- Trending Now:
തൊഴിൽ മേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടാൻ തൊഴിൽ അന്വേഷകർക്ക് കൃത്യവും തൃപ്തികരവുമായ കരിയർ മാർഗ്ഗ നിർദ്ദേശവും പരിശീലനവും സൗജന്യമായി നൽകി, അവരവരുടെ കഴിവിനും താൽപര്യത്തിനും അനുസരിച്ചു വൈവിധ്യമാർന്ന കോഴ്സുകൾക്ക് പ്രവേശനം നേടാൻ സഹായിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്റർ കരമനയിൽ ഒരുങ്ങുന്നു. ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തൊഴിലന്വേഷകർക്ക് പുതിയ ദിശാബോധം നൽകി മാറി വരുന്ന തൊഴിൽ അവസരങ്ങൾക്കനുസരിച്ച്, തൊഴിൽ നേടുവാൻ പ്രാപ്തരാക്കുന്നതിന് വേണ്ടി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് കേരളയുടെ സുപ്രധാന കാൽവയ്പ്പാണ് കരിയർ ഡവലപ്മെന്റ് സെന്ററെന്ന് മന്ത്രി പറഞ്ഞു. കരിയർ സംബന്ധമായ ഏതു പ്രശ്നത്തിനും പരിഹാരം നൽകുന്ന കേന്ദ്രമായിരിക്കും സെന്ററെന്നും ഈ മേഖലയിൽ സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ സൂചന കൂടിയാണിതെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് കരിയർ ഗൈഡൻസിന് മാത്രമായി പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുളള ഒരു സംവിധാനം ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ശരിയായ കരിയർ വിജ്ഞാനം യഥാസമയത്ത് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നൽകിയാൽ മാത്രമേ നിശ്ചിത പ്രായപരിധിക്കകം അവർക്ക് ലക്ഷ്യപ്രാപ്തി നേടാൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. അന്തർദേശീയ സ്വഭാവമുളള സേവനങ്ങളാണ് കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ ലഭ്യമാകുക. സെന്ററിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഉന്നത പഠന മേഖലകളെയും അതുവഴി എത്തിച്ചേരേണ്ട തൊഴിൽ മേഖലകളെക്കുറിച്ചും തീരുമാനം എടുക്കുന്നതിനും പുതിയ കോഴ്സുകളെക്കുറിച്ചും തൊഴിൽ മേഖലകളെക്കുറിച്ചുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുന്നതിനുളള മാർഗ നിർദ്ദേശങ്ങൾ, തുടർ പഠന സാധ്യതകൾ, തൊഴിലന്വേഷകരെ അവരുടെ അഭിരുചിക്കനുസരിച്ചു ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ, വിവിധ മത്സര പരീക്ഷ പരിശീലന പരിപാടികൾ തുടങ്ങിയ വിവിധ സേവനങ്ങളാണ് കരിയർ ഡെവലപ്പ്മെന്റ് സെന്ററുകൾ വഴി നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കാൻ ബിരുദ പഠന കാലയളവിൽ തന്നെ പരിശീലനം നൽകുന്ന ധനുസ് പദ്ധതി കരമനയിലും ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും നാല് കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷം രൂപ ചെലവഴിച്ച് കരമന ബി.എച്ച്.എസ് സ്കൂൾ കോമ്പൗണ്ടിലാണ് സെന്റർ സ്ഥാപിക്കുന്നത്. അന്തരിച്ച ലോകപ്രസിദ്ധനായ ശാസ്ത്രജ്ഞനും കരമന ബി.എച്ച്.എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ സ്ഥാണു പദ്മനാഭന്റെ സ്മരാണർത്ഥമാണ് സെന്റർ നിലവിൽ വരുന്നത്. കരിയർ ഇൻഫർമേഷൻ, വ്യക്തിഗത ഗൈഡൻസ്, ഗ്രൂപ്പ് ഗൈഡൻസ്, കരിയർ കൗൺസിലിംഗ്, കരിയർ ഇന്ററസ്റ്റ് ടെസ്റ്റ്, ലക്ഷ്യം നിർണ്ണയിക്കൽ, മോട്ടിവേഷൻ ക്ലാസ്സുകൾ, പ്രീ-ഇന്റർവ്യൂ പരിശീലനം, വ്യക്തിത്വ വികസന പരിപാടികൾ, മത്സരപരീക്ഷാ പരിശീലനം തുടങ്ങിയ വിവിധ പരിപാടികളാണ് സെന്റർ വഴി സൗജന്യമായി നൽകുന്നത്. വാർഡ് കൗൺസിലർ മഞ്ജു ജി.എസ് അധ്യക്ഷയായ ചടങ്ങിൽ എംപ്ലോയ്മെന്റ് ഡയറക്ടർ വീണ എൻ മാധവൻ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.