Sections

കൃഷി മന്ത്രിയും ഉദ്യോഗസ്ഥരും കര്‍ഷകരോട് സംവദിക്കുന്നു; പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

Monday, Oct 17, 2022
Reported By admin
agriculture

പരാതിയുടെ പകര്‍പ്പ് കര്‍ഷകന് പ്രിന്റ് എടുത്തു സൂക്ഷിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്

 

ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി ഒല്ലൂക്കര ബ്ലോക്കില്‍ ഒക്ടോബര്‍ 26ന് നടക്കുന്ന കൃഷിദര്‍ശന്‍ പരിപാടിക്ക് മുന്നോടിയായി കര്‍ഷകര്‍ക്ക് പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൃഷി മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരോട് സംവദിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. 

കൃഷിവകുപ്പിന്റെ എയിംസ്- AIMS (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് സിസ്റ്റം) പോര്‍ട്ടലിന്റെ പുതിയ പതിപ്പിലൂടെ കര്‍ഷകര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 15 വരെയാണ് പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. എഴുതി തയ്യാറാക്കിയ പരാതികള്‍ ഓണ്‍ലൈനായി അപ്ലോഡും ചെയ്യാവുന്നതാണ്. കര്‍ഷകര്‍ക്ക് നേരിട്ടോ, അതത് കൃഷിഭവനുകള്‍ വഴിയോ പരാതികള്‍ സമര്‍പ്പിക്കാം.

കര്‍ഷകര്‍ പരാതി സമര്‍പ്പിക്കേണ്ട വിധം

പരാതികള്‍ സമര്‍പ്പിക്കുന്നതിനായി കൃഷിവകുപ്പിന്റെ AIMS പോര്‍ട്ടലില്‍ കര്‍ഷകര്‍ ലോഗിന്‍ ചെയ്യേണ്ടതുണ്ട്. കര്‍ഷകര്‍ www.aims.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് AIMS New Services എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന പേജില്‍ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഐ.ഡി, പാസ്വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യാവുന്നതാണ്. ഐഡി, പാസ്വേഡ് എന്നിവ ലഭ്യമല്ലാത്ത കര്‍ഷകര്‍ക്ക് സ്വന്തം ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. www.aimsnew.kerala.gov.in എന്ന വെബ്അഡ്രെസ് വഴിയും ഈ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം.

കര്‍ഷകര്‍ ലോഗിന്‍ ചെയ്ത ശേഷം ഡാഷ്‌ബോര്‍ഡിലെ 'MY LAND' എന്ന ഭാഗത്ത് കൃഷി ചെയ്യുന്ന ഭൂമിയുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ബന്ധപ്പെട്ട കൃഷിഭവന്‍, പരാതികള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ എന്നിവരെ സോഫ്റ്റ്വെയര്‍ തെരഞ്ഞെടുക്കുന്നതിനായാണ് കൃഷിഭൂമി വിവരങ്ങള്‍ ചേര്‍ക്കുന്നത്. കരം രസീത്/ പാട്ട ചീട്ട് അപ്ലോഡ് ചെയ്യേണ്ടതില്ല.

തുടര്‍ന്ന് APPLY New Service എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പരാതി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് സമര്‍പ്പിക്കാം. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന പരാതിക്ക് ഓണ്‍ലൈനായി അപേക്ഷ നമ്പര്‍ നല്‍കുന്നതും പരാതിയുടെ തല്‍സ്ഥിതി വിവരങ്ങള്‍ ഓണ്‍ലൈനായി കര്‍ഷകന് മനസിലാക്കാനും സാധിക്കും.

പരാതിയുടെ പകര്‍പ്പ് കര്‍ഷകന് പ്രിന്റ് എടുത്തു സൂക്ഷിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. എഴുതി തയ്യാറാക്കിയ പരാതികളോ പരാതികള്‍ സംബന്ധിച്ച ചിത്രങ്ങളോ കര്‍ഷകര്‍ക്ക് പരാതിയുടെ ഭാഗമായി അപ്ലോഡ് ചെയ്യാം.

കര്‍ഷകര്‍ക്ക് എഴുതി തയ്യാറാക്കിയ പരാതി അതത് കൃഷിഭവനുകളില്‍ നേരിട്ട് സമര്‍പ്പിക്കാം

എഴുതി തയ്യാറാക്കിയ പരാതികള്‍ കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നേരില്‍ സമര്‍പ്പിക്കുവാനും സാധിക്കും. AIMS രജിസ്‌ട്രേഷന്‍ ഇല്ലാത്ത കര്‍ഷകര്‍ കൃഷിഭവനില്‍ പരാതി സമര്‍പ്പിക്കുന്ന പക്ഷം ആധാര്‍, മൊബൈല്‍ വിവരങ്ങള്‍ കൂടെ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഒല്ലൂക്കര ബ്ലോക്കില്‍ നടത്തുന്ന കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായി ഒല്ലൂക്കര ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കാണ് പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.