Sections

പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന് ആതിഥ്യമരുളാൻ കൊച്ചി

Wednesday, Mar 29, 2023
Reported By Admin
FEDERAL BANK  KOCHI MARATHON

മാരത്തോൺ മേയ് 1 2023-ന്, രജിസ്ട്രേഷൻ ആരംഭിച്ചു


കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോനെറ്റ്, സ്പോർട്സ്പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്പോർട്സിന്റെ ആഭിമുഖ്യത്തിൽ മേയ് 1-ന് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ സംഘടിപ്പിക്കുന്നു. കൊച്ചിയെ സ്പോർട്സ് ടൂറിസം കേന്ദ്രമായി ഉയർത്തുക എന്നതാണ് മാരത്തോണിന്റെ ദീർഘകാല ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ലോഗോ പ്രകാശനച്ചടങ്ങിൽ മുതിർന്ന മാരത്തോൺ ഓട്ടക്കാരൻ പോൾ പടിഞ്ഞാറേക്കര, ഒളിംപ്യൻ ഗോപി തോന്നക്കൽ, ഒളിംപ്യൻ ഒ പി ജയ്ഷ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റുമാരായ എ അജിത്കുമാർ, ജി സുരേഷ് കുമാർ, ഫെഡറൽ ബാങ്ക് സിഎഫ്ഒ വെങ്കിട്ടരാമൻ വെങ്കടേശ്വരൻ, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ ഐപിഎസ്, കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ, കോസ്റ്റ്ഗാർഡ് ഡിഐജി എൻ രവി, ഫെഡറൽ ബാങ്ക് സിഎംഒ എം.വി.എസ്. മൂർത്തി, ക്ലിയോസ്പോർട്സ് ഉടമകളായ ശബരി നായർ, അനീഷ് പോൾ, ബൈജു പോൾ എന്നിവർ

മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്നും ഫ്ളാഗ് ഓഫ് ചെയ്യുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ 42.195 കിലോമീറ്റർ മാരത്തോൺ, 21.097 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. വിനോദ ഓട്ടമായ ഗ്രീൻ റണ്ണിൽ സ്കൂളുകൾ, കോളേജുകൾ, ഹൗസിങ് സൊസൈറ്റികൾ, വനിത സംഘടനകൾ, കോർപ്പറേറ്റ് ജീവനക്കാർ, സന്നദ്ധസംഘടനകൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഗ്രീൻ റണ്ണിൽ പങ്കെടുക്കുന്നവർക്ക് ക്ലീൻ, ഗ്രീൻ ആൻഡ് സേഫ് കേരള എന്ന പ്രമേയം ഉൾകൊള്ളുന്ന സന്ദേശങ്ങൾ അവതരിപ്പിക്കാവുന്നതാണ്. മികച്ച അവതരണങ്ങൾക്ക് സമ്മാനങ്ങളുമുണ്ട്. മാരത്തോണിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷന് www.kochimarathon.in സന്ദർശിക്കുക.

ഇന്ത്യയിലെ തന്നെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കാണ് മാരത്തോണിന്റെ ടൈറ്റിൽ സ്പോൺസർ എന്നത് കൊച്ചി മാരത്തോണിന്റെ ആദ്യ പതിപ്പിനെ സവിശേഷമാക്കുന്നു. കേരള പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തോൺ കൊച്ചിയിലെ പ്രകൃതി മനോഹരമായ പാതകളിലൂടെയാണ് കടന്നുപോകുക. ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയെ അടുത്തിടെയായി ഗ്രസിച്ചിരിക്കുന്ന എല്ലാ തിന്മകൾക്കുമുള്ള പരിഹാരമാകട്ടെ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആശംസിച്ചു.

