Sections

സംരംഭകർക്കായുള്ള ധനസഹായ പദ്ധതികൾ; കരകൗശല തൊഴിലാളികൾക്കായി ആഷ പദ്ധതി

Tuesday, Sep 26, 2023
Reported By Admin
Asha Scheme for Artisans

കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായം നൽകുന്ന പദ്ധതിയാണ് ആഷ പദ്ധതി. കരകൗശല മേഖലയിൽ നൂതന സംരംഭങ്ങൾ വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി മുഖേന കരകൗശല സംരംഭങ്ങൾക്ക് സ്ഥിരനിക്ഷേപത്തിന്റെ 40 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ വരെ) ഗ്രാന്റ് നൽകും. വനിതകൾ, പട്ടിക ജാതി/പട്ടിക വർഗ്ഗ സംരംഭകർ, യുവാക്കൾ (പ്രായപരിധി 18-45) എന്നീ പ്രത്യേക വിഭാഗങ്ങൾ ആരംഭിക്കുന്ന കരകൗശല സംരംഭങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ 50 ശതമാനം (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) ഗ്രാന്റ് നൽകും. ഇതര സർക്കാർ ഗ്രാന്റ് അനുവദിക്കപ്പെട്ടിട്ടുളളവരാണെങ്കിൽ ആ തുക കിഴിച്ച് ബാക്കി അർഹമായ തുക പദ്ധതി പ്രകാരം ലഭ്യമാക്കും. വർക്ക് ഷെഡ് നിർമ്മാണം, പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുക, വൈദ്യുതീകരണം നടത്തുക, ടെക്നോളജി, ഡിസൈൻ കരസ്ഥമാക്കുക എന്നിവക്കായി ചെലവഴിക്കുന്ന തുക ഗ്രാന്റിനായി പരിഗണിക്കും.

അപേക്ഷ നൽകേണ്ട വിധം

താത്പര്യമുള്ളവർ അപേക്ഷകൻ ഒപ്പിട്ട നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പ്, യുവ സംരംഭകൻ ആണെങ്കിൽ ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖയുടെ പകർപ്പ്, ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട അപേക്ഷകരാണെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പ്രോജക്ട് റിപ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മെഷിനറികളുടെ ബില്ലുകളുടെയും പേമെന്റ് പ്രൂഫിന്റെയും (ക്യാഷ് രസീതുകൾ) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വർക്ക് ഷെഡ് ക്ലെയിം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പ്ലാനും എസ്റ്റിമേറ്റും എന്നിവ സഹിതമുള്ള അപേക്ഷ ബ്ലോക്ക്/താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസർക്ക് നൽകണം.

ഗ്രാന്റ് കൈപ്പറ്റിക്കഴിഞ്ഞാൽ തുടർച്ചയായി അഞ്ച് വർഷം സ്ഥാപനം പ്രവർത്തിച്ചിരിക്കണം. കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭമാണ് ആരംഭിക്കേണ്ടത്. സംരംഭം തുടങ്ങി ആറു മാസത്തിനുള്ളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷ നൽകുന്നതിന് പ്രത്യേക ഫീസ് ഇല്ല. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ ബാധകമല്ല. സംരംഭകൻ കരകൗശല തൊഴിലാളിയായിരിക്കണം. അപേക്ഷകർക്ക് ആർട്ടിസാൻ കാർഡ് ഉണ്ടായിരിക്കണം. ബാങ്ക് വായ്പ എടുക്കാതെ സ്വന്തം നിലയിൽ നിക്ഷേപം നടത്തുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.