- Trending Now:
ന്യൂ ഡൽഹി: കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര തൊഴിൽ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വകുപ്പ് സഹമന്ത്രി സുശ്രീ ശോഭ കരന്ദ്ലാജെ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് ഇപിഎഫ്ഒ, ന്യൂഡൽഹിയിൽ 15 പൊതു/സ്വകാര്യ മേഖലാ ബാങ്കുകളുമായി കരാറുകളിൽ ഏർപ്പെട്ടു. പുതുതായി എംപാനൽ ചെയ്ത 15 ബാങ്കുകൾ ഏകദേശം 12,000 കോടി രൂപയുടെ വാർഷിക സമാഹാരണം സാധ്യമാക്കും.ഇത് ഈ ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ള തൊഴിലുടമകൾക്ക് ഇ പി എഫ് ഓ സംവിധാനത്തിലേക്ക് നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കും. ഇ പി എഫ് ഓ നിയമത്തിന് കീഴിൽ വരുന്ന തൊഴിലുടമകൾക്ക് പ്രതിമാസവിഹിതം അടയ്ക്കാൻ കഴിയുന്ന വിധം, ഇപിഎഫ്ഒ ഇതിനകം 17 ബാങ്കുകളെ എംപാനൽ ചെയ്തിട്ടുണ്ട്. ഇതോടെ എംപാനൽ ചെയ്ത ബാങ്കുകളുടെ ആകെ എണ്ണം 32 ആയി.
'നവഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതിയിൽ, രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇപിഎഫ്ഒ പോലുള്ള സ്ഥാപനങ്ങൾക്ക് ഗണ്യമായ സ്വാധീനം ഉള്ളതായി കേന്ദ്ര തൊഴിൽ, ഉദ്യോഗ, യുവജന, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഏകദേശം 8 കോടി സജീവ അംഗങ്ങളും 78 ലക്ഷത്തിലധികം പെൻഷൻകാരുമുള്ള ഇപിഎഫ്ഒ ദശലക്ഷക്കണക്കിന് പേർക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലെയിം സെറ്റിൽമെന്റുകൾ ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് സഹായകരമായ വിധത്തിൽ സമീപകാലത്ത് ആവിഷ്കരിച്ച കരുത്തുറ്റ ഐടി സംവിധാനമായ ഇപിഎഫ്ഒ 2.01 പോലുള്ള സംരംഭങ്ങളിലൂടെ ഇപിഎഫ്ഒ നിരന്തരം ആവശ്യകതകൾക്കനുസരിച്ച് വികസിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ, ഇപിഎഫ്ഒ 6 കോടിയിലധികം ക്ലെയിമുകൾ തീർപ്പാക്കി റെക്കോർഡ് സൃഷ്ടിച്ചു. മുൻ വർഷം (2023-24) തീർപ്പാക്കിയ 4.45 കോടി ക്ലെയിമുകളെ അപേക്ഷിച്ച് 35% വർദ്ധനയാണിത്.
ഉപഭോക്തൃ സംതൃപ്തി ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും, ബാങ്കുകളെപ്പോലെ തന്നെ ഇപിഎഫ്ഒ ഇടപാടുകളും സുഗമവും കാര്യക്ഷമവുമാക്കുന്നതിനായി ഇപിഎഫ്ഒ 3.0-ലേക്ക് പരിണമിക്കുന്നതിനായി ഇപിഎഫ്ഒ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. മാണ്ഡവ്യ ചൂണ്ടിക്കാട്ടി. കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സംവിധാനം നിലവിൽ വന്നതോടെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തുടനീളമുള്ള ഏത് ബാങ്ക് അക്കൗണ്ടിലൂടെയും പെൻഷൻ സ്വീകരിക്കാൻ ഈ സംവിധാനം വിരമിച്ച അംഗങ്ങളെ പ്രാപ്തരാക്കും. മുമ്പ്, പെൻഷൻകാർക്ക് ഒരു പ്രത്യേക ബാങ്കിന്റെ പ്രാദേശിക അക്കൗണ്ട് ഉണ്ടായിരിക്കണം എന്ന് നിബന്ധന ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ നിബന്ധന നീക്കം ചെയ്തിരിക്കുന്നു,' കേന്ദ്ര മന്ത്രി വിശദീകരിച്ചു.
