Sections

ഫെലൈൻ ക്ലബ് ഓഫ് ഇന്ത്യയുടെ ചാമ്പ്യൻഷിപ്പ് ക്യാറ്റ് ഷോ ഈ മാസം 26-ന് കൊച്ചിയിൽ

Wednesday, Nov 22, 2023
Reported By Admin
Cat Show

കൊച്ചി: ഫെലൈൻ ക്ലബ് ഓഫ് ഇന്ത്യ (എഫ്സിഐ) സംഘടിപ്പിക്കുന്ന 54-ാമത്തേയും 55-ാമത്തേയും ക്യാറ്റ് ഷോ നവംബർ 26, ഞായറാഴ്ച കൊച്ചി, തമ്മനത്തെ ഡിഡി റിട്രീറ്റിൽ നടക്കും. എഫ്സിഐ കേരളത്തിൽ സംഘടിപ്പിക്കുന്ന ആദ്യത്തെ ഷോ ആണിതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓസ്ട്രേലിയയിൽ നിന്നുള്ള മൈക്കൽ റെയ്മണ്ട്സ് ജഡ്ജിയായെത്തുന്ന ചാമ്പ്യൻഷിപ്പ് ക്യാറ്റ് ഷോയിൽ 150-ലധികം വിവിധയിനം പൂച്ചകൾ പങ്കെടുക്കുമെന്ന് എഫ്സിഐ പ്രസിഡന്റ് സാഖിബ് പത്താൻ അറിയിച്ചു. പേർഷ്യൻ, മെയ്ൻ കൂൺ, ബംഗാൾ, ഇന്ത്യൻ ഇനമായ ഇൻഡിമൗ എന്നിവയുൾപ്പെടെയുള്ള വിവിധ ഇനങ്ങളെ ഷോയിൽ അവതരിപ്പിക്കും. പൂച്ചകളുടെ ബ്രീഡ് സ്റ്റാൻഡേർഡ്, രൂപഭാവങ്ങൾ, സ്വഭാവം എന്നിവയുൾപ്പെടെ വിവിധ സ്വഭാവസവിശേഷതകളുടെ അടിസ്ഥാനത്തിലാണ് അവയെ വിലയിരുത്തുക.

പൂച്ചകളുടെ പരിപാലനത്തിലെ മികച്ച രീതികൾ, അവയുടെ പോഷണം, ആരോഗ്യം എന്നിവയെ കുറിച്ച് വളർത്തുമൃഗങ്ങളെ പാലിക്കുന്നവർക്ക് അറിവുകൾ പകരുന്ന ഒരനുഭവമായിരിക്കും ഈ ഷോയെന്ന് കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ് സ്ഥാപക ഡയറക്ടറും സിഇഒയുമായ ഡോ. സൂരജ് കെ അഭിപ്രായപ്പെട്ടു. പെറ്റ്ഫുഡ്, വളർത്തുമൃഗങ്ങൾക്കുള്ള മറ്റ് ഉപകരണങ്ങൾ, പെറ്റ് സേവനങ്ങൾ, അനുബന്ധ ഉൽപ്പന്ന ബ്രാൻഡുകൾ എന്നിവയുടെ സ്റ്റാളുകളും ഷോയിൽ ഉണ്ടായിരിക്കുന്നതാണ്.

Cat Show Press Meet
എറണാകുളം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന എഫ്.സി.ഐ) വക്താക്കൾ: ഇടത്തുനിന്ന്: ശ്രീ. ഷെഹെൻഷ (വളർത്തുപൂച്ചയുടെ ഉടമ), ശ്രീ. തരുൺ ലീ ജോസ് (ഡയറക്ടർ. റോംസ് എൻ റാക്സ്), ശ്രീ. സാക്വിബ് പത്താൻ (പ്രസിഡന്റ്, എഫ്.സി.ഐ), ഡോ. സൂരജ് കെ. (ഡയറക്ടർ & സി.ഇ.ഒ, കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ), ഡോ. കാർത്തിക്, ശ്രീ. സുധീർ (വളർത്തുപൂച്ചയുടെ ഉടമ)

തങ്ങളുടെ അരുമകളായ പൂച്ചകൾക്ക് ഏറ്റവും നല്ലത് മാത്രം നൽകണമെന്ന പൂച്ചയുടമകളുടെ ആഗ്രഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൂച്ചകൾക്കുള്ള ആഹാരസാധനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിപണി വളരെയധികം വളരാൻ കാരണമായിട്ടുണ്ടെന്ന് ഇത്തരം സാധനങ്ങൾ വിപണനം നടത്തുന്ന റോംസ് എൻ റാക്സിന്റെ ഡയറക്ടർ തരുൺ ലീ ജോസ് പറഞ്ഞു. വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് വിവിധയിനം പൂച്ചകളെ കാണാനുള്ള അപൂർവ അവസരമായിരിക്കും ഈ ക്യാറ്റ് ഷോ. ഉപേക്ഷിക്കപ്പെട്ടിടങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെട്ട പൂച്ചകളെ ദത്തെടുക്കാനുള്ള അവസരവും ഈ ഷോ ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.