- Trending Now:
ഇത്തരമൊരു സംവിധാനം വരുന്നതോടെ ശേഖരിക്കുന്ന വിവരങ്ങള്‍ ആര്‍ക്കും മാറ്റാനാവില്ലെന്ന് സിസിഐ
രാജ്യത്തെ സിനിമ വ്യവസായത്തിന് സ്വയം നിയന്ത്രണം നിര്‍ദ്ദേശിച്ച് Competition Commission of India (CCI). സിനിമ വിതരണ ശൃംഖലയിലെ മത്സരം സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ച് അറിയുന്നതിനായി 2021 ഡിസംബറില്‍ സിസിഐ ഒരു മാര്‍ക്കറ്റ് പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് കമ്മീഷന്‍, സിനിമാ വ്യവസായത്തിന് മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വച്ചത്.
ബോക്‌സ് ഓഫീസ് മോണിറ്ററിങ് സംവിധാനം നടപ്പിലാക്കാനും മള്‍ട്ടിപ്ലെക്‌സ് പ്രൊമോഷന്‍ ചിലവ് പങ്കിടാനും വെര്‍ച്വല്‍ പ്രിന്റ് ഫീസ് ഘട്ടങ്ങളായി വാങ്ങാനും ഏറ്റവും പുതിയ പഠനത്തില്‍ ഫിലിം വിതരണ ശൃംഖലകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ടിക്കറ്റിംഗ് ലോഗുകളും റിപ്പോര്‍ട്ടുകളും ഉണ്ടാക്കുന്നതിനും റെക്കോര്‍ഡ് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായാണ് ബോക്‌സ് ഓഫീസ് മോണിറ്ററിംഗ് സിസ്റ്റം ശുപാര്‍ശ ചെയ്യുന്നത്. ഇത്തരമൊരു സംവിധാനം വരുന്നതോടെ ശേഖരിക്കുന്ന വിവരങ്ങള്‍ ആര്‍ക്കും മാറ്റാനാവില്ലെന്ന് സിസിഐ നിരീക്ഷിക്കുന്നു.
ബോക്‌സ് ഓഫീസ് വരുമാനത്തില്‍ സുതാര്യത ഉറപ്പു വരുത്തുന്നതാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. സിനിമ നിര്‍മ്മാതാക്കളുമായും വിതരണക്കാരുമായും മള്‍ട്ടിപ്ലക്‌സുകള്‍ അമിതമായ വിലപേശലുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതായി സിസിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കുന്ന വെര്‍ച്വല്‍ പ്രിന്റ് ഫീസ് (VPF) ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നും സിസിഐ അറിയിച്ചു. അനലോഗ് പ്രൊജക്ടറുകളെ ഡിജിറ്റല്‍ ആക്കി മാറ്റുന്നതിനുള്ള എക്‌സിബിറ്റര്‍മാര്‍ക്ക് വരുന്ന ചെലവിന് നിര്‍മ്മാതാക്കളും വിതരണക്കാരും നല്‍കുന്ന സബ്സിഡിയാണ് VPF.
ചലച്ചിത്രമേഖലയിലുള്ള അസോസിയേഷനുകള്‍ അംഗങ്ങളല്ലാത്തവരെ വിലക്കുന്നതില്‍ നിന്നും ബഹിഷ്‌കരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പതിനൊന്ന് ബോളിവുഡ് നിര്‍മ്മാതാക്കളും അസോസിയേഷനുകളും തമിഴ്, തെലുങ്ക്, മലയാളം സിനിമാ വ്യവസായങ്ങളില്‍ നിന്നുള്ള പതിനാല് നിര്‍മ്മാതാക്കളും പതിനൊന്ന് ഒടിടി പ്ലാറ്റ്ഫോമുകളും ആറു ബ്രോഡ്കാസ്റ്റര്‍മാരുമാണ് പഠനത്തില്‍ പങ്കുചേര്‍ന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.