Sections

ഈ പിഴവുകളാല്‍ നിങ്ങളുടെ ഇ-ശ്രം കാര്‍ഡ് അപേക്ഷ റദ്ദാക്കപ്പെട്ടേക്കാം

Tuesday, Apr 05, 2022
Reported By admin
eshram

ഈ സ്‌കീമിന് കീഴില്‍ ഒരു ഇ-ശ്രം കാര്‍ഡ് പ്രദാനം ചെയ്ത് ഇതിലൂടെ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നു


വിവിധ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. അതായത്, രാജ്യത്തെ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഇ-ശ്രം കാര്‍ഡ് പദ്ധതിയാണ് ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു സേവനം.

ഈ സ്‌കീമിന് കീഴില്‍ ഒരു ഇ-ശ്രം കാര്‍ഡ് പ്രദാനം ചെയ്ത് ഇതിലൂടെ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇ-ശ്രം പദ്ധതിയിലൂടെ പ്രതിമാസം 500 രൂപ ഇന്‍സ്റ്റാള്‍മെന്റ്, 2 ലക്ഷം വരെയുള്ള ഇന്‍ഷുറന്‍സ്, വീട് പണിയുന്നതിനുള്ള സഹായം തുടങ്ങി നിരവധി സൗകര്യങ്ങളും നല്‍കുന്നു.

നിരവധി ആളുകളാണ് ഇ- ശ്രാം കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനായി അപേക്ഷിച്ചതിന് ശേഷവും ചില കാരണങ്ങളാല്‍ നിങ്ങളുടെ ഇ-ശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതിലെ മാനദണ്ഡങ്ങളില്‍ നിങ്ങള്‍ വരുത്തുന്ന നിസ്സാര പിഴവുകള്‍ മതി രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടാന്‍. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രധാനമായും ഇത്തരത്തില്‍ നാല് തെറ്റുകളായിരിക്കും വരുത്തുന്നത്. ഇത് ഏതൊക്കെയെന്ന് മനസിലാക്കാം.

ഇ- ശ്രാം കാര്‍ഡില്‍ വരുത്തുന്ന നാല് തെറ്റുകള്‍ 

രേഖകള്‍ കൃത്യതയോടെ

ഇ-ശ്രം കാര്‍ഡിന് രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍, നിങ്ങളുടെ രേഖകളില്‍ പൂര്‍ണ ശ്രദ്ധ നല്‍കണം. നിങ്ങള്‍ തെറ്റായ രേഖകള്‍ അപ്ലോഡ് ചെയ്തിട്ടില്ലെങ്കിലും, അബദ്ധത്തില്‍ ഏതെങ്കിലും രേഖകള്‍ വിട്ടുപോകാന്‍ പാടില്ല. ഇങ്ങനെ വന്നാല്‍ നിങ്ങളുടെ ഇ-ശ്രാം കാര്‍ഡ് രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടേക്കാം.

സംഘടിത മേഖലയിലെ ജോലിക്കാരന്‍ ആകരുത് 

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഈ കാര്‍ഡിന്റെ സൗകര്യം ലഭിക്കൂ എന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍, പിഎഫ് പോലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നവരോ, സംഘടിത മേഖലയിലെ ജീവനക്കാരോ ആണെങ്കില്‍ പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ടേക്കാം.

സര്‍ക്കാര്‍ പെന്‍ഷന്‍ ഉപഭോക്താവ് ആകരുത്

ഇതിനകം ഏതെങ്കിലും സര്‍ക്കാര്‍ സ്‌കീമിന്റെ പ്രയോജനം നേടുന്നവരാണ് നിങ്ങളെങ്കില്‍ ഇ- ശ്രാം പ്രയോജനപ്പെടുത്താനാകില്ല. ഒരു സര്‍ക്കാര്‍ പെന്‍ഷന്‍കാരനാണെങ്കില്‍, നിങ്ങളുടെ ഇ-ശ്രം കാര്‍ഡിന്റെ രജിസ്‌ട്രേഷന്‍ നിരസിക്കപ്പെട്ടേക്കാം.

മറ്റ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവര്‍

ഇ-ശ്രം കാര്‍ഡ് സ്‌കീമിന് പുറമേ, തൊഴില്‍ മന്ത്രാലയം വേറെയും ഒട്ടനവധി പദ്ധതികള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തി തൊഴില്‍ മന്ത്രാലയത്തിന്റെ ഏതെങ്കിലും പദ്ധതി പ്രയോജനപ്പെടുത്തുകയും അതോടൊപ്പം ഇ-ശ്രം കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുകയുമാണെങ്കില്‍, അത് നിങ്ങളുടെ അപേക്ഷ നിരാകരിക്കുന്നതിന് കാരണമാകും. 

ഇ- ശ്രാം കാര്‍ഡ് ആര്‍ക്കൊക്കെ ലഭിക്കുന്നു? 

പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്‍മാര്‍ , ആയമാര്‍, വീടുകളില്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നവര്‍, പപ്പടം, കേക്ക് പോലുള്ള ചെറുകിടമേഖലയിലെ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ബാര്‍ബര്‍മാര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ഉറപ്പായും ലഭിക്കും.

കൂടാതെ വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യ തൊഴിലാളികളും, വില്‍പ്പനക്കാരും, മൃഗങ്ങളെ വളര്‍ത്തുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, ആശാരിമാര്‍, ഹെല്‍പ്പര്‍മാര്‍, ഹെഡ് ലോഡ് വര്‍ക്കര്‍മാര്‍, ഓട്ടോറിക്ഷ, ബസ്, ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവയിലെ ഡ്രൈവര്‍മാരും, ക്ലീനര്‍മാരും, നെയ്ത്തുകാര്‍, തുകല്‍ തൊഴിലാളികള്‍, പച്ചക്കറി-പഴം കച്ചവടക്കാര്‍, ബീഡി തൊഴിലാളികള്‍ എന്നിവര്‍ക്കും ഇതില്‍ ഭാഗമാകാം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.