ഇപിഎഫ്ഒ അതിന്റെ ഗുണഭോക്താക്കൾക്ക് 8.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിൽ കേന്ദ്ര മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സേവന വിതരണത്തിൽ ഈ ബാങ്കുകളുടെ പങ്കാളിത്തം ഇഎഫ്എഫ്ഒയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഭരണരീതി മെച്ചപ്പെടുത്തുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ സ്ഥാപനങ്ങളിലൊന്നായ ഇപിഎഫ്ഒ, അംഗങ്ങളുടെയും തൊഴിലുടമകളുടെയും അതിന്റെ സംവിധാനവുമായുള്ള ഇടപാട് പ്രക്രിയകൾ ലളിതമാക്കുന്നതിനും സുഗമമാക്കുന്നതിനും നിരവധി ശ്രമങ്ങൾ നടത്തിവരികയാണ്. 24-25 സാമ്പത്തിക വർഷത്തിൽ, തൊഴിലുടമകൾ 1.25 കോടി ഇലക്ട്രോണിക് ചലാൻ കം റിട്ടേണുകൾ (ഇസിആർ) വഴി സമർപ്പിച്ച വിഹിതമായി ഇ പി എഫ് ഒ 3.41 ലക്ഷം കോടി രൂപ സമാഹരിച്ചു (2025 മാർച്ച് 20 വരെ ).
പുതിയ ബാങ്കുകളെ ഉൾപ്പെടുത്തിയത് തൊഴിലുടമകൾക്ക് ഇപിഎഫ്ഒ വിഹിതവും കുടിശ്ശികകളും സുഗമമായി അടയ്ക്കുന്നത് സാധ്യമാക്കും.ഇത് തൊഴിലുടമകൾക്ക് അഗ്രഗേറ്റർ പേയ്മെന്റ് സംവിധാനത്തിന്റെ ആവശ്യകത കുറയ്ക്കും. കൂടാതെ ഇടപാടുകൾക്കുള്ള കാലതാമസം കുറയ്ക്കുന്നതിനും അതുവഴി പ്രവർത്തന കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനും ഇപിഎഫ്ഒയെയും തൊഴിലുടമകളെയും സഹായിക്കും. എംപാനൽ ചെയ്യാത്ത ബാങ്കുകളിൽ അക്കൗണ്ടുള്ള അംഗങ്ങളുടെ പേര് സാധൂകരിക്കുന്നതിന് നൽകേണ്ട ചെലവുകളും ഇത് ഗണ്യമായി കുറയ്ക്കും. ഇപിഎഫ് അംഗങ്ങൾക്കും ഈ എംപാനൽമെന്റ് വലിയ തോതിൽ പ്രയോജനപ്പെടും. ഇപ്പോൾ അംഗങ്ങൾ ഈ ബാങ്കുകളിൽ ഉള്ള അവരുടെ അക്കൗണ്ടുകൾ സീഡ് ചെയ്യുമ്പോൾ, ഈ ബാങ്കുകൾ ഇവ വേഗത്തിൽ പരിശോധിച്ചു സ്ഥിരീകരിക്കും.
ഈ സംരംഭം, തൊഴിലുടമകളുടെ ബിസിനസ് നടപടികളും സേവനം നൽകുന്നതിനുള്ള നടപടികളും സുഗമമാക്കും. ഇ പി എഫ് ഒ അംഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയും അവരുടെ പേയ്മെന്റുകളിലെ കാലതാമസം കുറയ്ക്കുകയും ചെയ്യും. കൂടാതെ, കുടിശ്ശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾക്കായി ഈ ബാങ്കുകളുമായി നേരിട്ട് സംവദിക്കാനും ഇത് തൊഴിലുടമകളെ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.