- Trending Now:
ഇന്ത്യയുടെ വൈവിധ്യങ്ങൾ കൊച്ചിയുടെ മണ്ണിൽ ഒരുക്കി ജന മനസ് കീഴടക്കി മുന്നേറുന്ന ദേശീയ സരസ്മേള ഇനി നാലു ദിനങ്ങൾ കൂടി മാത്രം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ തൊട്ട് അലങ്കാരവസ്തുക്കൾ വരെ ഒരു കുടകീഴിൽ ഒരുക്കി ആഘോഷങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും കലാസാംസ്കാരിക പരിപാടികളുമായി സരസ് കൊച്ചി കീഴടക്കി കഴിഞ്ഞു. ഇരുന്നൂറ്റിയമ്പതിലധികം വിപണന സ്റ്റാളുകളും 40 ഭക്ഷ്യ സ്റ്റാളുകളുമാണ് മേളയിൽ ഉള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധനങ്ങൾ സ്വന്തമാക്കാനും ഭക്ഷ്യ വൈവിധ്യങ്ങളുടെ സ്വാദ് അറിയാനുമുള്ള അവസരം ഒരുക്കുകയാണ് സരസ്.
കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഉള്ള ശുദ്ധമായ സുഗന്ധവ്യഞ്ജനങ്ങൾ ഇവിടെ ലഭ്യമാണ്. കളിമണ്ണിൽ തീർത്ത പാത്രങ്ങളും, ശില്പങ്ങളും, ചിരട്ടയിൽ തീർത്ത സ്പൂൺ, പത്രങ്ങൾ, ഇരുമ്പ് ചട്ടികൾ, കത്തികൾ, ചീചട്ടി, ചിരവ, എന്നിവ ന്യായമായ വിലയിൽ ഇവിടെനിന്ന് വാങ്ങാം. കുടുംബശ്രീ യൂണിറ്റുകൾ ഉല്പാദിപ്പിക്കുന്ന ശുദ്ധവും ഗുണമേന്മയുംമുള്ള കറിപൗഡറുകൾ, ചിപ്പ്സ്, അച്ചാറുകൾ, വൈൻ, ക്വാഷ്, കേക്ക്, സോപ്പ്, ക്ലീനിങ് ലോഷൻ, സൗന്ദര്യ വർദ്ധക വസ്തുക്കൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും സരസ് ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്ര വൈവിധ്യങ്ങളാണ് സരസ്സിന്റെ മറ്റൊരു ആകർഷണം. വിവിധ നിറങ്ങളിലും വ്യത്യസ്ത ഡിസൈനുകളിലും തുണികളിലും ലഭിക്കുന്ന വസ്ത്രങ്ങൾക്കായി നിരവധി ആളുകളാണ് സ്റ്റാളുകളിലേക്ക് എത്തുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് മനോഹരമായ ഡിസൈനിലുള്ള കുർത്തകളും, ചുരിദാർ മെറ്റീരിയലുകളും ശ്രദ്ധ നേടി കഴിഞ്ഞു. മികച്ച ഓഫറുകലാണ് ഭൂരിഭാഗം സ്റ്റോളുകളിലും വസ്ത്രങ്ങളുടെ വിൽപ്പന. തറിയിൽ നെയ്തെടുത്ത കേരളത്തിന്റെ സ്വന്തം കൈത്തറി മുതൽ കമ്പിളിയിൽ തീർത്ത കാശ്മീരിന്റെ അമൂല്യമായ പശ്മിന ഷാൾ വരെ ലഭ്യമാണ്.ഒഡീഷയുടെ ട്രൈബൽ പ്രിന്റ് സാരികൾ, ചിത്രപ്പണികളാൽ സമ്പന്നമായ ആന്ധ്രയുടെ കലംകാരി സാരികൾ, ചത്തീസ്ഘട്ടിന്റെ മധുബനി പ്രിന്റഡ് സാരികൾ, പോച്ചാംപിള്ളി സാരികൾ, മധുരൈ ചെട്ടിനാട് കോട്ടൺ സാരികൾ, ഗുജറാത്ത്, ഹിമാചൽ, ഹരിയാന, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള സാരികൾ എന്നിവ ലഭ്യമാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെരിപ്പുകളും മേളയിൽ ലഭ്യമാണ്. ഉത്തരാഖണ്ഡിന്റെ മനോഹരമായ നിറങ്ങളിൽ കല്ലുകളും മുത്തുകളും പതിപ്പിച്ച് കൈകൾ കൊണ്ട് നിർമ്മിച്ച കോലാപ്പൂരി ചെരുപ്പുകൾ സ്വന്തമാക്കാൻ നിരവധി പേരാണ് എത്തുന്നത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ,ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വർണ്ണാഭമായ ചെരുപ്പുകളും സരസിലുണ്ട്.
