Sections

മൂല്യവർദ്ധനവിലൂടെ വരുമാന വർദ്ധനവ് നേടുവാൻ കർഷകർക്ക് ആശയങ്ങൾ പകർന്നു നൽകും: മന്ത്രി പി പ്രസാദ്

Friday, Feb 24, 2023
Reported By Admin
Vaiga P Prasad

കൃഷി വകുപ്പിന്റെ ഉല്പന്നങ്ങൾ 'കേരൾ അഗ്രോ' ബ്രാൻഡിൽ ഓൺലൈനിലെത്തിക്കും


സംസ്ഥാനത്തെ കാർഷിക ഉൽപന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും, പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി വൈഗ 2023 - അന്താരാഷ്ട്ര ശില്പശാലയും കാർഷിക പ്രദർശനവും സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന വൈഗയുടെ ആശയം 'കാർഷിക മേഖലയിൽ മൂല്യവർധിത ശൃംഖലകളുടെ വികസനം' എന്നതാണെന്നും മന്ത്രി സൂചിപ്പിച്ചു. വൈഗ 2023 ന് മുന്നോടിയായി  മാധ്യമസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വൈഗയുടെ ആറാമത് പതിപ്പ് ഫെബ്രുവരി 25-ന് വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മറ്റു സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ പങ്കെടുക്കും. കാർഷിക മേഖലയിലെ സംരംഭകത്വപ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആർ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തുടർന്നും രണ്ട് മാസത്തിലൊരിക്കൽ ഡി പി ആർ ക്ലിനിക്കുകൾ സംഘടിപ്പിക്കും.

കേരളത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വിപണിയിൽ നേരിട്ട് എത്തിക്കുന്നതിനും അതിന്റെ പ്രയോജനം കർഷകർക്ക് പൂർണമായും ലഭിക്കുന്നതിനും ബിസിനസ്സ് മീറ്റ് (ബി ടു ബി),  കാർഷിക സെമിനാറുകൾ, കാർഷിക മേഖലയിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്ന ആശയത്തിലുള്ള കാർഷിക പ്രദർശനങ്ങൾ തുടങ്ങിയവ വൈഗയുടെ ഭാഗമായി ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൃഷി വകുപ്പിന്റെ ഉല്പന്നങ്ങൾ 'കേരൾ അഗ്രോ' ബ്രാൻഡിൽ ഓൺലൈനിലെത്തിക്കുമെന്നും, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി മൂല്യ വർധിത കൃഷി മിഷൻ, കർഷകരുടെ കൂടെ പങ്കാളിത്തമുള്ള KABCO കമ്പനി എന്നിവ പ്രായോഗികമാക്കുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു. കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും കൃഷി അസിസ്റ്റന്റ് ഡയറക്ടർ മനോജ് വിവരിച്ചു. കാർഷികോല്പാദന കമ്മീഷണർ ബി അശോക് അധ്യക്ഷനായ യോഗത്തിൽ കൃഷി ഡയറക്ടർ അഞ്ജു കെ. എസ്. സ്വാഗതവും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ പദ്മം എസ് നന്ദിയും പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.