോടി ഡോളറുമാകും ചെലവിടുക. ഫോര്‍ഡ് വൈദ്യുത വാഹന നിര്‍മാണത്തിനായി രണ്ട് പ്ലാന്റുകളും സ്ഥാപിക്കും. ഏകദേശം 11000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

2025 ഓടെ വൈദ്യുത വാഹനങ്ങള്‍ക്കായി 30 ശതകോടി ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഫോര്‍ഡിന്റെ പുതിയ പ്രഖ്യാപനമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജിം ഫാര്‍ലെ പറയുന്നു. ടെന്നസിയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പദ്ധതി ആറു ചതുരശ്ര മൈല്‍ പ്രദേശത്താണ്. ഒരു നൂറ്റാണ്ട് മുമ്പ് ഫോര്‍ഡ് സ്ഥാപകന്‍ ഹെന്റി ഫോര്‍ഡ് മിഷിഗണില്‍ നിര്‍മിച്ച പ്ലാന്റിനേക്കാള്‍ മൂന്നിരട്ടി വലിപ്പമാണ് ഇതിനുണ്ടാകുക. 

ഈ മാസം ആദ്യമാണ്, ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം അറിയിച്ചത്. ഏകദേശം നാലായിരത്തിലേറെ തൊഴിലാളികള്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.27 വര്‍ഷക്കാലമായി ഇന്ത്യന്‍ മണ്ണില്‍ നിന്ന് വരുമാനം നേടിയിരുന്ന വാഹന നിര്‍മ്മാതാക്കളായിരുന്നു ഫോര്‍ഡ്.ഇന്ത്യന്‍ വിപണിയില്‍ 90 കളില്‍ പ്രവേശിച്ച ആദ്യത്തെ മള്‍ട്ടി- നാഷണല്‍ ഓട്ടോമോട്ടീവ് കമ്പനികളില്‍ ഒന്നാണ് ഫോര്‍ഡ്.

കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടിലായിരുന്നു തങ്ങളെന്നാണ് കമ്പനി അടച്ചുപൂട്ടലിനെ കുറിച്ച് വിശദീകരിച്ചത്. രണ്ട് ബില്യണ്‍ ഡോളര്‍ പ്രവര്‍ത്തന നഷ്ടവും 0.8 ബില്യണ്‍ ഡോളര്‍ നിഷ്‌ക്രിയാസ്തികളുടെ എഴുതിത്തള്ളലും നേരിട്ടതിനെത്തുടര്‍ന്ന് രാജ്യത്തെ ബിസിനസ് നിലനിര്‍ത്താന്‍ വഴിയില്ലാതെ ആണ് തങ്ങള്‍ ഇന്ത്യ വിടുന്നതെന്നായിരുന്നു ഫോര്‍ഡ് നല്‍കിയ വിശദീകരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.