Sections

മദ്യ വിൽപനയുടെ 5 വർഷങ്ങൾ; കേരളത്തിന്റെ വരുമാനത്തിൽ വൻ വർധന, ലാഭം 12,699 കോടി 

Sunday, Dec 25, 2022
Reported By admin
bevco

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു


മദ്യവില്പനയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ വൻ വർധന. 2021-22 സാമ്പത്തിക വർഷത്തിൽ, തൊട്ടു മുമ്പത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2,307 കോടി രൂപയുടെ വർധന ഉണ്ടായതായി, സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017-18 സാമ്പത്തിക വർഷം മുതൽ 2021-22 വരെയുള്ള അഞ്ച് വർഷങ്ങൾ കൊണ്ട് 54,673 കോടി രൂപയാണ് മദ്യവില്പനയിലൂടെ സംസ്ഥാന സർക്കാരിന് വരുമാനം ലഭിച്ചത്. ഇക്കാലയളവിൽ 12,699 കോടി രൂപയുടെ ലാഭമാണ് സർക്കാർ നേടിയത്.

വിശദമായ കണക്കുകൾ (സാമ്പത്തിക വർഷം, വരുമാനം എന്ന ക്രമത്തിൽ) താഴെ നൽകിയിരിക്കുന്നു.

2017-18 - 9,606 കോടി
2018-19 - 10,903 കോടി
2019-20 - 11,073 കോടി
2020-21 - 10,392 കോടി
2021-22 - 12,699 കോടി

ലോകകപ്പിൽ റെക്കോർഡ് വിൽപന

ഇക്കഴിഞ്ഞ ഫുട്ബോൾ ലോകകപ്പ് ഫൈനൽ ദിനത്തിലും കേരളത്തിൽ വൻ തോതിൽ മദ്യ വില്പന നടന്നിരുന്നു. ഫ്രാൻസും, അർജന്റീനയും തമ്മിലുള്ള ഫൈനൽ മത്സരം നടന്ന ഡിസംബർ 18 ന് മാത്രം കേരളത്തിൽ 50 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. ബെവ്കോയിൽ നിന്നു മാത്രമുള്ള വില്പനക്കണക്കാണ് ഇത്. സാധാരണ ഗതിയിൽ ഞായറാഴ്ചകളിൽ, ബെവ്കോയിലൂടെ 33 മുതൽ 34 കോടി രൂപയുടെ വരെ മദ്യമാണ് വിൽക്കാറുള്ളത്. ഇവിടെ ഒറ്റ ദിവസം കൊണ്ട് 15 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് ലഭിച്ചതെന്ന് ബെവ്കോ എംഡി, യോഗേഷ് ഗുപ്ത അറിയിച്ചു.

സ്വകാര്യ ബാറുകളിലെ വില്പനക്കണക്കുകൾ കൂടി ചേരുമ്പോൾ സർക്കാരിന്റെ വരുമാനം ഇനിയും ഉയരും. ഡിസംബർ 21 മുതലുള്ള ക്രിസ്മസ് അവധിക്കാലത്ത് ഏകദേശം 600 കോടിയിലധികം രൂപയുടെ വില്പന നടക്കുമെന്നാണ് ബെവ്കോ കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന്, സെപ്തംബർ 1 മുതൽ 7 വരെയുള്ള കാലയളവിൽ 624 കോടി രൂപയുടെ റെക്കോർഡ് വില്പനയാണ് ബെവ്കോ നടത്തിയത്. അതേസമയം വിദേശ മദ്യത്തിന്റെ വില്പന നികുതി അടുത്തിടെ 247% ൽ നിന്നും 4 ശതമാനം വർധിപ്പിച്ച് 251% ആക്കിയിരുന്നു. ഇതോടെ വില്പനവില 2% വരെ വർധിച്ചു. ഇതിലൂടെ വിവിധ ബ്രാൻഡുകൾക്ക് ബോട്ടിലിന് 10 രൂപ മുതൽ 20 രൂപ വരെ വർധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.