Sections

കുടുംബശ്രീ ഓണവിപണിയിൽ സംസ്ഥാനതലത്തിൽ ഏറ്റവുമധികം വിറ്റുവരവ് നേടി എറണാകുളം ജില്ല

Saturday, Sep 02, 2023
Reported By Admin
Kudumbashree

കുടുംബശ്രീ ഓണവിപണിയിൽ സംസ്ഥാനതലത്തിൽ ഏറ്റവുമധികം വിറ്റുവരവ് നേടി എറണാകുളം ജില്ല മുന്നിൽ. ആകെ 3.30 കോടി രൂപയുടെ വിറ്റുവരവ് നേടിയാണ് ജില്ല ഒന്നാമത്തെത്തിയത്. എറണാകുളം ജില്ലയിൽ ഈ വർഷം ഓണം വിപണന മേളയോട് അനുബന്ധിച്ച് 102 സി.ഡി.എസ് തല ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്. കൂടാതെ ജില്ലാ തലത്തിൽ രണ്ട് ഉൽപ്പന്ന വിപണന മേളയും മൂന്ന് ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. 2400 സംരംഭക യൂണിറ്റുകളും 1600 ജെ.എൽ.ജി യൂണിറ്റുകളും 16 കഫെ യൂണിറ്റുകളും വിപണന മേളയിൽ പങ്കെടുത്തു.

വിവിധ തരം പായസങ്ങളും ഉപ്പേരിയും ശർക്കരവരട്ടിയും ആയിരുന്നു ഓണ വിപണന മേളകളിലെ താരങ്ങൾ. കുടുംബശ്രീ സംരംഭകരുടെ, മായമില്ലാത്ത നാടൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് പല മേളകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ചില മേളകൾ രാത്രി വൈകിയും നീണ്ടു. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ മുൻകൂർ ഓർഡർ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 102 സി.ഡി.എസുകളിൽ 98 സി.ഡി.എസുകളിലും വിവിധ തുകകളുടെ കൂപ്പണുകളും ഏർപ്പെടുത്തി.

എല്ലാ വർഷവും കുടുംബശ്രീ സി.ഡി.എസ് തലത്തിൽ ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നു. കുടുംബശ്രീ സംരംഭകരുടെയും പച്ചക്കറി കൃഷി ചെയ്യുന്ന ജെ.എൽ.ജി യൂണിറ്റുകളുടെയും വലിയ സാധ്യത ആണ് ഓണ വിപണി. മുഴുവൻ സംരംഭങ്ങൾക്കും ജെ.എൽ.ജി യൂണിറ്റുകൾക്കും വലിയ വിപണിയാണ് കുടുംബശ്രീ തുറന്ന് നൽകുന്നത്.

സിഡിഎസ് ചെയർപേഴ്സന്മാർ, സി.ഡി.എസ് ഭരണ സമിതി അംഗങ്ങൾ, മെമ്പർ സെക്രട്ടറി, അക്കൗണ്ടന്റ്, എം.ഇ.സിമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ഉദ്യോഗസ്ഥ സംവിധാനം എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തന ഫലമായാണ് ഇത്തരത്തിൽ മുന്നേറാൻ ജില്ലയെ സഹായിച്ചത് എന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ റ്റി.എം. റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ അമ്പിളി തങ്കപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ. അരുൺ എന്നിവർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.