ബെഡ്ഷീറ്റുകൾ, ചവിട്ടികൾ, തുണി ബാഗുകൾ, അലങ്കാരവസ്തുക്കൾ, അടുക്കള ഉപകരണങ്ങൾ എന്നിവയും ന്യായവിലയിൽ സരസിൽ നിന്ന് സ്വന്തമാക്കാം. കൃത്രിമ മുത്തുകൾ, ഓക്സിഡയിസ്ഡ് സിൽവർ, കളിമണ്ണ്, മരം, എന്നിവയിൽ നിർമ്മിച്ച മനോഹരമായ ആഭരണ വൈവിധ്യങ്ങളും സ്റ്റാളുകളിൽ ഉണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ രുചികൾ ആസ്വദിക്കാൻ നിരവധി പേരാണ് ഭക്ഷ്യമേളയിലേക്ക് എത്തുന്നത്. കൊച്ചി സ്പെഷ്യലായി അവതരിപ്പിച്ച കൊച്ചി മൽഹാർ , തിരുനെല്ലി മോമോസ് എന്ന തിമോ മഹാരാഷ്ട്രയുടെ പൂരൻ പോളി, അരുണാചൽ പ്രദേശിന്റെ ബീഫ് കോൺ സൂപ്പ് , അട്ടപ്പാടിയുടെ സ്വന്തം വന സുന്ദരി, ആലപ്പുഴയുടെ കരിമീൻ പൊള്ളിച്ചത്, ലക്ഷദ്വീപിന്റെ ഹൽവ, വിവിധ തരം ബിരിയാണികൾ, നാടൻ വിഭവങ്ങൾ എന്നിവയാണ് ഭക്ഷ്യമേളയുടെ ആകർഷണം. വിവിധ തരം ബിരിയാണികൾ, വിവിധ നാടുകളിലെ തനത് വിഭവങ്ങൾ, ജ്യൂസുകൾ എന്നിവ ഇവിടെ ലഭ്യമാണ്.
നാല്പതോളം സ്റ്റാളുകളാണ് രുചി വൈവിധ്യങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കാൻ ഭക്ഷ്യമേളയിൽ ഒരുങ്ങിയിരിക്കുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, സിക്കിം, ലക്ഷ്വദീപ്, തെലുങ്കാന , അരുണാചൽ പ്രദേശ് , മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എറണാകുളം, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, അട്ടപ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള തനത് രുചി വൈവിധ്യങ്ങളും മേളയിൽ ലഭ്യമാണ്.
വിപണന സ്റ്റാളുകളും ഭക്ഷ്യവൈവിധ്യങ്ങൾക്കും ഒപ്പം കലാ സാംസ്കാരിക പരിപാടികളാൽ സമ്പന്നമാണ് സരസ് . പ്രഗൽഭരായ കലാകാരന്മാരുടെ കലാപ്രകടനത്തിനും സമകാലിക പ്രസക്തമായ സെമിനാറുകൾക്കും സാക്ഷ്യം വഹിച്ചു കൊണ്ടാണ് മേള മുന്നോട്ടുപോകുന്നത്. ജനുവരി ഒന്നു വരെ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സരസ് മേള തുടരും. പ്രവേശനം സൗജന്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.