Sections

കേരളത്തില്‍ രാസവള ക്ഷാമം-വിലക്കയറ്റം; ആകെ തളര്‍ന്ന് കര്‍ഷകര്‍

Tuesday, Jan 18, 2022
Reported By admin
fertilizer

കേരളത്തിലെ കര്‍ഷകരെ പൊട്ടാഷ് വളങ്ങളുടെ അടക്കം രാസവളങ്ങളുടെ വിലക്കയറ്റം എത്രഭീകരമായി ബാധിക്കുന്നുണ്ട് ?

 

അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു വാര്‍ത്ത കര്‍ഷകര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഡോ സി.ജോര്‍ജ്ജ് തോമസ് പൊട്ടാഷ് വളങ്ങളുടെ വിലക്കയറ്റത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.കേരളത്തിലെ മണ്ണില്‍ പൊട്ടാഷ് വളങ്ങളുടെ ആവശ്യകത കൂടുതലാണെന്നും അത് നല്‍കാതിരുന്നാല്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ അത് പ്രതികൂലമായി ബാധിക്കുമെന്നും ജോര്‍ജ്ജ് തോമസ് അഭിപ്രായപ്പെട്ടിരുന്നു.ശരിക്കും കേരളത്തിലെ കര്‍ഷകരെ പൊട്ടാഷ് വളങ്ങളുടെ അടക്കം രാസവളങ്ങളുടെ വിലക്കയറ്റം എത്രഭീകരമായി ബാധിക്കുന്നുണ്ട് ?

വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കുന്നില്ലെങ്കിലും കേരളത്തിലെ മണ്ണിനെയും കൃഷിയെയും പൊട്ടാഷ് വളങ്ങളുടെ വിലക്കയറ്റം കാര്യമായി ബാധിക്കുന്നുണ്ട്.കാരണം വടക്കേ ഇന്ത്യയിലെ മണ്ണില്‍ പൊട്ടാസ്യം ധാരാളമായിട്ടുണ്ട്.അവിടെ നെല്ല് ഗോതമ്പ് തുടങ്ങിയ വിളകള്‍ക്ക് 4:2:1 എന്ന എന്‍പികെ അനുപാതമാണ് വേണ്ടത്.ചില വിളകള്‍ക്ക് പൊട്ടാഷ്യം വളത്തിന്റെ ആവശ്യമേയില്ല.കേരളത്തിലെ മണ്ണില്‍ പൊട്ടാസ്യം കുറവായതുകൊണ്ട് നെല്ല് പോലുള്ള വിളകള്‍ക്ക് 2:1:1 എന്ന അനുപാതം വേണ്ടിവരുന്നു.മറ്റു വിളകളില്‍ പൊട്ടാഷിന്റെ ആവശ്യം ഇതിലും കൂടുതലാണ്.തെങ്ങിനും മരച്ചീനിയ്ക്കും അതുപോലുള്ള കിഴങ്ങ് വിളകള്‍ക്കും ഒക്കെ പൊട്ടാസ്യം അനുവാര്യമാണ്.

പൊട്ടാഷ്യം വളത്തിന്റെ കാര്യം മാത്രമല്ല കേരളത്തില്‍ രാസവളങ്ങള്‍ക്ക് അടുത്തകാലത്തായി വലിയ ക്ഷാമം നേരിടുകയാണ്.വാണിജ്യകൃഷി മേഖലയില്‍ രാസവളങ്ങളെ ഒഴിവാക്കാനേ സാധിക്കില്ല.ഇവ കുറഞ്ഞ വിലയില്‍ കര്‍ഷകര്‍ക്ക് ലഭ്യമക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ടിരുന്നു.രാസവളങ്ങളും,ജീവാണു വളങ്ങളും അടക്കം സസ്യപോഷണ ഉല്‍പാദനോപാധികളുടെ നിര്‍മ്മാണവും വില്‍പ്പനയും ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍,ഫെര്‍ട്ടിലൈസര്‍ മൂവ്‌മെന്റ് കണ്‍ട്രോള്‍ ഓര്‍ഡര്‍ എന്നിവ വഴി നിയന്ത്രിതമാണ്.

