- Trending Now:
കൃഷിയിടങ്ങളിൽ നിലവിൽ വൈദ്യുതിയിൽ പ്രവൃത്തിക്കുന്ന മോട്ടോർ പമ്പുകൾ സാമ്പത്തിക ചെലവില്ലാതെ സൗരോർജ്ജത്തിലേക്ക് മാറ്റാവുന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് അനെർട്ട്. നിലവിൽ 1.5 എച്.പി മുതൽ 7.5 എച്.പി വരെയുള്ള പമ്പ് സെറ്റുകൾക്കാണ് അനെർട്ട് മുഖേന സൗജന്യ സൗരോർജ്ജ കണക്ഷൻ നൽകുന്നത്. സൗരോർജ വൈദ്യുതോത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പി.എം. കുസും യോജന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ജില്ലയിൽ ആദ്യ ഘട്ടത്തിൽ 3500 സൗജന്യ കാർഷിക കണക്ഷനുകളിൽ പ്രവർത്തിക്കുന്ന പമ്പുള്ളവർക്കാണ് ഈ പദ്ധതി അനുവദിച്ചിട്ടുള്ളത്.
വൈദ്യുത ലഭ്യതയിലെ സ്വയം പര്യാപ്തത മാത്രമല്ല കർഷകർക്കും പ്രകൃതിക്കും സൗരോർജ കൃഷിയിടത്തിലൂടെ നേട്ടമേറെയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംസ്ഥാനത്തെ കർഷകർക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ പൂർണമായും സൗജന്യമായാണ് അനെർട്ട് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ ബെഞ്ച് മാർക്ക് തുകയിൽ 30% കേന്ദ്ര സബ്സിഡിയും ബാക്കി വരുന്ന പദ്ധതി തുക നബാർഡിന്റെ ആർ.ഐ.ഡി.എഫ് (ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ട്) സ്കീമിൽ വായ്പയായി അനെർട്ട് കണ്ടെത്തുകയും ചെയ്യും.
ഈ പദ്ധതി പ്രകാരം കർഷകർക്ക് യാതൊരു ബാധ്യതയും ഉണ്ടാകില്ല. ലോൺ കാലാവധി കഴിയുന്നതോടെ കർഷകന് സൗരോർജ നിലയത്തിന്റെ പൂർണ ഉടമസ്ഥാവകാശം ലഭിക്കും. സൗജന്യ കാർഷിക കണക്ഷനുകളിൽ പ്രവർത്തിക്കുന്ന പമ്പുള്ളവർക്കാണ് നിലവിൽ പ്ലാന്റ് നൽകുന്നത്. ഒരു കിലോ വാട്ട് സൗരോർജ നിലയത്തിന് 10 സ്ക്വയർ മീറ്റർ എന്ന നിലക്ക് നിഴൽ രഹിത സ്ഥലം വേണം. പുരപ്പുറമോ ഭൂതലമോ ഇതിനായി ഉപയോഗിക്കാം. വൈദ്യുത മീറ്ററിന്റെ 25 മീറ്റർ ചുറ്റളവിൽ ഉള്ള സ്ഥലമാണ് കൂടുതൽ നല്ലത്. വൈദ്യുതി സ്വയംപര്യാപ്തതയിലൂടെ പ്രീസിഷൻ ഫാമിങ് പോലുള്ള നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷി വിപുലീകരിക്കാം.
എങ്ങനെ അപേക്ഷിക്കാം ?
സൗജന്യ കാർഷിക കണക്ഷനുകളിൽ പ്രവർത്തിക്കുന്ന പമ്പുള്ളവർക്കാണ് പ്ലാന്റ് നൽകുന്നത്. കൃഷിഭവൻ അഗീകാരം നൽകിയ കർഷകർക്കാണ് ഈ പദ്ധതിയിൽ പങ്കാളിയാകാൻ അവസരം. അപേക്ഷ ഫോമുകൾ ജില്ലയിലെ കൃഷിഭവനുകളിൽ നിന്നും ലഭിക്കും. ആദ്യം അപേക്ഷ നൽകുന്നവർക്കായിരിക്കും കൂടുതൽ പരിഗണന. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ, അനെർട്ട് ഓഫീസുമായോ ബന്ധപ്പെടണം. അനെർട്ട് ജില്ലാ ഓഫീസ് ഫോൺ: 0483 2730999.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.