Sections

കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാൻ വിപുലമായ പദ്ധതികൾ

Sunday, Feb 05, 2023
Reported By admin
kerala

നഗരവത്കരണ തോത് ഉയർന്ന സംസ്ഥാനമാണ് കേരളം


കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്ള വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ. 2040-ഓടെ കേരളത്തെ സമ്പൂർണ പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ 2023 ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.

ക്ലീൻ എനർജിയ്ക്കായി കേരളം

ക്ലീൻ എനർജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുളളത്. ഇതിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. പ്രാരംഭ നടപടികൾക്കായി 20 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പരിസ്ഥിതി സൗഹൃദ വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ ഗ്രീൻ ഹൈഡ്രജന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ദീർഘദൂര വാഹനങ്ങളിലും, കപ്പലുകളിലും ഹൈഡ്രജൻ ഇന്ധനം പ്രയോജനപ്പെടുത്തുന്നതിലൂടെ കാർബൺ ബഹിർഗമനം വലിയ തോതിൽ കുറയുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2050-ഓടെ സമ്പൂർണ്ണ കാർബൺ ന്യൂട്രൽ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഊർജ്ജമേഖലയ്ക്ക് ഉണർവ്വ്

ഊർജ്ജ മേഖലയ്ക്കായി 1,158 കോടിയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വിവിധ സോളാർ പദ്ധതികൾക്കായി 10 കോടി അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 7.98 കോടി നൽകുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്. സ്വകാര്യ വ്യവസായ പാർക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി രൂപയും, കൊച്ചി - പാലക്കാട് - ബെംഗളൂരു ഇടനാഴിക്കായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാനും പദ്ധതിയുണ്ട്. ഇതിനായി 200 കോടിയാണ് വകയിരുത്തിയത്. നഗരവത്കരണ തോത് ഉയർന്ന സംസ്ഥാനമാണ് കേരളം. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാൻ കമ്മീഷൻ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. നഗരങ്ങളുടെ സൗന്ദര്യവൽകരണത്തിന് പ്രാഥമിക ചിലവിലേക്കായി 300 കോടിയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.