രാസവളത്തിന് വില നിര്‍ണയിക്കുന്നതിന് പോലും നിശ്ചിത മാനദണ്ഡം ഇന്ത്യയില്‍ ബാധകമാണ്.ഇത് അനുസരിച്ച് വളങ്ങളെ നിയന്ത്രിത വളങ്ങള്‍ എന്നും നിയന്ത്രണ രഹിത വളങ്ങള്‍ എന്നും തരംതിരിക്കാം.1992 ഓഗസ്റ്റ് 25 വരെ എല്ലാ രാസവളങ്ങളും നിയന്ത്രിത ഗണത്തില്‍ ആയിരുന്നു.അതിനു ശേഷം കൃഷി ആവശ്യത്തിനുള്ള യൂറിയ മാത്രം നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെട്ടു.ഫോസ്ഫറസ്,പൊട്ടാസ്യം വളങ്ങളും കൂട്ടുവളങ്ങളും ഒക്കെ നിയന്ത്രണരഹിത ഗ്രൂപ്പിലായി.

നിയന്ത്രിത വിഭാഗത്തിനുള്ള രാസവളങ്ങളുടെ ഉത്പാദന ചെലവ് അല്ലെങ്കില്‍ ഇറക്കുമതി ചെലവ് എത്രയാണെങ്കിലും അവയുടെ പരമാവധി വില(എംആര്‍പി)സര്‍ക്കാര്‍ തീരുമാനിക്കും.അതില്‍ കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ അനുവദിക്കില്ല.

നിയന്ത്രണരഹിത വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയുടെ വില ഉത്പാദനചെലവിന്റെ അല്ലെങ്കില്‍ ഇറക്കുമതി ചെലവിന്റെ അടിസ്ഥാനത്തില്‍ ക്മ്പനികള്‍ക്ക് തീരുമാനിക്കാം.എന്നാല്‍ സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡപ്രകാരമുള്ള സബ്‌സിഡി ലഭിക്കുമ്പോള്‍ വിലയില്‍ കുറവ് പ്രകടമാകും.അതുകൊണ്ടാണ് ഇവ സബ്‌സിഡി വളങ്ങള്‍ എന്നറിയപ്പെടുന്നത്.

നിലവില്‍ നൈട്രജന് കിലോയ്ക്ക് 18.789 രൂപയും ഫോസ്ഫറസിന് 14.888 രൂപയും പൊട്ടാഷിന് 10.116 രൂപയും സള്‍ഫറിന് 2.374 രൂപയും ആണ് പോഷകാധിഷ്ഠിത സബ്‌സിഡി.

ഫെര്‍ട്ടിലൈസര്‍ മോണിറ്റര്‍ സിസ്റ്റം വഴി 2017 മുതല്‍ രാസവളങ്ങളുടെ കടത്തും നീക്കിയയിരിപ്പും ഒക്കെ നിരികീഷിക്കുന്നുണ്ട്.2000ന് ശേഷം രാസവള നിര്‍മ്മാണവും വിതരണവും രാസവളം വകുപ്പിന് കീഴിലാണ്.യൂറിയയും സബ്‌സിഡി വളങ്ങളും ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് കടകളില്‍ വില്‍ക്കുന്നത്.

രാസവളം വാങ്ങുമ്പോള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞാല്‍ അതുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒടിപി എത്തും.ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ സ്ബസിഡി തുകയും വിലയും രേഖപ്പെടുത്തിയ വ്യക്തമായ ബില്ല് ലഭിക്കും.മുന്‍വര്‍ഷം കൊടുക്കാനുള്ള 20000 കോടി അടക്കം 2017-18 വര്‍ഷത്തില്‍ രാസവള സബ്‌സിഡി ഇനത്തില്‍ 70079.85 കോടി രൂപയാണ് സര്‍ക്കാരിന് ചെലവായത്.ഇതില്‍ കാര്‍ഷിക ആവശ്യത്തിനുള്ള യൂറിയയ്ക്ക മാത്രം 44989.5 കോടി ചെലവാക്കിയിട്ടുണ്ട്.

പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ വഴിയുള്ള വില്‍പ്പന നടത്താന്‍ കച്ചവടക്കാര്‍ താല്‍പര്യം കാണിക്കാത്തതുകൊണ്ട് തന്നെ നീക്കിയിരുപ്പ് വളത്തിന്റെ അളവില്‍ കുറവ് സംഭവിക്കാതിരിക്കുന്നതായി കാണിക്കും.ഇതുകാരണം അത് കിഴിച്ചുള്ള വളമേ സംസ്ഥാനത്ത് അടുത്തമാസങ്ങളില്‍ അനുവദിക്കു.ഇതും കേരളത്തിലെ രാസവള ക്ഷാമത്തിന് കാരണമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.