Sections

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു

Saturday, Aug 12, 2023
Reported By Admin
Finance Commission

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വൻമാറ്റം


പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ഹെൽത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം, രോഗനിർണയ സംവിധാനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് ആന്റ് വെൽനസ് പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിർണയ സൗകര്യങ്ങൾ, അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയ സ്കീമുകളിലായാണ് തുകയനുവദിച്ചത്.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ മേഖലയിൽ വലിയ വികസനങ്ങൾ സാധ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഫണ്ടിന് പുറമേ ഹെൽത്ത് ഗ്രാന്റായി അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കാൻ സാധിക്കും. ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ കെട്ടിട നിർമ്മാണത്തിനായി മൂന്ന് വർഷങ്ങളിലാണ് തുകയനുവദിക്കുന്നത്. 513 ജനകീയാരോഗ്യ കേന്ദ്രങ്ങൾക്ക് 55.5 ലക്ഷം വീതവും 13 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 1.43 കോടി വീതവും 5 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾക്ക് 5.75 കോടി രൂപ വീതവുമായാണ് 3 വർഷങ്ങളായി അനുവദിക്കുന്നത്. 2022-23 വർഷത്തിൽ ജനകീയാരോഗ്യ കേന്ദ്രം 27.5 ലക്ഷം, കുടുംബാരോഗ്യ കേന്ദ്രം 35.75 ലക്ഷം, സാമൂഹ്യാരോഗ്യ കേന്ദ്രം 1.15 കോടി എന്നിങ്ങനെ വീതമാണ് തുകയനുവദിച്ചത്.

77 പുതിയ ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകൾക്ക് 27.57 ലക്ഷം രൂപ വീതം അനുവദിച്ചു. ഈ തുകയുപയോഗിച്ച് ബ്ലോക്ക് യൂണിറ്റ്, ബ്ലോക്ക് പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിൽ ആരോഗ്യ സ്ഥാപനങ്ങളിലെ രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 89.18 കോടി രൂപ അനുവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 14 തരം പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മറ്റാശുപത്രികളും വഴി 64 തരം പരിശോധനകളും സജ്ജമാക്കുന്നതിനുള്ള സൗകര്യങ്ങളേർപ്പെടുത്തും.

941 ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലുള്ള ജനകീയാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും ഹെൽത്ത് ആന്റ് വെൽനസ് പ്രവർത്തനങ്ങൾക്ക് 37.20 കോടി രൂപ അനുവദിച്ചു. ഇതുപയോഗിച്ച് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ, ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ, അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണം, രോഗികൾക്കാവശ്യമായ തുടർപ്രവർത്തനങ്ങൾ, ജനകീയാരോഗ്യ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, വിവര സാങ്കേതികവിദ്യയുപയോഗിച്ചുള്ള ബോധവത്ക്കരണം, പരിശീലനം എന്നിവ സാധ്യമാക്കും.

നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ, മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ രോഗനിർണയ സൗകര്യങ്ങൾക്കായി 43.84 കോടി രൂപ 93 നഗര ഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.