- Trending Now:
ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകളെത്തിക്കുന്നത് വ്യാപകമായത് കോവിഡ് കാലത്താണ്. അതിന് ശേഷം ഫുഡ് ഡെലിവറിയിൽ വരെ ഡ്രോണുകൾ ഉപയോഗിച്ചു. ഇപ്പോഴിതാ ഡ്രോണുകള് ഉപയോഗിച്ച് ആപ്പിളും എത്തിക്കാനൊരുങ്ങുകയാണ് ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം കർഷകർ.
ഹിമാചലിലെ കിന്നൗറിൽ ഡ്രോണുകൾ വഴി ആപ്പിൾ എത്തിക്കുന്നത് ഉടൻ യാഥാർത്ഥ്യമാകും. കിന്നൗർ ജില്ലയിലെ വിദൂര പ്രദേശങ്ങളിലെയും ഗതാഗതസംവിധാനങ്ങൾ അധികം കടന്നു ചെല്ലാത്ത ഇടങ്ങളിലെയും ആപ്പിൾ കർഷകർക്കാണ് ഡ്രോൺ ടെക്നോളജി സഹായമാകുന്നത്. കിന്നൗറിലെ രോഹൻ കാണ്ഡ ഗ്രാമത്തിൽ 20 കിലോ ആപ്പിൾ പെട്ടികൾ കയറ്റി അയക്കാനുള്ള പരീക്ഷണം വിജയകരമായിരുന്നു. ആറ് മിനിറ്റുകൊണ്ട് പെട്ടികൾ തോട്ടത്തിൽ നിന്ന് മെയിൻ റോഡിലേക്ക് എത്തിച്ചു. 12 കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്.
ആപ്പിൾ ബോക്സുകൾ ഉയർത്തുന്നതിനുള്ള ട്രയലിൽ ബാറ്ററി, റൊട്ടേഷൻ സമയം എന്നിവ പരിശോധിക്കുകയും ഒരു റൊട്ടേഷനിൽ ഉയർത്തിയ ലോഡ് വിലയിരുത്തുകയും ചെയ്തു. ആപ്പിൾ കർഷകർക്ക് ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് ലാഭകരമാക്കാൻ ഒറ്റയടിക്ക് 200 കിലോഗ്രാം ഉയർത്തുക എന്നതാണ് അടുത്ത ലക്ഷ്യം. അടുത്ത സീസണിൽ ഈ മോഡൽ നടപ്പിലാക്കാൻ കഴിയുമെന്നാണ് ഇതിന് നേതൃത്വം നൽകുന്ന വീഗ്രോ എന്ന ഏജൻസി പറയുന്നത്.
കിന്നൗറിലെ നിച്ചാർ ബ്ലോക്കിലെ രോഹൻ കാണ്ഡ, ഛോട്ടാ കാണ്ട എന്നീ ഗ്രാമങ്ങളിലേക്ക് റോഡ് കണക്റ്റിവിറ്റി ഇല്ല. ആപ്പിൾ പെട്ടികൾ കാൽനടയായി ചുമന്ന് കൊണ്ടാണ് കർഷകർ റോഡിലേക്ക് എത്തിക്കുന്നത്. ഒരു യാത്രയിൽ പരമാവധി മൂന്ന് പെട്ടികൾ, 90 കിലോ ഭാരമുളളവ റോഡിലേക്ക് എത്തിക്കുന്നു. കുന്നിൻ പ്രദേശമായതിനാൽ എത്താൻ നാല് മണിക്കൂറിലധികം എടുക്കും. മഞ്ഞുവീഴ്ചയുടെ സമയത്താണ് ഇത് ഏറ്റവും ദുഷ്കരമാകുന്നത്. കിന്നൗറിൽ 10,924 ഹെക്ടറിലാണ് ആപ്പിൾ കൃഷി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.