Sections

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ 2024 ഫെബ്രുവരി 11-ന്

Tuesday, Nov 28, 2023
Reported By Admin
Federal Bank Kochi Marathon

  • രജിസ്ട്രേഷൻ ആരംഭിച്ചു
  • സമ്മാനത്തുക 15 ലക്ഷമാക്കി ഉയർത്തി

കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ രണ്ടാം പതിപ്പ് 2024 ഫെബ്രുവരി 11-ന് നടക്കും. കൊച്ചിയെ സ്പോർട്സ് ടൂറിസം ഹബ്ബായി ഉയർത്തുക, ക്ലീൻ, ഗ്രീൻ, സേഫ് കൊച്ചി എന്നീ ദീർഘകാല ലക്ഷ്യം മുൻനിർത്തിയാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ സംഘടിപ്പിക്കുന്നത്.

42.195 കിലോമീറ്റർ മാരത്തോൺ, 21.097 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, ശാരീരിക വൈകല്യമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക വിഭാഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ നടക്കുക. മാരത്തോൺ, ഹാഫ് മാരത്തോൺ, 10 കിമി റൺ എന്നിവയിൽ പങ്കെടുക്കുന്നവർക്ക് ഈയിടെ നടന്ന ഏതെങ്കിലും മാരത്തോണിൽ ഓടിയ പരിചയം ആവശ്യമാണ്. വിനോദ ഓട്ടമായ ഗ്രീൻ റണ്ണിൽ സ്കൂളുകൾ, കോളേജുകൾ, ഹൗസിങ് സൊസൈറ്റികൾ, വനിത സംഘടനകൾ, കോർപ്പറേറ്റ് ജീവനക്കാർ, സന്നദ്ധസംഘടകൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഗ്രീൻ റണ്ണിൽ പങ്കെടുക്കുന്നവർക്ക് ക്ലീൻ, ഗ്രീൻ ആൻഡ് സേഫ് കേരള എന്ന പ്രമേയം ഉൾകൊള്ളുന്ന സന്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. മികച്ച എൻട്രികൾക്ക് സമ്മാനങ്ങളുമുണ്ട്. പത്തു ലക്ഷമായിരുന്ന സമ്മാനത്തുക പതിനഞ്ചു ലക്ഷമാക്കി ഉയർത്തി.

ഇത്തവണ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ ശാരീരിക വൈകല്യമുള്ളവർക്കും ഭിന്നശേഷിയുള്ളവർക്കുമായി ഒരു പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂറോ സംബന്ധിയായ വൈകല്യങ്ങളുള്ള കുട്ടികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ രക്ഷാ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഈ ഓട്ടം സംഘടിപ്പിക്കുക. മാരത്തോണിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷന് www.kochimarathon.in സന്ദർശിക്കുക.

ഇന്ത്യയിലെ തന്നെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കാണ് മാരത്തോണിന്റെ ടൈറ്റിൽ സ്പോൺസർ. മാരത്തോൺ കൊച്ചിയിലെ പ്രകൃതി മനോഹരമായ പാതകളിലൂടെയാണ് കടന്നുപോകുക. ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന മാരത്തോണിന്റെ പ്രഖ്യാപനച്ചടങ്ങിൽ അത്ലെറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് പത്മശ്രീ അഞ്ജു ബോബി ജോർജ്, ഹൈബി ഈഡൻ എംപി, ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എംവിഎസ് മൂർത്തി, സീനിയർ വൈസ് പ്രസിഡന്റ് & സോണൽ ഹെഡ് കുര്യാക്കോസ് കോണിൽ, വൈസ് പ്രസിഡന്റുമാരായ എ. അജിത് കുമാർ, ജി സുരേഷ് കുമാർ, സീനിയർ ഓഫീസർമാരായ സോണി റേച്ചൽ ഉമ്മൻ, ജി കാർത്തിക്, അനൂപ് ഹരീന്ദ്രൻ, മെഡിക്കൽ ഡയറക്ടർ ഡോ. ജോൺസൺ കെ. വർഗീസ്, ക്ലിയോ സ്പോർട്സ് ഉടമകളായ ബൈജു പോൾ, അനീഷ് പോൾ, ശബരി നായർ, എം ആർ കെ ജയറാം, വിപിൻ നമ്പ്യാർ, ജോസഫ്, രക്ഷ സൊസൈറ്റി സെക്രട്ടറി അനില നൈനാൻ, ക്രൗൺപ്ലാസ ജി എം ദിനേഷ് റായ് തുടങ്ങിയവർ പങ്കെടുത്തു.

Federal Bank Kochi Marathon 2024
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ രണ്ടാം എഡിഷൻ പ്രഖ്യാപനം അത്ലെറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് പത്മശ്രീ അഞ്ജു ബോബി ജോർജ്, ഹൈബി ഈഡൻ എംപി, ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എംവിഎസ് മൂർത്തി, സീനിയർ വൈസ് പ്രസിഡന്റ് & സോണൽ ഹെഡ് കുര്യാക്കോസ് കോണിൽ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

മാരത്തോൺ വൻ വിജയമാക്കാനായി വൻകിട ബ്രാൻഡുകൾ, സംസ്ഥാന സർക്കാർ, സന്നദ്ധസംഘടനകൾ, കേരള പോലീസ്, വിദ്യാർഥികൾ, ഓട്ടക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സംഘാടകരായ ക്ലിയോസ്പോർട്സ് അണിനിരത്തുന്നുണ്ട്. കൊച്ചിയുടെ സൗന്ദര്യം ലോകത്തിന് മുന്നിൽ തുറന്നു കാട്ടാൻ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലൂടെ സാധിക്കുമെന്ന് ഹൈബി ഈഡൻ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കായിക, ടൂറിസം മേഖലയ്ക്ക് കരുത്തേകുന്ന കൊച്ചി മാരത്തൺ രാജ്യത്തിന്റെ വരുമാനത്തിൽ വലിയ മാറ്റം വരുത്തുമെന്ന് അഞ്ജു ബോബി ജോർജ് പറഞ്ഞു.

വളരെ കുറഞ്ഞ സമയത്തിന്റെ ആസൂത്രണത്തോടെ സംഘടിപ്പിച്ച ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ ആദ്യ പതിപ്പ് വൻ വിജയമാക്കാൻ കഴിഞ്ഞതിന്റെ പിൻബലത്തിൽ രണ്ടാം പതിപ്പുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ എം.വി.എസ്. മൂർത്തി പറഞ്ഞു. മാരത്തോണിന്റെ നിർദ്ദിഷ്ട ലക്ഷ്യം കൈവരിക്കാൻ രണ്ടാം പതിപ്പിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

കൊച്ചിയുടെ സ്വന്തം മാരത്തോണിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കാനാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്പോർട്സ് ഭാരവാഹികളായ അനീഷ് പോൾ, ശബരി നായർ, ബൈജു പോൾ എന്നിവർ പറഞ്ഞു. കൊച്ചിയെ സ്പോർട്സ് ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് ഉയർത്തികൊണ്ടുവരുന്നതിനും ജിസിഡിഎ എന്നിവയോടൊപ്പം ചേർന്ന് കരുത്തുറ്റ കൊച്ചിയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി. വിജയകരമായ പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണെന്നും ഇതിന് എല്ലാവരുടെയും പിന്തുണ ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ക്ലിയോസ്പോർട്സ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.