Sections

തകര്‍ന്നടിഞ്ഞ രൂപയുടെ മൂല്യം നിത്യജീവിതത്തെ കാര്‍ന്നെടുക്കും ?

Sunday, May 15, 2022
Reported By admin

മെയ് അവസാനത്തോടെ രൂപയുടെ മൂല്യം 78 കടന്നേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

 

ഡോളറിനെതിരെ തകര്‍ന്ന് ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് മൂല്യമിടിവ് നേരിടുകയാണ് ഇന്ത്യന്‍ രൂപ.തിങ്കളാഴ്ച ഡോളറിനെതിരെ 77.50 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മെയ് അവസാനത്തോടെ രൂപയുടെ മൂല്യം 78 കടന്നേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ തുടര്‍ച്ചയായി വിറ്റഴിക്കുന്നതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ആഭ്യന്തര പണപ്പെരുപ്പം ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.പലിശ നിരക്കുകള്‍ ഉയരുന്നതോടെ, പണപ്പെരുപ്പം ഇനിയും ഉയരും, ഇത് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തെ കൂടുതല്‍ തളര്‍ത്തിയേക്കാം.അതേസമയം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ മൂല്യം ഉയരും. വിദേശത്ത് നിന്ന് ബന്ധുക്കള്‍ പണമയക്കുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ പണം കൈയില്‍ കിട്ടും. 

രൂപയുടെ മൂല്യം ഇടിയുന്നതോടെ വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന് ചെലവേറും. ഉന്നത വിദ്യാഭ്യാസത്തിനായി ഡോളറില്‍ തുക അടയ്ക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് തിരിച്ചടിയാകും. ഉയര്‍ന്ന വിനിമയ നിരക്ക് ബജറ്റിനെ ബാധിച്ചേക്കും. ഇപ്പോള്‍ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടെങ്കില്‍, ചെലവേറും.ഡോളറുമായി ബന്ധമുള്ള ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ കൂടുതല്‍ രൂപ ചെലവഴിക്കേണ്ടിവരും. ഇറക്കുമതി ചെയ്ത ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ചെലവ് ഉയരും. ഫലത്തില്‍ ജീവിതച്ചെലവ് ഉയരും. ഡീസല്‍, പെട്രോള്‍, പാചക വാതക വില വര്‍ധന ഇപ്പോള്‍ തന്നെ തിരിച്ചടിയാണ്. ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ ഇനിയും ഇവയുടെ വില ഉയരും.

ഗതാഗതച്ചെലവ് വര്‍ദ്ധിക്കുന്നതോടെ, ദൈനംദിന വീട്ടുചെലവുകള്‍ ഉയരും. ഗതാഗതച്ചെലവ് വര്‍ദ്ധിക്കുന്നതിനാല്‍ സാധനങ്ങളുടെ വില ഉയര്‍ത്തും. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും വില ഉയരും. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവി, സോളാര്‍ പാനലുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരും
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.