മാരത്തോണിന്റെ ആദ്യ ബിബ് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹറ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമനിൽ നിന്നും ഏറ്റുവാങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജിൻ എംഎൽഎ, കോസ്റ്റ് ഗാർഡ് ഡിഐജി എൻ. രവി, ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കട്ടരാമൻ വെങ്കിടേശ്വരൻ, ചീഫ് മാർക്കറ്റിങ് ഓഫീസർ എം.വി.എസ്. മൂർത്തി, വൈസ് പ്രസിഡന്റുമാരായ അജിത്കുമാർ എ, സുരേഷ് കുമാർ ജി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ മാരത്തോൺ റെക്കോഡ് ജേതാവായ ഒ.പി. ജയ്ഷാ, മുംബൈ മാരത്തോൺ 2023-ലെ പുരുഷ വിഭാഗം ജേതാവ് തോനക്കൽ ഗോപി, ഓട്ടക്കാരൻ പോൾ പടിഞ്ഞാറേക്കര എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മാരത്തോൺ വൻ വിജയമാക്കാനായി വൻകിട ബ്രാൻഡുകൾ, സംസ്ഥാന സർക്കാർ, സന്നദ്ധസംഘടനകൾ, കേരള പോലീസ്, വിദ്യാർഥികൾ, ഓട്ടക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സംഘാടകരായ ക്ലിയോസ്പോർട്സ് അണിനിരത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ ബ്രാൻഡുകളായ നെസ്റ്റ് ഗ്രൂപ്പിന്റെ ഗോൾഡൻ വാലി, എൻജ്യൂസ് (NJUZE) എന്നിവയെ മാരത്തോണിന്റെ ഭാഗമാക്കാൻ ക്ലിയോസ്പോർട്സിന് കഴിഞ്ഞിട്ടുണ്ട്.

കൊച്ചി മാരത്തോണുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഫെഡറൽ ബാങ്ക് ഗ്രൂപ്പ് ഡയറക്ടറും സിഎഫ്ഒയുമായ വെങ്കിട്ട്രാമൻ വെങ്കിടേശൻ പറഞ്ഞു. ശാരീരിക, മാനസിക ആരോഗ്യത്തിന് ഊന്നൽ നൽകുന്ന ഭാവി നഗരമായി കൊച്ചിയുടെ വളർച്ചയ്ക്ക് കരുത്ത് പകരുന്നതാകും ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ എന്നും അദ്ദേഹം പ്രത്യാശിച്ചു. ഫെഡറൽ ബാങ്ക് ജീവനക്കാരുടെയും പൊതുജനങ്ങളുടെയാകെയും ആരോഗ്യസംരക്ഷണത്തിനും സൗഖ്യത്തിനും കാത്തുസൂക്ഷിക്കുന്നതിന് ഈ മാരത്തോൺ വലിയ പങ്ക് വഹിക്കുമെന്നും വെങ്കിട്ട്രാമൻ വെങ്കിടേശൻ അഭിപ്രായപ്പെട്ടു.

ക്ലീൻ, ഗ്രീൻ ആൻഡ് സേഫ് കൊച്ചി എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ വലിയ പങ്ക് വഹിക്കുമെന്ന് ഐജിയും കൊച്ചി സിറ്റി പോലീസ് കമ്മിഷണറുമായ കെ. സേതുരാമൻ ഐപിഎസ് പറഞ്ഞു. മാരത്തോൺ തടസ്സങ്ങളില്ലാതെ നടക്കുന്നതിന് വേണ്ട എല്ലാ സാങ്കേതിക സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയുടെ സ്വന്തം മാരത്തോൺ സംഘടിപ്പിക്കാനാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അതിന്റെ ടൈറ്റിൽ സ്പോൺസറായി ഫെഡറൽ ബാങ്കിനെ സ്വാഗതം ചെയ്യുന്നതിൽ അതിലേറെ സന്തോഷവുമുണ്ടെന്ന് ക്ലിയോസ്പോർട്സ് ഭാരവാഹികളായ അനീഷ് പോൾ, ശബരി നായർ, ബൈജു പോൾ എന്നിവർ പറഞ്ഞു. കൊച്ചിയെ സ്പോർട്സ് ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് ഉയർത്തികൊണ്ടുവരുന്നതിനും കേരള പോലീസ്, ജിസിഡിഎ എന്നിവയോടൊപ്പം ചേർന്ന് കരുത്തുറ്റ കൊച്ചിയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി.

വിജയകരമായ പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണെന്നും ഇതിന് എല്ലാവരുടെയും പിന്തുണ ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ക്ലിയോസ്പോർട്സ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.