Sections

വേനൽ മഴയും പകർച്ചവ്യാധി പ്രതിരോധവും

Wednesday, May 22, 2024
Reported By Soumya
Epidemic resistance in Summer rains season

വേനലിലെ ചാറ്റൽ മഴ കൊണ്ടാൽ പോലും ജലദോഷവും തലവേദനയും പനിയുമുണ്ടാകുന്നു. അന്തരീക്ഷ താപനിലയിൽ പെട്ടെന്ന് ഉണ്ടാകുന്ന വ്യതിയാനം പലപ്പോഴും ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസ്, ബാക്ടീരിയ വാഹികളായ പ്രാണികൾ എന്നിവയിലൂടെയെല്ലാം രോഗങ്ങൾ പടരാനുള്ളസാധ്യത കൂടുതലാണ്. മഴ കൂടുന്തോറും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വർധിക്കാനുള്ള സാഹചര്യവുമുണ്ടാകും. അതിനാൽ വീടിനു ചുറ്റും കൊതുവളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്.

  • വയറിളക്ക രോഗങ്ങൾ നിർജ്ജലീകരണത്തിനും അതുവഴി ലവണ നഷ്ടം ഉണ്ടാകുന്നതിനും ഇടയാക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയും ഭക്ഷണ സാധനങ്ങൾ നന്നായി പാകം ചെയ്ത് അടച്ചുസൂക്ഷിക്കുകയും ചെയ്യുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ അകറ്റി നിറുത്താം. വയറിളക്കമുണ്ടായാൽ നിർജലീകരണം തടയാനായി ഒ.ആർ.എസ് ലായനി, കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ രോഗിക്ക് നൽകണം.
  • ഡെങ്കിപ്പനി: ഈഡിസ് ഈജ്പിറ്റി കൊതുകുകൾ പരത്തുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകൾ മുട്ടയിട്ടു വളരുന്നത്. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്ത് അങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാനും സാധ്യതയുണ്ട്. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കണം.
  • എലിപ്പനി: രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്ജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. പനി, പേശി വേദന (കാൽ വണ്ണയിലെ പേശികളിൽ) തലവേദന, വയറ് വേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ നൽകണം. ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും.
  • കെട്ടി നിൽക്കുന്ന ശുദ്ധജലത്തിൽ പെരുകുന്ന ഈഡിസ് കൊതുകുകളാണ് ചിക്കൻ ഗുനിയ പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന പനി,ത്വക്കിൽ ഉണ്ടാകുന്ന പാടുകൾ,സന്ധി വേദന,പ്രത്യേകിച്ചും കൈകാലുകളിലെ ചെറിയമുട്ടുകളുടെ വേദന, നടുവേദന, തുടങ്ങിയവയാണ് ചിക്കുൻ ഗുനിയയുടെ ലക്ഷണങ്ങൾ.
  • മലമ്പനി: പെട്ടെന്നുണ്ടാകുന്ന പനി, അതികഠിനമായ വിറയലും കുളിരും,അസഹ്യമായ ശരീരവേദനയും തലവേദനയും, തുടർന്ന് അതികഠിനമായ പനി, രോഗിക്ക് ചുട്ടുപൊള്ളുന്ന അവസ്ഥ എന്നിവ ഉണ്ടാക്കുന്നു.
  • പനി,കഠിനമായ തലവേദന,ഛർദ്ദി,കഴുത്ത് കുനിക്കാൻ സാധിക്കാത്ത അവസ്ഥ,നിർജലീകരണം,തളർച്ച തുടങ്ങിയവയാണ് ജപ്പാൻ ജ്വരത്തിന്റെ ലക്ഷണങ്ങൾ.
  • രോഗികളുടെ വിസർജ്യവസ്തുക്കൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണ് ടൈഫോയിഡ്. ഇടവിട്ട പനി,വിശപ്പിലായ്മ,വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

കൊതുകിനെ തുരത്താം, രോഗങ്ങൾ തടയാം

  • വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പാത്രം, കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കൂടുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയുക.
  • വെള്ളം കെട്ടിനിന്നു കൊതുക് പെരുകുന്നതിനുള്ള സാഹചര്യങ്ങൾ കണ്ടുപിടിച്ച് ഒഴുക്കിക്കളഞ്ഞ് ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക.
  • കൊതുക് വംശവർധനവ് നടത്താൻ സാധ്യതയുള്ള ജലാശയങ്ങളിലും വാട്ടർടാങ്കുകളിലും കൂത്താടി ഭോജികളായ ഗംബൂസിയ, ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക.
  • റബ്ബർ ടാപ്പിങ് ഇല്ലാത്ത അവസരങ്ങളിൽ ചിരട്ടകൾ കമഴ്ത്തി വെക്കുക.
  • കൊതുകുകടിയേൽക്കാതെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
  • മലിനജലത്തിൽ മുഖം കഴുകയോ കുളിക്കുകയോ കളിക്കുകയോ ചെയ്യരുത്.
  • ചപ്പുചവറുകൾ ഓടയിൽ വലിച്ചെറിഞ്ഞ് മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
  • ആരോഗ്യപ്രവർത്തകരുടെ കൊതുകുനശീകരണ പ്രവർത്തനങ്ങളുമായി സഹകരിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.