- Trending Now:
ഓഹരിയില്‍ നിക്ഷേപിക്കുന്നവരില്‍ പലര്‍ക്കും അറിയാത്ത നിക്ഷേപ പദ്ധതിയാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ്(ഇടിഎഫ്). ഒരുകൂട്ടം ഓഹരികളിലാണ് ഇടിഎഫുകള്‍ നിക്ഷേപം നടത്തുന്നത്. നിഫ്റ്റി, സെന്‍സെക്സ് പോലുള്ള സൂചികകളെ അതേപടി പിന്തുടരുന്നവയുമാകും ഇവ. മ്യൂച്വല്‍ ഫണ്ട്-ഓഹരി എന്നിവയുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഇടിഎഫുകള്‍ എന്നുചരുക്കം.
2001ലാണ് രാജ്യത്ത് ഇടിഎഫ് അവതരിപ്പിച്ചതെങ്കിലും നിക്ഷേപക ശ്രദ്ധേനേടാന്‍ 2015വരെ കാത്തിരിക്കേണ്ടിവന്നു. അഞ്ചുവര്‍ഷത്തിനിടയില്‍ ഇടിഎഫുകള്‍ കൈകാര്യംചെയ്യുന്ന ആസ്തിയില്‍ 75ശതമാനം വാര്‍ഷിക വളര്‍ച്ചനേടി. 2016 ഫെബ്രുവരിയിലെ 17,600 കോടി രൂപയില്‍നിന്ന് 2021 ഫെബ്രുവരി ആയപ്പോള്‍ 2.87 ലക്ഷംകോടി രൂപയായി ആസ്തി ഉയര്‍ന്നു.
രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ ഇക്വിറ്റി, ഡെറ്റ്, ഗോള്‍ഡ് എന്നീ മൂന്ന് വ്യത്യസ്ത ക്ലാസുകളിലായി 100 ഇടിഎഫുകള്‍ ഉണ്ട്. 78 സ്‌കീമുകളിലായി 2.48 ലക്ഷംകോടി രൂപ കൈകാര്യം ചെയ്യുന്ന ഇക്വിറ്റി ഇടിഎഫുകളാണ് അതില്‍ മുന്നില്‍. 12 ഡെറ്റ് ഇടിഎഫുകളിലായി 33,700 കോടിയിലേറയും 10 ഗോള്‍ഡ് ഇടിഎഫുകളിലായി 14,000 കോടി രൂപയുമാണ് മൊത്തം ആസ്തിയുള്ളത്.
എന്തുകൊണ്ട് ഇടിഎഫ്?
ലളിതമായി കൈകാര്യംചെയ്യുന്നു: ഒരു നിശ്ചിത സൂചികയെ പിന്തുടരുന്നവയാകും ഇടിഎഫുകള്‍. അതുകൊണ്ടുതന്നെ ആ സൂചികയിലെ ഉയര്‍ച്ചയും താഴ്ചയും അതേ വിഭാഗത്തിലെ ഇടിഎഫില്‍ പ്രതിഫലിക്കും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷയുള്ളവരാണെങ്കില്‍ സെന്‍സെക്സ്, നിഫ്റ്റി ഇടിഎഫുകളില്‍ നിക്ഷേപിക്കാം.
കുറഞ്ഞ ചെലവ്: സജീവമായി കൈകാര്യംചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ഫണ്ട് പരിപാലനചെലവായി നിക്ഷേപകരില്‍നിന്ന് ഈടാക്കുക. അടിസ്ഥാന സൂചികയോടൊപ്പം നീങ്ങുന്നതിനാല്‍ സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിലേതുപോലുള്ള ഇടപെടല്‍ ഇവിടെ ആവശ്യമായിവരുന്നില്ല. അതുകൊണ്ടാണ് ഫണ്ട് മാനേജുമെന്റ് ചാര്‍ജിനത്തില്‍ കുറഞ്ഞതുക ഇടിഎഫുകളില്‍ ഈടാക്കുന്നത്.
വൈവിധ്യത്കരണം: ഓഹരികളില്‍ നേരിട്ട് നിക്ഷേപിച്ചാല്‍ കൃത്യമായി എങ്ങനെ വൈവിധ്യവത്കരണം സാധ്യമാകും? ഏതൊക്കെ സെക്ടറുകളിലെ ഏതൊക്കെ ഓഹരികളില്‍ നിക്ഷേപിക്കണമെന്ന് കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ? അതിന് പരിഹാരമാണ് ഇടിഎഫുകള്‍. കുറഞ്ഞ നിക്ഷേപതുകയില്‍പോലും സൂക്ഷ്മമായി പരമാവധി വൈവിധ്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫുകള്‍ നല്‍കുന്നത്.
സുതാര്യത: നിക്ഷേപിച്ചിട്ടുള്ള ഇടിഎഫിന്റെ മൂല്യം തത്സമയം അറിയാന്‍ കഴിയും. അതിലൂടെ ആദായം എത്രയെന്ന് കണ്ടെത്താം. നിക്ഷേപ പോര്‍ട്ട്ഫോളിയോ അടിസ്ഥാന സൂചികയ്ക്ക് സമാനമായതിനാല്‍ ഏതൊക്കെ ഓഹരികളിലാണ് നിക്ഷേപമെന്ന് വിലയിരുത്താനുംകഴിയും.
ആര്‍ക്കാണ് അനുയോജ്യം?
രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് ദീര്‍ഘകാലയളവില്‍ മികച്ചനേട്ടം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇടിഎഫില്‍ നിക്ഷേപംനടത്താം. മൂലധനനേട്ടം പരമാവധി സ്വന്തമാക്കുന്നതിനുള്ള ലളിതമായ നിക്ഷേപ പദ്ധതിയാണിത്. ഓഹരി പോര്‍ട്ട്ഫോളിയോ കൈകാര്യംചെയ്യുന്നതിന് വേണ്ടത്ര സമയമില്ലെങ്കില്‍ ഇടിഎഫ് പരിഹാരമാണ്.
നിങ്ങള്‍ പുതിയ നിക്ഷേപകനോ ഓഹരികളെക്കുറിച്ചോ മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചോ കാര്യമായ ധാരണയില്ലാത്തയാളോ ആണെങ്കില്‍ ഇടിഎഫുകളില്‍നിന്ന് തുടങ്ങുന്നത് ഗുണംചെയ്യും. പരിചയസമ്പന്നനായ നിക്ഷേപകനാണെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ ഒരുഭാഗം ഇടിഎഫില്‍ നിക്ഷേപിക്കുന്നത് മികച്ച വൈവിധ്യവത്കരണത്തിന് സഹായിക്കുകയുംചെയ്യും. പ്രതിമാസം നിശ്ചിതതുക എസ്ഐപിയായി നിക്ഷേപിക്കുന്നരീതി പിന്തുടരുക.
എങ്ങനെ നിക്ഷേപിക്കും?
എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍(ഇടിഎഫ്)നിക്ഷേപിക്കുന്നതിന് ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. അതേസമയം, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനാകട്ടെ ഈ അക്കൗണ്ടുകള്‍ ആവശ്യമില്ല. ഇവ ഇല്ലാത്തവര്‍ക്ക് ഇടിഫില്‍ നിക്ഷേപംനടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലോ(എഫ്ഒഎഫ്)ഇന്‍ഡക്സ് ഫണ്ടുകളിലോ നിക്ഷേപം നടത്താവുന്നതാണ്.
കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.