Sections

പ്രതിസന്ധി ഘട്ടങ്ങളില്‍ കടക്കെണിയില്‍ വീഴാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Friday, Jun 25, 2021
Reported By അമ്പു സേനന്‍
 local economy
debt awareness


കടങ്ങളെ അകറ്റി നിര്‍ത്താന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ 

 

പലപ്പോഴും നമ്മുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയും പാഴ്‌ചെലവുകളും നമ്മളെ കടക്കെണിയില്‍ ആക്കാറുണ്ട്. കോവിഡും അതിന് പിറകെ ലോക്ക്ഡൗണും കൂടിയായപ്പോള്‍ ബഹുഭൂരിപക്ഷം പേരും ആ പ്രതിസന്ധി ഘട്ടം നേരില്‍ അനുഭവിച്ചു. നമ്മുടെ കയ്യിലും കാശില്ല, കടം ചോദിയ്ക്കാന്‍ വിളിക്കുന്ന ഏറിയെ പങ്കും നമ്മുടെ അതേ അവസ്ഥയില്‍. ആ അവസരത്തില്‍ നമ്മള്‍ മുന്‍പ് ധൂര്‍ത്തടിച്ചും പാഴാക്കിക്കളഞ്ഞ പൈസ ഓര്‍ത്ത് ദുഃഖിക്കാറുണ്ട്. എന്തെങ്കിലും കരുതല്‍ ധനം ഉണ്ടായിരുന്നങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്ന നിമിഷം. പോയ ബുദ്ധിയും സമയവും തിരികെ കിട്ടില്ല. പക്ഷെ ഇനിയൊരു പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കാതിരിക്കാനും കടക്കെണിയില്‍ വീഴാതിരിക്കാനും നമുക്ക് കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കാം

 

1. സാമ്പത്തിക കാര്യത്തില്‍ ബോധവാനായിരിക്കുക

സാമ്പത്തിക കാര്യങ്ങളില്‍ മിനിമം അറിവ് ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ പൈസ ഏതെല്ലാം വഴിക്ക് ചെലവാകുന്നു എന്ന് വിലയിരുത്തി കണ്ടുപിടിക്കുക. അതില്‍ അനാവശ്യ ചെലവുകള്‍ ഉണ്ടെങ്കില്‍ അവ വെട്ടിച്ചുരുക്കുക. വീട്ടിലെ പലചരക്ക് സാധനങ്ങള്‍ മുതല്‍ പറമ്പില്‍ വീഴുന്ന തേങ്ങയ്ക്ക് വരെ എന്ത് വിലയുണ്ടാകുമെന്ന കുറഞ്ഞ അറിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം. നിക്ഷേപമോ മറ്റോ ഉണ്ടെങ്കിലോ അല്ലെങ്കില്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ തിരികെ ലഭിക്കുന്ന പലിശ നിരക്ക് മുതലായവ വിപണിയില്‍ ലഭ്യമായ മറ്റു നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യം ചെയ്ത് നോക്കുക. അതിന് ശേഷം നിക്ഷേപിക്കുക.

 

2. മിച്ചം പിടിക്കാന്‍ പഠിക്കുക

അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്നാണ് ലോക്ക്ഡൗണ്‍ നമ്മളെ പഠിപ്പിക്കുന്ന പാഠം. സാമ്പത്തികാസൂത്രണം മികച്ചതായാലേ അപ്രതീക്ഷിത സാഹചര്യങ്ങളെ മികവോട് നേരിടാനാവൂ. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി കയ്യില്‍ പണം മിച്ചം വെക്കുന്നത് ശീലമാക്കുക. ഇങ്ങനെ വയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പെട്ടന്ന് തന്നെ പണമായി അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുന്ന രീതിയിലുള്ള നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാലും മതിയാകും.

 

3. മാസ ബജറ്റ് ഉണ്ടാക്കുക

ജീവിതത്തിനു തന്നെ ഒരു താളം ഉണ്ടാക്കാന്‍ ബജറ്റ് തയാറാക്കുന്നതിലൂടെ സാധിക്കും. ഓരോ മാസവും സാധാരണ വരുന്ന ചെലവുകളെ കുറിച്ച് പോലും നമ്മള്‍ ബോധവാന്മാരായിക്കണം.അതിന് ബജറ്റ് സഹായിക്കും.ഓരോ കാര്യത്തിന് ഇത്ര തുക എന്ന് നേരത്തെ തീരുമാനിച്ചാല്‍ വായ്പായോ മറ്റോ ഉണ്ടെങ്കില്‍ അവ കൃത്യസമയത്ത് തിരിച്ചടയ്ക്കാനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനുമൊക്കെ അത് സഹായിക്കും.

 

4. കടം വീട്ടുന്നതില്‍ ശ്രദ്ധിക്കുക

സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതിന് ആദ്യം ചെയ്യേണ്ടത് നിലവിലുള്ള കടം തീര്‍ക്കുക എന്നതിന് മുന്‍ഗണന നല്‍കുകയാണ്. ക്രെഡിറ്റ് കാര്‍ഡ് വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ തുടങ്ങി പ്രയാസകാലത്ത് സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയ വായ്പ തുടങ്ങിയവയൊക്കെ തീര്‍ക്കാനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത്. മാസബജറ്റ് തയാറാക്കി കടം തിരിച്ചടവിന് പണം മാറ്റിവെച്ച് സാവധാനത്തില്‍ കടമെല്ലാം തീര്‍ക്കാം. ഇതില്‍ ബാങ്ക് വായ്പയ്ക്ക് മുന്‍ഗണന നല്‍കുക. ചെറിയ രീതിയില്‍ ഇപ്പോള്‍ അടയ്ക്കുന്ന ഇഎംഐയില്‍ മാറ്റം വരുത്തിയാല്‍ പെട്ടന്ന് തന്നെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ സാധിക്കും.

 

5. ക്രെഡിറ്റ് സ്‌കോര്‍ മുഖ്യം

ക്രെഡിറ്റ് സ്‌കോര്‍ ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണ്. നിങ്ങള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഇപ്പോഴും അല്ലെങ്കില്‍ ഭാവിയില്‍ വായ്പ ലഭിക്കണമെങ്കില്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. ചുരുങ്ങിയത് 700-750 സ്‌കോര്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നിലവിലുള്ള വായ്പ കൃത്യമായി തിരിച്ചടച്ചും മറ്റും ക്രെഡിറ്റ് സ്‌കോര്‍ താഴാതെ നോക്കാം. അതിലൂടെ പലിശയിളവ് പോലുള്ള പല നേട്ടങ്ങളും ഉണ്ടാകുകയും ചെയ്യും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.