Sections

സംസ്ഥാനത്ത് മത്സ്യത്തിന് ന്യായവില ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി

Wednesday, May 03, 2023
Reported By admin
fish

ലൈഫ് മിഷൻ, പുനർഗേഹം പദ്ധതികൾ വഴി സുരക്ഷിത ഭവനം ഉറപ്പാക്കും


ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ മത്സ്യത്തിന് ന്യായവില ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ ബ്ലോക്കിൽ സംഘടിപ്പിച്ച തീരസദസിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും ഈ നിയമം ഉറപ്പാക്കുമെന്നും ഇതിനായി പ്രത്യേക നിയമം നിയമസഭയിൽ പാസാക്കിയിട്ടുണ്ടെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

'അടുത്ത 3 വർഷത്തിനുള്ളിൽ ഭവനരഹിതരായ എല്ലാ മത്സ്യതൊഴിലാളികൾക്കും ലൈഫ് മിഷൻ, പുനർഗേഹം പദ്ധതികൾ വഴി സുരക്ഷിത ഭവനം ഉറപ്പാക്കും. ലൈഫ് മിഷനായി പട്ടയം കൈമാറിയവർക്ക് ഉടൻ തന്നെ പട്ടയം തിരികെ കൈമാറും. എല്ലാ മത്സ്യതൊഴിലാളി വീടുകളുടെയും ഇലക്ട്രിഫിക്കേഷൻ, അറ്റകുറ്റപ്പണികൾ എന്നിവ 1 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. പറവൂർ ആസ്ഥാനമായി മൽസ്യബന്ധന വല നിർമാണ ഫാക്ടറിയുടെ നിർമാണം ഉടൻ ആരംഭിക്കും. 94 മൽസ്യതൊഴിലാളികൾക്ക് ചികിത്സാ ധനസഹായമായി 5,000 രൂപ വീതം നൽകും. മത്സ്യതൊഴിലാളി കുടുംബങ്ങളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട എല്ലാ കുട്ടികളുടെയും ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസച്ചെലവ് സർക്കാർ വഹിക്കും', മന്ത്രി പറഞ്ഞു.

മൽസ്യബന്ധന സീസണിനുമുമ്പ് യാനങ്ങളുടെ എൻജിനുകളും വലകളും വിതരണം ഉറപ്പാക്കും. പുറക്കാട് 13, 14 വാർഡുകളിൽ അടിയന്തിരമായി പുലിമുട്ട് സ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളും. ഫിഷറീസ് സർവകലാശാലയുടെ കീഴിൽ കൊല്ലത്ത് പുതിയതായി കോളേജ് അടുത്ത വർഷം സ്ഥാപിക്കും. അമ്പലപ്പുഴ ഇ.എസ്.ഐ മത്സ്യഭവൻ ഓഫീസ് നിർമാണത്തിനായി 1 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നു അനുവദിച്ചു. തീരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാൻ മത്സ്യ തൊഴിലാളികളുടെ സഹകരണത്തോടെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിലൂടെ 610 കിലോമീറ്റർ വരുന്ന സംസ്ഥാനത്തിന്റെ തീരം ഓണക്കാലത്ത് ഒരു ദിവസത്തെ യജ്ഞത്തിലൂടെ പ്ലാസ്റ്റിക് മുക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ എച്ച് സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. ഹാരീസ്, മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, മുൻ എം.എൽ.എ വി.ദിനകരൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.എസ് സുദർശനൻ, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശോഭ ബാലൻ, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ജെ. സൈറസ്, പുന്നപ്ര അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം. ശ്രീകണ്ഠൻ, മത്സ്യഫെഡ് ജില്ല മാനേജർ ബി.ഷാനവാസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് എ.വി അനിത, ട്രേഡ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മൽസ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.