Sections

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന്

Saturday, Nov 30, 2024
Reported By Admin
Federal Bank Kochi Marathon 2024 launch event featuring dignitaries and officials promoting circular

  • സർക്കുലർ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യം

കൊച്ചി: ക്ലിയോ സ്പോർട്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. സർക്കുലർ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. താജ് വിവാന്തയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ എംവിഎസ് മൂർത്തി, ക്ലിയോ സ്പോർട്സ് ഡയറക്ടർ ബൈജു പോൾ എന്നിവർ ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ആധുനിക കാലത്ത് സർക്കുലർ ഇക്കോണമിയെ സംബന്ധിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുകയാണ് ഫെഡറൽബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി ഒമ്പതിന് മറൈൻ ഡ്രൈവിൽ നിന്നും ഫ്ളാഗ് ഓഫ് ചെയ്യുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ 42.195 കിലോമീറ്റർ മാരത്തോൺ, 21.097 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. ഭിന്നശേഷിക്കാർക്കായി പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. വിനോദ ഓട്ടമായ ഗ്രീൻ റണ്ണിൽ സ്കൂളുകൾ, കോളേജുകൾ, ഹൗസിങ് സൊസൈറ്റികൾ, വനിത സംഘടനകൾ, കോർപ്പറേറ്റ് ജീവനക്കാർ, സന്നദ്ധസംഘടകൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർക്ക് പങ്കെടുക്കാം. ഗ്രീൻ റണ്ണിൽ പങ്കെടുക്കുന്നവർക്ക് ക്ലീൻ, ഗ്രീൻ ആൻഡ് സേഫ് കൊച്ചി എന്ന പ്രമേയം ഉൾകൊള്ളുന്ന സന്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. മികച്ച എൻട്രികൾക്ക് സമ്മാനം ലഭിക്കും. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

ഇന്ത്യൻ നെറ്റ്ബോൾ ടീം മുൻ ക്യാപ്റ്റനും അഭിനേത്രിയുമായ പ്രാചി തെഹ്ലാനെ കൊച്ചി മാരത്തോൺ ഗുഡ് വിൽ അംബാസിഡറായും ഒളിമ്പ്യൻ ആനന്ദ് മെനെസെസിനെ റെയ്സ് ഡയറട്കറായും പ്രഖ്യാപിച്ചു. രാജ്യത്തെ എലൈറ്റ് അത്ലറ്റുകൾ പങ്കെടുക്കുന്നുവെന്നതാണ് ഇത്തവണത്തെ മാരത്തോണിന്റെ മുഖ്യ ആകർഷണം. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ അംഗീകാരത്തോടെയാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിലെ വിജയികൾക്ക് ലഭിക്കുന്ന ടൈമിങ് സർട്ടിഫിക്കറ്റ് ആഗോളതലത്തിലെ മുൻനിര മാരത്തോണിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയായി പരിഗണിക്കും. പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക.

ചടങ്ങിൽ മാരത്തോണിന്റെ സർക്കുലർ ഇക്കോണമി ഉദ്യമത്തിന്റെ ലോഗോയും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറത്തിറക്കി. ഫെഡറൽബാങ്ക് കൊച്ചി മാരത്തോണിലൂടെ നഗരത്തിന്റെ പ്രതിച്ഛായ മാറ്റുവാൻ സാധിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് ഒപ്പം സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വേദികൂടിയാണ് ഫെഡറൽബാങ്ക് കൊച്ചി മാരത്തോൺ. സുസ്ഥിരവികസനത്തിന് പൊതുജനപങ്കാളിത്തം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സർക്കുലർ ഇക്കോണമിയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും ആവശ്യകതയും ചൂണ്ടിക്കാട്ടി.

കൊച്ചി മാരത്തോണിന്റെ മൂന്നാം എഡിഷന്റെ ഭാഗമാകുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ആഗോളതലത്തിൽ ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന സർക്കുലർ ഇക്കോണമിയുടെ പ്രചാരം വർദ്ധിപ്പിക്കുവാനും അവബോധം സൃഷ്ടിക്കുവാനും മാരത്തോണിലൂടെ സാധിക്കുമെന്നും ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എംവിഎസ് മൂർത്തി പറഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി, പാഴ് വസ്തുക്കളിൽ നിന്ന് മൂല്യമേറിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ സീസൺ-3 സംഘടിപ്പിക്കുന്നതെന്ന് ക്ലിയോ സ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, എംആർകെ ജയറാം, ശബരി നായർ എന്നിവർ പറഞ്ഞു.

ചടങ്ങിൽ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പ്രൊഫ. ലിസി ജൂലിയസ് സർക്കുലർ ഇക്കോണമിയുടെ പ്രാധാന്യവും ആവശ്യകതയും വിശദീകരിച്ചു. പാഴ് വസ്തുക്കളിൽ നിന്ന് മൂല്യമേറിയ വസ്തുക്കൾ നിർമ്മിക്കുന്ന പ്രമുഖ സ്ഥാപനമായ പ്ലാനറ്റ് എർത്തിന്റെ സ്ഥാപകൻ സൂരജ് ടോം സർക്കുലർ ഇക്കോണമിയുടെ ടെസ്റ്റിമോണിയൽ അവതരിപ്പിച്ചു.

ഫുൾ മാരത്തോണിന്റെ ആദ്യ ബിബ് ഫെഡറൽ ബാങ്ക് സി.എം.ഒ എംവിഎസ് മൂർത്തിയിൽ നിന്ന് കോസ്റ്റൽ സെക്യൂരിറ്റി എഐജി പൂങ്കുഴലി ഏറ്റുവാങ്ങി. മൂന്ന് കിലോമീറ്റർ റണ്ണിന്റെ ആദ്യ ബിബ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും എംവിഎസ് മൂർത്തിയും ചേർന്ന് സോഷ്യൽമീഡിയ ഇൻഫ്ളുവൻസർമാരായ ശരത് കൃഷ്ണൻ, ഗീതമ്മ എന്നിവർക്ക് കൈമാറി. വേദിയിൽ ഒളിമ്പ്യന്മാരായ കെ.എം ബിനു, എം.ഡി വത്സമ്മ, മേഴ്സി കുട്ടൻ എന്നിവരെ ഒളിമ്പ്യനും ഫെഡറൽബാങ്ക് കൊച്ചി മാരത്തോൺ റെയ്സ് ഡയറക്ടറുമായ ആനന്ദ് മെനെസെസ് ആദരിച്ചു. ഇന്ത്യൻ അത്ലറ്റിക് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള, ഫെഡറൽ ബാങ്ക് എറണാകുളം സോണൽ ഹെഡ് റെഞ്ചി അലക്സ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ ജി, ഫെഡറൽബാങ്ക് വൈസ് പ്രസിഡന്റ് രാജേഷ് കെ.ജി, പ്രതിധ്വനി ജോയിന്റ് സ്റ്റേറ്റ് കൺവീനർ ആഷിക് ശ്രീനിവാസൻ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. ജോൺസൺ കെ. വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.