Sections

കണ്ണിന് പരിക്ക് പറ്റുമ്പോൾ ചെയ്യേണ്ടുന്ന പ്രഥമ ശുശ്രൂഷകൾ

Monday, Jun 03, 2024
Reported By Soumya
First Aid for Eye Injury

കണ്ണിന് ചെറിയ പരുക്കുകൾ സംഭവിക്കുന്നത് സാധാരണമാണ്. പ്രത്യേകിച്ച് പൊടിയും മറ്റും കണ്ണിൽ വീഴുമ്പോൾ. കണ്ണിൽ കരടു പോയാൽ അത് പുറത്തെടുക്കുന്നതു വരെ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചിന്തക്കുന്നതിനും അപ്പുറമാണ്. ഇത് സംഭവിക്കുമ്പോൾ നമ്മൾ വേഗത്തിൽ ചെയ്യുന്ന ഒരു കാര്യം കണ്ണ് തിരുമ്മുന്നതാവും. കണ്ണിന് പരിക്കുകൾ പറ്റുമ്പോൾ ചെയ്യേണ്ടുന്ന പ്രഥമ ശുശ്രൂഷകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

  • കണ്ണ് തിരുമ്മരുത്. തിരുമ്മിയാൽ കൃഷ്ണമണിക്കും കണ്ണിന്റെ പ്രതലത്തിനും പോറലേൽക്കാനിടയുണ്ട്.
  • കണ്ണിൽ എന്തെങ്കിലും മുറിവേറ്റാൽ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ പുരട്ടരുത്. അശാസ്ത്രീയമായ രീതികൾ അന്ധതയ്ക്ക് കാരണമാകും.
  • കണ്ണിൽ വീണ വസ്തു നീക്കം ചെയ്യാനായി വെള്ളം ധാരാളമായി ഉപയോഗിച്ച് കഴുകുക. ഇത് കണ്ണിൽ പുറമേ കിടക്കുന്നതാണെങ്കിൽ കഴുകുന്നത് വഴി നീക്കം ചെയ്യാനാവും.
  • ബൈക്കിലും മറ്റും പോകുമ്പോൾ കണ്ണിൽ ചെറിയ പ്രാണികൾ വീഴാറുണ്ട്. ഉടൻ കണ്ണിന് എരിച്ചിലും മറ്റും ഉണ്ടാകാം. ബൈക്ക് സുരക്ഷിതമായി നിർത്തി ഒരു കണ്ണാടിയുപയോഗിച്ച് പ്രാണി വീണ കണ്ണ് പരിശോധിക്കുക. കൺപോളയുടെ താഴെയോ മറ്റോ പ്രാണി പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ നല്ലവണ്ണം ഇമവെട്ടുക. അപ്പോൾ പ്രാണി നീങ്ങിയേക്കാം. തുടർന്ന് ധാരാളം വെള്ളമൊഴിച്ച് കണ്ണ് കഴുകുക.
  • കണ്ണിന് തുടർന്നും അസ്വസ്ഥത അനുഭവപ്പെട്ടാൽ കണ്ണ് പൊതിഞ്ഞ ശേഷം ഒരു നേത്രരോഗ വിദഗ്ദനെ കാണുക. വസ്തുക്കൾ കണ്ണിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ ലോക്കൽ അനസ്തേഷ്യ നല്കി ഇത് നീക്കം ചെയ്യാനാവും.
  • തുളസിയിലയും നന്ത്യാർവട്ടവുമൊക്കെ കണ്ണിൽ പിഴിഞ്ഞൊഴിക്കുന്നത് ഏതെങ്കിലും വിധത്തിൽ നല്ലതാണെന്ന് അലോപ്പതിയിൽ തെളിഞ്ഞിട്ടില്ല. കണ്ണിൽ പുറമേനിന്നുള്ള വസ്തു പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന അസ്വസ്ഥതകൾ മാത്രമാവും ഫലം. തുളസിനീരും നന്ത്യാർവട്ടവും പിഴിഞ്ഞൊഴിക്കുമ്പോൾ കണ്ണിൽ സ്വാഭാവികമായി കണ്ണുനീർ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ പിഴിയുന്നതുകൊണ്ട് കണ്ണിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
  • ചുണ്ണാമ്പ്, കുമ്മായം മുതലായവ കണ്ണിൽ വീണുള്ള പൊള്ളൽ താരതമ്യേന ഗുരുതരമാവും. കണ്ണ് ശുദ്ധവെള്ളത്തിൽ നന്നായി കഴുകുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്. എത്രയും വേഗം ഡോക്ടറുടെ സഹായം തേടണം.
  • കണ്ണിൽ പൊടിവീണാലോ മുറിവേറ്റാലോ മുലപ്പാൽ, മറ്റ് പച്ചമരുന്നുകൾ എന്നിവ ഒഴിക്കരുത്.
  • കണ്ണിൽ പോയ വസ്തു സ്വയം പുറത്തെടുക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ അത് കൂടുതൽ കുരുങ്ങിക്കിടക്കാനിടയാകും. കണ്ണിൽ അന്യവസ്തുക്കൾ എങ്ങനെയാണ് കിടക്കുന്നത് എന്നത് പ്രധാനമാണ്. ഇത് കാഴ്ചയെ ബാധിക്കുന്നതാണ്.
  • നന്നായി ഇമവെട്ടുക. അപ്പോൾ കണ്ണിലെ നനവ് കൂടി പൊടി സ്വാഭാവികമായി നീങ്ങും. എന്നിട്ടും കരട് തങ്ങിനിൽക്കുകയാണെങ്കിൽ വേഗം നേത്രരോഗ വിദഗ്ധനെ കാണണം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.