Sections

ട്വിറ്ററിൽ വിസർജ്ജ്യ ഇമോജി; ഇലോൺ മസ്‌കിന് രൂക്ഷ വിമർശനം

Tuesday, Mar 21, 2023
Reported By admin
twitter

വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്


ട്വിറ്ററിന്റെ പ്രസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുന്ന മാധ്യമപ്രവർത്തകരെ പൂപ്പ് ഇമോജി ഉപയോഗിച്ച് സ്വാഗതം ചെയ്യുമെന്ന് ഇലോൺ മസ്ക്. കമ്പനിയുടെ പുതിയ ഓട്ടോമാററിക് സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇലോൺ മസ്ക് ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 'press@twitter.com now auto responds with (emoji),' എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.

പുതിയ റിപ്ലെ സിസ്റ്റത്തെക്കുറിച്ച് കമന്റുകളുമായി നിരവധി ട്വിറ്റർ ഉപയോക്താക്കൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സ്ക്രീൻഷോട്ട് സഹിതമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ വാർത്താവിഭാഗത്തിലേക്ക് ഇമെയിൽ ചെയ്ത ഉടൻ തന്നെ തനിക്ക് ഇമോജി സഹിതമുള്ള സന്ദേശം ലഭിച്ചതായി ട്വിറ്റർ ഉപയോകതാവ് കമന്റ് ചെയ്തു. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. ഇത് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിന് തലവേദനയാകുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇലോൺ മസ്കിന്റെ പൂപ്പ് ഇമോജി സഹിതമുള്ള ട്വീറ്റിനെ തമാശയായി കാണുന്നവരുമുണ്ട്.

44 ബില്യൺ ഡോളറിന്റെ ഇടപാടിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത്കൊണ്ടാണ് മസ്ക് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റ് വാങ്ങിയത്. അതിനുശേഷം സ്വതന്ത്ര പത്രപ്രവർത്തകൻ മാറ്റ് തായിബി ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് അഭിപ്രായസ്വാതന്ത്ര്യങ്ങൾക്കെതിരായ കടന്നുകയറ്റങ്ങളെക്കുറിച്ച് പറയാൻ പ്ലാറ്റ്ഫോമിൽ അവസരവും നൽകിയിരുന്നു.

എന്നാൽ ട്വിറ്റർ ഏറ്റെടുത്തിന് ശേഷം ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. നവംബറിൽ 3700 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ട്വിറ്റർ ഏറ്റെടുത്തതിനുശേഷം കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവുകളെ പിരിച്ചുവിടുന്നത് മുതൽ മുൻ ജീവനക്കാരുമായി സോഷ്യൽ മീഡിയ തർക്കങ്ങളിൽ ഏർപ്പെടുകയും, കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തതുൾപ്പെടെ മസ്കിന്റെ ഇടപെടലുകൾ നേരത്തെയും പലതവണ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.