Sections

കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി  ക്ഷീര വികസന വകുപ്പ്: വിവിധ ധനസഹായ പദ്ധതികളിലേക്ക്  കര്‍ഷകര്‍ക്ക് അപേക്ഷിക്കാം

Tuesday, Jun 28, 2022
Reported By Ambu Senan

തീറ്റപ്പുല്‍ കൃഷി, ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതികള്‍, കാലിത്തീറ്റ സബ്സിഡി പദ്ധതികള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍

 

ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായി നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ക്ഷീര വികസന വകുപ്പ് 2022-2023 വാര്‍ഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. തീറ്റപ്പുല്‍ കൃഷി, ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതികള്‍, കാലിത്തീറ്റ സബ്സിഡി പദ്ധതികള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍.

വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്കും നിലവിലുള്ള പുല്‍കൃഷി വ്യാപിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ക്കും മുന്‍ഗണന നല്‍കുന്ന പദ്ധതിയാണ് തീറ്റപ്പുല്‍ കൃഷി പദ്ധതി. ഹെക്ടറിന് 24,250 രൂപ സബ്സിഡി ലഭിക്കുന്നതാണ്.  സെന്റിന് 11 രൂപ വീതം ഗുണഭോക്താവ് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടതാണ്. തീറ്റപ്പുല്‍കൃഷി പദ്ധതിക്കുളള  ''ക്ഷീര ശ്രീ' എന്ന  ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് കര്‍ഷകര്‍ അപേക്ഷിക്കേണ്ടത്. 

വാണിജ്യാടിസ്ഥാനത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഹെക്ടറിന് 94,272 രൂപയും, സ്വയംസഹായ സംഘങ്ങള്‍ക്ക് ഏക്കറിന് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 75,000 രൂപയും സബ്സിഡി ലഭിക്കും. വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്കും നിലവിലുള്ള പുല്‍കൃഷി വ്യാപിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും.

കാലിത്തീറ്റ സബ്സിഡി പദ്ധതിയിലൂടെ കന്നുകുട്ടിയെ ദത്തെടുക്കല്‍ പദ്ധതി, ഫീഡ് സപ്ലിമെന്റ് വിതരണം എന്നിവയാണ് നടപ്പിലാക്കുന്നത്.  2022 ഓഗസ്റ്റ് ഒന്നിന് എട്ട് മാസം ഗര്‍ഭമുള്ള കറവപ്പശുക്കള്‍ക്ക് ജനിക്കുന്ന കന്നുകുട്ടിയെയാണ് ദത്തെടുക്കല്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. കറവപ്പശുവിന്റെ ഉടമയായ ഗുണഭോക്താവ് 2021-2022 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ക്ഷീര സഹകരണ സംഘത്തില്‍ 500 ലിറ്റര്‍ പാല്‍ അളന്നിരിക്കണം.   ഗുണഭോക്താവിന്റെ പരമാവധി രണ്ടു കന്നുകുട്ടികളെ വീതം ആകെ 162 കന്നുകുട്ടികളെയാണ് ഇത്തവണ ദത്തെടുക്കുന്നത്. ആരോഗ്യമുളള കന്നുകുട്ടികളെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണഭോക്താവ് 160 രൂപ രജിസ്ട്രേഷന്‍ ഫീസായി അടയ്ക്കണം. കന്നുകുട്ടി ജനിച്ച ദിവസം മുതല്‍ 90 ദിവസത്തേക്കാണ് പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നത്. പദ്ധതിയിലൂടെ 25 കിലോഗ്രാം മില്‍ക്ക് റീപ്ലെയ്സര്‍, 50 കിലോഗ്രാം കാഫ്-സ്റ്റാര്‍ട്ടര്‍ എന്നിവ സബ്സിഡിയിനത്തില്‍ ലഭിക്കും.

സര്‍ക്കാര്‍ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞവിലക്ക് പച്ചപ്പുല്ലും വൈക്കോലും വിതരണം ചെയ്യുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഒരുലക്ഷം രൂപയാണ് ഒരു ക്ഷീര സംഘത്തിനു ധനസഹായമായി അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സംഘങ്ങള്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കും. 320 രൂപ ആകെ ചിലവുവരുന്ന മേല്‍ ഇനങ്ങള്‍ക്ക് 243 രൂപ സബ്സിഡിയായി നല്‍കും.  കറവപ്പശുക്കളുടെ ശരിയായ വളര്‍ച്ചയ്ക്കും പാലുല്പാദനത്തിനും സഹായിക്കുന്ന മിനറല്‍ മിക്സ്ചര്‍ വൈറ്റമിന്‍ സപ്ലിമെന്റ് എന്നിവയും ഉള്‍പ്പെടുന്നു.

ഗുണനിയന്ത്രണ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി ഗുണമേന്മാ ബോധവല്‍ക്കരണ പരിപാടി, ഉപഭോക്തൃ മുഖാമുഖം പരിപാടി, ശുദ്ധമായ പാലുല്പാദന കിറ്റ് വിതരണം, ഫാം ലെവല്‍ ഹൈജീന്‍, ആധുനിക പാല്‍ പരിശോധന സംവിധാനങ്ങള്‍, വൈക്കോല്‍ എന്നീ പദ്ധതികള്‍ക്ക് ക്ഷീര ധനസഹായം നല്‍കുന്നു.

ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതിയിലൂടെ ശുദ്ധമായ പാലുല്പാദന കിറ്റുകള്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് കര്‍ഷകര്‍ക്ക് നല്‍കുന്നു. 3,000 രൂപയുടെ ധനസഹായമാണ് കിറ്റ് രൂപത്തില്‍ നല്‍കുന്നത്. തൊഴുത്തിലെ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ധനസഹായമായി ജില്ലയിലെ മൂന്നു ക്ഷീര കര്‍ഷകര്‍ക്കും 75000 രൂപ വീതം ധനസഹായം നല്‍കുന്നു. ക്ഷീര സംഘങ്ങള്‍ക്ക് അവശ്യാധിഷ്ഠിത ധനസഹായമായി സംഘം 45,000 രൂപ ചിലവഴിക്കുമ്പോള്‍ 37,500 രൂപ അനുവദിക്കുന്നു. ജില്ലയിലെ ഒരു ക്ഷീര സംഘത്തിനാണ് ഇപ്രകാരം സഹായം ലഭിക്കുന്നത്. ജില്ലയിലെ ഒരു ക്ഷീര സംഘത്തിന് ആധുനിക പാല്‍ പരിശോധനാ സംവിധാനം ഒരുക്കുന്നതിന് 75,000 രൂപയും അനുവദിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.